അമരമ്പലം, കരുളായി പഞ്ചായത്തുകളിലെ ഇതര സംസ്ഥാന തൊഴിലാളികളില്‍ മലേറിയ കണ്ടെത്തി

പൂക്കോട്ടുംപാടം: അമരമ്പലം, കരുളായി ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍ രണ്ടുപേര്‍ക്ക് മലേറിയ ലക്ഷണങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം കരുളായി ചെട്ടിയില്‍നിന്ന് പനി ബാധിച്ച് സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടിയ പശ്ചിമ ബംഗാള്‍ സ്വദേശിയിലാണ് മലേറിയ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ചെട്ടിയിലെത്തി 30 പേരുടെ രക്ത പരിശോധന നടത്തി വരികയാണ്. ഇതിനു മുമ്പ് പൂക്കോട്ടുംപാടത്ത് താമസിക്കുന്ന അസം സ്വദേശിയായ തൊഴിലാളിക്ക് മലേറിയ ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇവിടെ ഒമ്പത് പേരാണ് താമസിക്കുന്നത്. രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന്‍ അമരമ്പലം, കരുളായി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി രോഗികളെ പരിശോധന നടത്തി തുടര്‍ചികിത്സ നടത്തി വരികയാണ്. നാഡികളെയും കരളിനെയും ബാധിക്കുന്ന വിഭാഗത്തില്‍പ്പെട്ട മലേറിയയാണ് ഇവരില്‍ കണ്ടെത്തിയത്. അസം, ബിഹാര്‍, ഝാര്‍ഖണ്ഡ്, ബംഗാള്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ ഒരു മുറിക്കകത്ത് അഞ്ചും പത്തും പേരാണ് താമസിക്കുന്നത്. ശുചിത്വമില്ലായ്മയും പരിസര മലിനീകരണവും കാരണം പകര്‍ച്ചവ്യാധി പടരാൻ ഇടയാക്കുന്നുണ്ട്. എന്നാല്‍ ഇത്തരം പ്രദേശങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെയോ അധികൃതരുടെയോ പരിശോധനകളും നടക്കുന്നില്ല. നിര്‍മാര്‍ജ്ജനം ചെയ്ത പല രോഗങ്ങളും തിരിച്ചു വരുന്നത് പരിസരവാസികളിലും ആശങ്ക ഉളവാക്കുന്നുണ്ട്. വനമേഖലയായതിനാല്‍ രോഗം പടര്‍ന്നുപിടിച്ചാല്‍ നിയന്ത്രണാതീതമാക്കാനും ഏറെ പ്രയാസം നേരിടേണ്ടി വരും. അതിനാല്‍ അധികൃതരില്‍ നിന്നും കര്‍ശന നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. --
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.