പരാതിയിൽ മുങ്ങി ലൈഫ് മിഷൻ പദ്ധതി കരട് പട്ടികയിൽ രണ്ടായിരത്തിലേറെ പേർ പുറത്ത്

കരുവാരകുണ്ട്: ലൈഫ് മിഷൻ പദ്ധതി ഗുണഭോക്തൃ പട്ടികയുടെ കരട് അംഗീകരിക്കാൻ ചേർന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗത്തിൽ കോൺഗ്രസ് അംഗങ്ങളുടെ വിയോജനവും ഇറങ്ങിപ്പോക്കും. കരട് പട്ടിക അപാകതകൾ തിരുത്താതെ അംഗീകരിക്കരുതെന്ന ആവശ്യത്തെ പ്രസിഡൻറും സി.പി.എം അംഗങ്ങളും എതിർത്തതോടെയാണ് കോൺഗ്രസി​െൻറ ഏഴ് അംഗങ്ങൾ വിയോജനക്കുറിപ്പ് എഴുതി നൽകി യോഗത്തിൽനിന്ന് ഇറങ്ങിപ്പോന്നത്. കുടുംബശ്രീ പ്രവർത്തകർ സർവേ നടത്തി തയാറാക്കിയ ഭവനരഹിതരുടെ പട്ടികയിൽ വ്യാപക തെറ്റുകളുണ്ടെന്ന് പരാതി ഉയർന്നിരുന്നു. ഭൂമിയും വീടും ഇല്ലാത്തവർ, വീടില്ലാത്തവർ, വീട് വാസയോഗ്യമല്ലാത്തവർ എന്നീ വിഭാഗങ്ങളിലായി 2,560 കുടുംബങ്ങളാണ് പട്ടികയിലുള്ളത്. ഇതിൽനിന്ന് 400 കുടുംബങ്ങൾ മാത്രമാണ് ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് ലഭിക്കാൻ അർഹരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ബാക്കി രണ്ടായിരത്തിലേറെ കുടുംബങ്ങൾ പല കാരണങ്ങളാൽ പുറത്തായി. ആദ്യം കരട് പട്ടിക അംഗീകരിക്കുകയും പിന്നീട് ഉപസമിതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തി അനർഹരെ ഒഴിവാക്കിയും അർഹരെ ഉൾപ്പെടുത്തിയും പട്ടിക കുറ്റമറ്റതാക്കാമെന്നുമാണ് സർക്കാർ നിലപാട്. എന്നാൽ, റേഷൻ കാർഡ് വിഷയത്തിലേതെന്ന പോലെ ഇക്കാര്യത്തിലും കരട് പട്ടിക അംഗീകരിക്കണമെന്ന സർക്കാർ നിർദേശം തള്ളണമെന്നാണ് കോൺഗ്രസ് ആവശ്യം. റേഷൻ കാർഡി​െൻറ കരട് ഗ്രാമസഭകളിൽ വെച്ചപ്പോൾ അപാകതകൾ തിരുത്തിയ ശേഷമേ അന്തിമ റേഷൻ കാർഡുകൾ വിതരണം ചെയ്യാവൂ എന്ന് ഗ്രാമസഭകൾ ഐകകണ്ഠ്യേന തീരുമാനിക്കുകയും ഇക്കാര്യം മിനിറ്റ്സിൽ രേഖപ്പെടുത്തുകയും ചെയ്ത ശേഷമാണ് അംഗീകരിച്ചത്. എന്നാൽ, കാർഡ് വന്നത് കരട് പട്ടിക പ്രകാരം തന്നെയായിരുന്നു. ഈ വഞ്ചന ഇനി ആവർത്തിക്കാൻ കൂട്ടു നിൽക്കില്ലെന്നാണ് കോൺഗ്രസ് അംഗങ്ങൾ പറയുന്നത്. സ്വന്തമായി റേഷൻ കാർഡില്ലാത്തത് അയോഗ്യതയാണ്. എന്നാൽ, 2013ന് ശേഷം പുതിയ റേഷൻ കാർഡുകൾ ആർക്കും നൽകിയിട്ടില്ല. ഒരു കാർഡിൽ തന്നെ രണ്ടും മൂന്നും കുടുംബങ്ങൾ അർഹരായി ഉണ്ടെങ്കിൽ പോലും ഒരു കുടുംബത്തെ മാത്രമേ പരിഗണിക്കൂ. ഈ നിബന്ധനയിൽ നൂറു കണക്കിന് കുടുംബങ്ങളാണ് പട്ടികക്ക് പുറത്തായത്. വിവാദമായ സാഹചര്യത്തിൽ വെള്ളിയാഴ്ച വീണ്ടും ബോർഡ് യോഗം ചേരാനാണ് തീരുമാനം. എന്നാൽ, കോൺഗ്രസ് നിലപാട് മാറ്റില്ല. മുസ്ലിം ലീഗിലെ ചിലരും കോൺഗ്രസ് നിലപാടിനൊപ്പമാണെന്നറിയുന്നു. പട്ടികയിൽനിന്ന് പുറത്താവുന്നവരുടെ മുന്നിൽൽ തങ്ങൾ കുറ്റക്കാരാവുമോ എന്ന ആശങ്കയും വാർഡ് അംഗങ്ങൾക്കുണ്ട്. സർക്കാർ പദ്ധതി എന്ന നിലയിൽ സി.പി.എം അംഗങ്ങൾ മാത്രമാണ് പട്ടിക അംഗീകരിക്കുക എന്ന പക്ഷത്തുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.