നഴ്സിങ് സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകാൻ ഐ.എൻ.സിക്ക് അധികാരമില്ല –കർണാടക ൈഹകോടതി

നഴ്സിങ് സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകാൻ ഐ.എൻ.സിക്ക് അധികാരമില്ല –കർണാടക ൈഹകോടതി ബംഗളൂരു: രാജ്യത്തെ നഴ്സിങ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകാനുള്ള ഇന്ത്യൻ നഴ്സിങ് കൗൺസിലി​െൻറ (ഐ.എൻ.സി) അധികാരത്തെ ചോദ്യംചെയ്ത് കർണാടക ഹൈകോടതി. നഴ്സിങ് കോളജുകൾക്ക് അംഗീകാരം നൽകാനുള്ള അധികാരം ഐ.എൻ.സിക്കില്ലെന്ന് കോടതി വ്യക്തമാക്കി. നഴ്സിങ് കോളജുകൾക്ക് ഐ.എൻ.സിയുടെ അംഗീകാരം ഉണ്ടായിരിക്കണമെന്ന അറിയിപ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിനെയും കോടതി വിലക്കി. കർണാടകയിലെ നഴ്സിങ് കോളജുകളുടെ അംഗീകാരം എടുത്തുകളഞ്ഞ ഐ.എൻ.സിയുടെ നടപടിക്കെതിരെ നഴ്സിങ് മാനേജ്മ​െൻറുകൾ നൽകിയ ഹരജിയിലാണ് ഉത്തരവ്. നഴ്സിങ് കോളജുകളുടെ അംഗീകാരം എടുത്തുകളഞ്ഞത് മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് വിദ്യാർഥികളെയാണ് ആശങ്കയിലാക്കിയത്. സംസ്ഥാനത്തെ നഴ്സിങ് കോളജുകൾക്ക് കർണാടക നഴ്സിങ് കൗൺസിലി​െൻറയും രാജീവ് ഗാന്ധി മെഡിക്കൽ സർവകലാശാലയുടെയും അംഗീകാരം മാത്രം മതിയെന്ന സർക്കാർ ഉത്തരവിനെ തുടർന്നാണ് മുഴുവൻ നഴ്സിങ് കോളജുകളുടെയും അംഗീകാരം ഐ.എൻ.സി എടുത്തുകളഞ്ഞത്. ഇതോടെ സംസ്ഥാനത്ത് പഠിക്കുന്ന വിദ്യാർഥികളുടെ ഭാവിപഠനവും തൊഴിൽസാധ്യതകളുമാണ് തുലാസ്സിലായത്. ഐ.എൻ.സിയുടെ അംഗീകാരമില്ലാതായതോടെ കോളജുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികളുടെ എണ്ണവും കുറഞ്ഞു. കോളജുകളുടെ വെബ്സൈറ്റിൽനിന്ന് കഴിഞ്ഞമാസം അഞ്ചു മുതലാണ് ഐ.എൻ.സി അംഗീകാരം ഉണ്ടെന്ന അറിയിപ്പ് അപ്രത്യക്ഷമായത്. സംസ്ഥാനത്ത് 438 നഴ്സിങ് കോളജുകളാണുള്ളത്. നഴ്സിങ് കൗൺസിലി​െൻറ കണക്കനുസരിച്ച് വിദ്യാർഥികളിൽ 70 ശതമാനവും ഇതരസംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. ഇതിൽ നല്ലൊരു ഭാഗം മലയാളികളും. മുൻ സുപ്രീംകോടതി, ഹൈകോടതി വിധികളുടെ അടിസ്ഥാനത്തിൽ നഴ്സിങ് സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകാൻ ഐ.എൻ.സിക്ക് അധികാരമില്ലെന്ന് മാനേജ്മ​െൻറ് അസോസിയേഷൻ കോടതിയെ അറിയിച്ചു. സംസ്ഥാന സർക്കാറും അതത് സർവകലാശാലകളുമാണ് സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകേണ്ടതെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇത് ശരിവെച്ചാണ് ജസ്റ്റിസ് എൽ. നാരായണ സ്വാമി ഉത്തരവിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.