നീർക്കിളികളുടെ കലപില ഓർമയാവുമോ; മഴു വീഴുന്നതും കാത്ത് ചേറ്റിപ്പുറമാട്ടെ ചീനിമരം

വേങ്ങര: മലപ്പുറം-പരപ്പനങ്ങാടി റോഡിൽ ചേറ്റിപ്പുറമാട് പാതയോരം ചേർന്നുനിൽക്കുന്ന ചീനിമരത്തിൽ കൂടുകൂട്ടിയ നീർക്കിളികളുടെ ആവാസം ഭീഷണിയിൽ. കിളിശല്യം കാരണം ചീനിമരം മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമായി. കാലങ്ങളായി ചീനിമരത്തിലും സമീപത്തുള്ള കാഞ്ഞിരമരത്തിലും അനേകം നീർക്കിളികൾ കൂടുകൂട്ടാറുണ്ട്. നീർക്കിളികളുടെ ആവാസവ്യവസ്ഥയുടെ പ്രതീകം കൂടിയാണ് ജനവാസ കേന്ദ്രത്തിലെ ഈ പക്ഷിക്കൂടുകൾ. തെക്കുഭാഗത്ത് വലിയോറ ചാലിയും അതോടനുബന്ധിച്ച പാടവും വടക്ക് വേങ്ങര, കൂറ്റൂർ പാടങ്ങളും കടലുണ്ടിപ്പുഴയും ഉൾക്കൊണ്ട ആവാസവ്യവസ്ഥയാണ് ഇത്രയും കിളികൾ ഇവിടെ സംഗമിക്കാൻ കാരണം. വെള്ളത്തിൽ മുങ്ങാംകുഴിയിട്ട് ഇരപിടിക്കുന്ന കറുത്ത എരണ്ടകൾ, പുറത്ത് ചാരനിറമുള്ള കൊളക്കൊക്ക്, വെറും വെള്ളക്കാരായ ചിന്നമുണ്ടി, ദേശാടനക്കിളികളുടെ ഗണത്തിൽപ്പെടുത്താവുന്ന ചെറുമുണ്ടി, കാലികളോട് കൂട്ടുകൂടി നടക്കുന്ന കാലിമുണ്ടി തുടങ്ങി അപൂർവ പക്ഷികളുടെ ആവാസ കേന്ദ്രമാണിവിടം. ഇവ ഉപേക്ഷിക്കുന്ന കൂടുകൾ മറ്റു വിഭാഗത്തിൽ പെട്ട പക്ഷികൾ ഉപയോഗപ്പെടുത്താറുമുണ്ട്. നീർക്കിളികൾ അടയിരിക്കുന്ന കാലം ജൂൺ അവസാനത്തോടെ തീരുമെങ്കിലും കാലാവസ്ഥ, ജലലഭ്യത തുടങ്ങിയ കാരണങ്ങളാൽ നീളാറുമുണ്ട്. എട്ടു മാസത്തോളം പ്രജനനകാലത്തും മറ്റുമായി കിളികളുടെ താമസം പരിസരത്തെ കെട്ടിടത്തിലെ കച്ചവടക്കാർക്കും താമസക്കാർക്കും ശല്യമാവുന്നെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇവയുടെ വിസർജനം കാരണം റോഡുകൾ വെളുക്കാറുണ്ടെന്നും താഴെയുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിലെത്തുന്നവരുടെ വസ്ത്രവും ശരീരവും വൃത്തികേടാവാറുണ്ടെന്നും നാട്ടുകാർ പരാതിപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ചിലർ മരം മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയത്. നടപടി സ്വീകരിച്ച് മരങ്ങൾ മുറിച്ചു മാറ്റിയാൽ റോഡരികിലെ തണലിനു പുറമെ നീർക്കിളികളുടെ വാസസ്ഥലവും നഷ്ടമാവും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.