യുവാക്കളുടെ അപകടക്കുളി; ദുരന്തം കാത്ത് ന്യൂക്കട്ട്

തിരൂരങ്ങാടി: ഒരു സുരക്ഷ ക്രമീകരണവുമില്ലാതെ പുഴയിലെ ശക്തമായ ഒഴുക്കിലിറങ്ങിയുള്ള കുളി അപകടഭീതിയുയർത്തുന്നു. പാലത്തിങ്ങൽ കീരനല്ലൂർ ന്യൂക്കട്ട് പാറയിലാണ് യുവാക്കൾ ശക്തമായ ഒഴുക്കിൽ കുളിക്കാനിറങ്ങുന്നത്. മഴ ശക്തമായതോടെ പാറയിൽ ഭാഗത്ത് പുഴയിൽ ഒഴുക്കും ശക്തമായിട്ടുണ്ട്. വെഞ്ചാലികാപ്പ്, നന്നമ്പ്ര മോര്യകാപ്പ്, കടലുണ്ടിപ്പുഴ എന്നിവിടങ്ങളിൽനിന്നുള്ള വെള്ളം പാറയിൽ വഴി പൂരപ്പുഴയിലൂടെയാണ് കടലിലെത്തുന്നത്. മൂർച്ചയേറിയ പാറക്കൂട്ടങ്ങളും പാറയിടുക്കുകളുമുള്ള ഈ ഭാഗത്ത് ഒഴുക്ക് ശക്തമായ സമയത്തും പുഴയിലിറങ്ങുന്നതും കുളിക്കുന്നതും ഏറെ അപകടകരമാണ്. എന്നാൽ, പുഴയിലിറങ്ങുന്നവർ അപകടസാധ്യത ഗൗനിക്കാറില്ല. നേരത്തേ ന്യൂക്കട്ട് ഭാഗത്ത് പലരും അപകടത്തിൽപെട്ടിട്ടുണ്ട്. കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ട് മരിച്ച സംഭവവുമുണ്ടായിട്ടുണ്ട്. ന്യൂക്കട്ട് കനാലിൽ നിന്നുള്ള വെള്ളച്ചാട്ടവും പച്ചപ്പും പ്രകൃതിഭംഗിയൊരുക്കുന്നതിനാൽ ടൂറിസം മേഖലയായി പ്രഖ്യാപിക്കപ്പെട്ട ഈ പ്രേദശത്ത് നിരവധി വിനോദ സഞ്ചാരികളെത്തുന്നുണ്ട്. ഇവരാണ് പലപ്പോഴും അപകടം വിളിച്ചുവരുത്തുന്നത്. പുഴയുടെ സ്വഭാവം അറിയാതെയാണ് യുവാക്കൾ പാറക്കെട്ടിലേക്ക് എടുത്തുചാടുന്നത്. സ്‌കൂൾ വിദ്യാർഥികളുൾപ്പെടെ നീന്തലറിയുന്നവരും അറിയാത്തവരും പുഴയിലിറങ്ങുന്നത് പതിവു കാഴ്ചയാണ്. ഇത് വിലക്കാനോ ഇവിടെ സുരക്ഷ സംവിധാനങ്ങളൊരുക്കാനോ ബന്ധപ്പെട്ടവർ തയാറാവുന്നില്ലെന്നും ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.