കവർച്ച ശ്രമത്തിനിടെ ആയുധങ്ങളുമായി മൂന്നുപേർ പിടിയിൽ

താനൂർ: കവർച്ച ശ്രമത്തിനിടെ ആയുധങ്ങളുമായി മൂന്നുപേർ പൊലീസ് പിടിയിൽ. വയനാട് വൈത്തിരി സ്വദേശി രാജേഷ്, താനൂർ അട്ടത്തോട് സ്വദേശി റഫീഖ്, തിരൂർ കടുങ്ങാത്തുകുണ്ട് സ്വദേശി മുബീനുൽ ഹഖ് എന്നിവരെയാണ് താനൂർ സി.ഐ സി. അലവിയും സംഘവും പിടികൂടിയത്. താനൂർ റെയിൽവേ സ്റ്റേഷൻ റോഡിലെ മദീന ജ്വല്ലറിക്ക് സമീപം ശനിയാഴ്ച രാത്രി പന്ത്രണ്ടോടെ സംശയാസ്പദ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നാണ് ഇവരെ പിടികൂടിയത്. ജ്വല്ലറിക്ക് സമീപം നടത്തിയ പരിശോധനയിൽ ആയുധങ്ങൾ കണ്ടെടുത്തു. കോഴിക്കോട് ചേവായൂർ, കസബ, നടക്കാവ് എന്നീ പൊലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുണ്ട്. സി.സി.ടി.വി കാമറകൾ തകർത്തതിനു ശേഷം കടകൾ കുത്തിത്തുറന്ന് മോഷണം നടത്തുകയാണ് പതിവ്. വൻ കവർച്ച സംഘത്തിലെ കണ്ണികളെയാണ് പിടികൂടിയതെന്ന് താനൂർ സി.ഐ പറഞ്ഞു. എസ്.ഐ ആർ. രാജേന്ദ്രൻ നായർ, സലേഷ്, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. താനൂർ, കാട്ടിലങ്ങാടി തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ച് മോഷ്ടാക്കളുടെയും പിടിച്ചുപറിക്കാരുടെയും ശല്യം രൂക്ഷമാണെന്ന് പരാതി ശക്തമായിരുന്നു. ഇതേ തുടർന്നാണ് പൊലീസ് പട്രോളിങ് ശക്തമാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.