കർക്കടകത്തിലും നിള മെലിഞ്ഞുതന്നെ

ഒറ്റപ്പാലം: തോരാമഴയുടെ ഓർമകളിൽ മുങ്ങാംകൂളിയിടുന്ന കർക്കടകത്തിലും ഒറ്റപ്പാലത്തെ നിള മെലിഞ്ഞു തന്നെ. ജലസമൃദ്ധമാകേണ്ട പുഴയുടെ വിശാലതയിൽ തഴച്ചുവളർന്ന പൊന്തക്കാടുകൾക്കിടയിലൂടെ പ്രത്യക്ഷപ്പെട്ട നീരൊഴുക്കാണിന്ന് ഒറ്റപ്പാലത്തെ ഭാരതപ്പുഴ. നിള ഒഴുകുന്ന പ്രദേശങ്ങളിലെല്ലാം തടയണകൾ ഉയർന്നതോടെ പുഴ നിറഞ്ഞുകിടക്കുന്നുണ്ട്. അതെ സമയം ഒറ്റപ്പാലത്ത് ഇരുകരമുട്ടി പുഴയുടെ ഒഴുക്ക് നിലച്ചിട്ട് വർഷങ്ങളേറെയായി. സാമാന്യം ഭേദപ്പെട്ട മഴയിലും നിറയാത്ത പുഴയായി നിള മാറിയതിന് പിന്നിൽ പതിറ്റാണ്ടുകളോളം നീണ്ടുനിന്ന മണൽക്കൊള്ളയാണെന്ന് പരിസ്ഥിതിപ്രേമികൾ പറയുന്നു. അനിയന്ത്രിതമായ മണൽക്കൊള്ള പുഴയുടെ ജലസംഭരണ ശേഷി ചോർത്തിക്കളഞ്ഞു. പുഴയുടെ അടിത്തട്ടിലെ മണ്ണു തൊടുന്നതുവരെ മണൽ ചൂഷണം തുടർന്നതോടെ പൊന്തക്കാടുകളും സമൃദ്ധമായി. മായന്നൂർ പാലം യാഥാർഥ്യമാകുംവരെ മായന്നൂർ- ഒറ്റപ്പാലം യാത്രക്ക് ആളുകൾ ആശ്രയിച്ചിരുന്നത് മഴക്കാലത്ത് തോണികളെയാണ്. മഴയുള്ള പല ദിവസങ്ങളിലും കുത്തൊഴുക്ക് കാരണം തോണിയിറക്കാൻ പോലും കഴിഞ്ഞിരുന്നില്ല. 34 കിലോമീറ്ററോളം ചുറ്റിക്കറങ്ങിയാണ് അക്കാലങ്ങളിൽ തൊഴിലാളികളും കച്ചവടക്കാരും വിദ്യാർഥികളും ഒറ്റപ്പാലത്തും തിരിച്ചും ബസുകളിൽ സഞ്ചരിച്ചിരുന്നത്. എന്നാൽ മായന്നൂർ പാലം 2011 ജനുവരിയിലാണ് നാടിനുസമർപ്പിച്ചത്. ഇതിനുശേഷം ഒരിക്കൽപോലും പുഴ ജലസമൃദ്ധമായിട്ടില്ലെന്ന് തീരദേശ കുടുംബങ്ങൾ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.