​നിലമ്പൂര്‍ കൃഷിഭവന്‍ നിയന്ത്രിക്കുന്നത് ഉപജാപക സംഘമെന്ന് സി.പി.ഐ

നിലമ്പൂര്‍: നിലമ്പൂര്‍ കൃഷിഭവന്‍ നിയന്ത്രിക്കുന്നത് ഉപജാപക സംഘമെന്ന് സി.പി.ഐ നിലമ്പൂര്‍ ലോക്കല്‍ കമ്മിറ്റി ആരോപിച്ചു. കേരള സര്‍ക്കാറും കൃഷിവകുപ്പും ആവിഷ്‌കരിക്കുന്ന പദ്ധതികളില്‍ നിലമ്പൂർ കൃഷിഭവനിലെ ചില ഉദ്യോഗസ്ഥര്‍ സ്വന്തക്കാരെ തിരുകിക്കയറ്റുന്നതായി പരാതി ഉയരുന്നുണ്ട്. അര്‍ഹരായ കര്‍ഷകര്‍ക്ക് പരിശീലന പരിപാടികളിലും പഠന പരിപാടികളിലും സഹായ പദ്ധതികളിലും ഇടം പിടിക്കാന്‍ കഴിയുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷമായി നിലമ്പൂര്‍ കൃഷിഭവനില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ വിജിലന്‍സ് അന്വേഷിക്കണം. മിക്ക പദ്ധതികളും താഴെ തട്ടിലെത്തുന്നില്ല. മൂന്നോ നാലോ പേര്‍ അടങ്ങിയ ഉപജാപക സംഘമാണ് പദ്ധതികളില്‍ സ്വന്തക്കാരെ തിരുകിക്കയറ്റുന്നത്. കർഷക ക്ഷേമത്തിനായുള്ള പല പദ്ധതികളും ഇവിടെ നടപ്പാക്കുന്നില്ല. സ്വന്തക്കാരുടെ പേരില്‍ ലക്ഷക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങള്‍ ചില വ്യക്തികള്‍ എഴുതിയെടുത്തതായി വ്യാപക പരാതിയുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ലോക്കല്‍ സെക്രട്ടറി പി.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം അസി. സെക്രട്ടറി ടി.കെ. ഗിരീഷ് കുമാര്‍, സി.വി. അശോകന്‍, എം. മുജീബ് റഹ്മാന്‍, ഇ.കെ. ഷൗക്കത്തലി, ഇല്ലിക്കല്‍ അസീസ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.