മംഗലംകുന്ന് മേജർ കുടിവെള്ള പദ്ധതിയുടെ ജലസംഭരണി നിർമാണം തുടങ്ങി

പട്ടാമ്പി: ജനകീയ കൂട്ടായ്മയുടെ പ്രക്ഷോഭം ഫലം കണ്ടു. മംഗലംകുന്ന് മേജർ കുടിവെള്ള പദ്ധതിയുടെ ജലസംഭരണി പ്രവൃത്തി ആരംഭിച്ചു. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പരുതൂർ പഞ്ചായത്തിലെ മുടപ്പക്കാട് പ്രദേശത്തെ ചാഞ്ചേരിപ്പറമ്പ് പട്ടികജാതി കോളനി, മംഗലംകുന്ന്- ഷാപ്പുപറമ്പ്, പാതിരിക്കോട്, വെള്ളിയാംകല്ല് തുടങ്ങിയ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനാണ് 2011 വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി ജില്ല പഞ്ചായത്ത് മംഗലംകുന്ന് മേജർ കുടിവെള്ള പദ്ധതിക്ക് രൂപം കൊടുത്തത്. എന്നാൽ, ചാഞ്ചേരിപ്പറമ്പ് കോളനിയിലെ മൂന്നുതെങ്ങിൽ 10 ലക്ഷം രൂപ െചലവിൽ കിണർ കുഴിക്കലും മംഗലംകുന്ന് വരെ പൈപ്പ് ഇടലും മാത്രമാണ് പൂർത്തിയായത്. വർഷങ്ങൾ കഴിഞ്ഞിട്ടും തുടർ നടപടികളില്ലാതായപ്പോഴാണ് ജനകീയ കൂട്ടായ്മ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്. ചെയർമാൻ ചോലയിൽ വേലായുധ‍​െൻറ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ പട്ടാമ്പി ജലവിതരണ അതോറിറ്റി സബ് എൻജിനീയറുടെ ഓഫിസ് തുടർച്ചയായി രണ്ടുദിവസം ഉപരോധിച്ചതിനെ തുടർന്ന് നടന്ന ചർച്ചയിൽ അടിയന്തരമായി മൂന്നുതെങ്ങിലെ കിണറിൽനിന്ന് മോട്ടോർ സ്ഥാപിച്ച് താൽക്കാലികമായി കുടിവെള്ളമെത്തിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇതിനായി 2,20,000 രൂപ തൃത്താല കെ.എസ്.ഇ.ബി ഓഫിസിൽ കെട്ടിവെച്ച് വൈദ്യുതി കണക്ഷൻ നൽകിയെങ്കിലും കിണറിൽ വെള്ളമില്ലാത്തതിനാൽ ആനീക്കവും പാളി. പിന്നീട് ജനകീയ കൂട്ടായ്മ സംസ്ഥാന മനുഷ്യാവകാശ കമീഷന് നൽകിയ പരാതിയെ തുടർന്നാണ് അടിയന്തരമായി വെള്ളിയാംകല്ല് ജലസംഭരണിയിൽ ചെറിയ കിണർ കുഴിച്ച് ഗാലറി സ്ഥാപിച്ച് വെള്ളമെത്തിക്കാൻ നടപടിയായത്. അടിയന്തരമായി പദ്ധതി പൂർത്തിയാക്കാൻ ഷൊർണൂർ ജലവിതരണ അതോറിറ്റി എക്സി. എൻജിനീയർക്ക് മനുഷ്യാവകാശ കമീഷനംഗം കെ. മോഹൻകുമാർ നിർദേശം നൽകുകയും ജലസംഭരണി ഉടൻ നിർമാണമാരംഭിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതി​െൻറ അടിസ്ഥാനത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നതെന്ന് ജനകീയ കൂട്ടായ്മ ചെയർമാൻ ചോലയിൽ വേലായുധൻ മാധ്യമത്തോട് പറഞ്ഞു. 50,000 ലിറ്റർ സംഭരണ ശേഷിയുള്ള സംഭരണിയാണ് നിർമിക്കുന്നത്. പദ്ധതി ജലവിതരണ അതോറിറ്റിയുടെ കീഴിൽതന്നെ നിലനിർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.