പുതിയ റേഷൻ കാർഡിൽ സർവത്ര കുഴപ്പങ്ങൾ; ബി.പി.എൽ പട്ടികയിലുൾപ്പെട്ടവർക്ക് ലഭിച്ചത് എ.-പി.എൽ കാർഡുകൾ

പൊന്നാനി: ഭക്ഷ്യ ഭദ്രതാനിയമം നടപ്പായതിനു ശേഷം ഏറെ കൊട്ടിഘോഷിച്ച് വിതരണം ചെയ്ത റേഷൻ കാർഡുകളിൽ സർവത്ര അബദ്ധം. ഇത് സാധാരണക്കാർക്ക് കനത്ത ഇരുട്ടടിയായി. നേരെത്ത ബി.പി.എൽ പട്ടികയിൽ ഉൾപ്പെട്ടവരും ബി.പി.എൽ റേഷൻ കാർഡിന് അർഹരായവർക്കും ലഭിച്ചിരിക്കുന്നത് എ.പി.എൽ കാർഡുകളാണ്. ദിവസങ്ങളോളം വരിനിന്ന് വലഞ്ഞതിന് ശേഷം ലഭിച്ച റേഷൻ കാർഡുകളിലെ തെറ്റുതിരുത്താനുള്ള നെട്ടോട്ടത്തിലാണ് പലരും. കഴിഞ്ഞ ദിവസമാണ് പൊന്നാനി നഗരസഭയിലെ പുതിയ റേഷൻ കാർഡുകളുടെ വിതരണം പൂർത്തിയായത്. പൊന്നാനിയിൽ തൊഴിൽരഹിതനായ ഒരാളെ കേന്ദ്ര സർക്കാർ ജീവനക്കാരൻ എന്നാണ് തെറ്റായി രേഖപ്പെടുത്തിയിട്ടുള്ളത്. കൂടാതെ ഇവർക്ക് ലഭിച്ചതാകട്ടെ എ.പി.എൽ വിഭാഗത്തിൽ ഉൾപ്പെടുന്ന വെള്ള നിറത്തിലുള്ള കാർഡും. ഹൃദയ ശസ്ത്രക്രിയക്ക് ശേഷം കഴിഞ്ഞ ആറു വർഷമായി തൊഴിലെടുക്കാൻ കഴിയാത്ത പൊന്നാനി പള്ളപ്രം സ്വദേശിയുടെ റേഷൻ കാർഡിലെ വരുമാനം 2000 രൂപയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തൊഴിലുറപ്പിന് പോകുന്ന മാധവിയെ സർക്കാർ ഉദ്യോഗസ്ഥയായാണ് സപ്ലൈ വിഭാഗം പരിഗണിച്ചിരിക്കുന്നത്. ഇത്തരത്തിൽ അബദ്ധങ്ങളുടെ കൂമ്പാരമായി മാറിയിരിക്കുകയാണ് പുതിയ റേഷൻ കാർഡുകൾ. ബി.പി.എൽ കാർഡ് ഉണ്ടെങ്കിൽ മാത്രമേ സാധാരണക്കാർക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാകുമെന്നിരിക്കെ റേഷൻ കാർഡിലെ തെറ്റുകൾ സാധാരണക്കാരെ പ്രയാസത്തിലാക്കുകയാണ്. തെറ്റുകൾ തിരുത്തി പുതിയ റേഷൻ കാർഡ് എന്ന് ലഭിക്കുമെന്ന ആശങ്കയിലാണ് നൂറുകണക്കിന് കാർഡുടമകൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.