അംഗൻവാടി സാമൂഹികവിരുദ്ധർ തകർത്തു

വേങ്ങര: താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗൻവാടി സാമൂഹിക വിരുദ്ധർ അടിച്ചുതകർത്തു. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് എ.ആർ നഗർ കുന്നുംപുറം അങ്ങാടിക്കു സമീപത്തുള്ള അംഗൻവാടിയുടെ ഇറക്കിക്കെട്ടിയ മറയും ബോർഡും തകർത്തത്. നേരത്തേ എ.ആർ നഗർ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപം പ്രവർത്തിച്ചിരുന്ന 78ാം നമ്പർ കല്ലാട്ടുംതൊടിക അംഗൻവാടിയാണ് ഇപ്പോൾ ഷട്ടറിട്ട കടമുറിയിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ പ്രവേശനോത്സവ സമയത്താണ് വെൽഫെയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുറിക്ക് പുറത്ത് ടാർപോളിൻ ഉപയോഗിച്ച് മറ കെട്ടിയത്. കുട്ടികൾക്ക് മഴ കൊള്ളാതിരിക്കാനും സുരക്ഷിതത്വത്തിനും വേണ്ടി കെട്ടിയ ഈ ഷെഡാണ് സാമൂഹികവിരുദ്ധർ തകർത്തത്. ശബ്ദ കോലാഹലം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. തുടർന്ന് തിരൂരങ്ങാടി പൊലീസ് രാത്രിതന്നെ സ്ഥലത്തെത്തി. അതേ സമയം, പഞ്ചായത്ത് ഭരണസമിതി അംഗൻവാടി കെട്ടിടം തകര്‍ത്തതുമായി ബന്ധപ്പെട്ട് വേണ്ട രീതിയില്‍ പ്രതികരിച്ചില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. കുന്നുംപുറം പ്രാഥമികാരോഗ്യ കേന്ദ്രം വളപ്പിൽ അംഗൻവാടി കെട്ടിടം പണിയാൻ ജില്ല കലക്ടറും ജില്ല മെഡിക്കൽ ഓഫിസറും രണ്ടുതവണ അനുമതി നൽകിയെങ്കിലും നടപ്പാക്കുന്നതിന് ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. കെട്ടിടം ആക്രമണവുമായി ബന്ധപ്പെട്ട് പലതവണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറിനെയും സ്ഥിരംസമിതി ചെയർമാനെയും വിവരമറിയിച്ചെങ്കിലും സാമൂഹിക വിരുദ്ധര്‍ക്കെതിരെ നടപടിയെടുക്കാൻ സഹായകമായ നിലപാട് ഉണ്ടായില്ലെന്ന് പൊതുപ്രവർത്തകര്‍ പറയുന്നു. അതേസമയം, ആശുപത്രിയിലായതുകൊണ്ടാണ് സ്ഥലം സന്ദര്‍ശിക്കാന്‍ കഴിയാതിരുന്നതെന്നും അംഗൻവാടി കെട്ടിടം വാടക കെട്ടിടത്തിലേക്ക് മാറ്റുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നും എ.ആർ നഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുപ്പേരി സുബൈദ പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി പനി ബാധിതനായി അവധിയിലാണ്. അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.