കാട്ടുപന്നി ആക്രമണം: മാളിയേക്കലില്‍ ഡി.എഫ്.ഒയുടെ സന്ദർശനം

പന്നികളെ കാടുകയറ്റാന്‍ ശക്തമായ നടപടി വേണമെന്ന് നാട്ടുകാർ കാളികാവ്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവ് മരിക്കുകയും ഓട്ടിസം ബാധിച്ച 18കാരനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത ചോക്കാട് പഞ്ചായത്തിലെ മാളിയേക്കലില്‍ സൗത്ത് ഡിവിഷന്‍ ഡി.എഫ്.ഒ എസ്. സണ്‍ സന്ദര്‍ശനം നടത്തി. ശനിയാഴ്ച വൈകുന്നേരം ആറോടെയാണ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ കെ.ജി. ബാലന്‍, ഫോറസ്റ്റര്‍ ശശി എന്നിവർക്കൊപ്പം ഡി.എഫ്.ഒ എത്തിയത്. മരിച്ച അണ്ടിക്കാടന്‍ അയ്യൂബി​െൻറ വീട്ടിലെത്തിയ സംഘം കുടുംബത്തെ ആശ്വസിപ്പിക്കുകയും തടിച്ചുകൂടിയ നാട്ടുകാരുടെ പരാതികള്‍ കേൾക്കുകയും ചെയ്തു. പന്നികളെ കാടുകയറ്റാന്‍ വനം അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രദേശത്തെത്തിയ പഞ്ചായത്ത് അംഗങ്ങളായ എം. അബ്ദുറഹ്മാന്‍, എന്‍.കെ. റസീന, മുന്‍പഞ്ചായത്ത് അംഗങ്ങളായ കുപ്പനത്ത് അലവി, എം.കെ. അബ്ദുല്‍ അസീസ് എന്നിവര്‍ ആവശ്യപ്പെട്ടു. മാളിയേക്കലില്‍ വ്യാഴാഴ്ച പകല്‍ പന്നിയുടെ ആക്രമണത്തിനിരയായി കാലിന് പരിക്കേറ്റ മാളിയേക്കല്‍കുന്നിലെ മംഗലശ്ശേരി കുഞ്ഞിമുഹമ്മദി​െൻറ മകന്‍ ആസിദ് വീട്ടില്‍ അവശനിലയിലാണ്. കഴിഞ്ഞ ദിവസം പൂതനാലി അബുവിനെയും അക്രമിക്കാനെത്തിയിരുന്നു. മലവാരത്തില്‍ നിന്നിറങ്ങുന്ന പന്നികള്‍ പുഴകളുടെയും തോടുകളുടെയും സമീപത്തുള്ള കുറ്റിക്കാടുകളും ചില സ്വകാര്യ വ്യക്തികളുടെ ഒഴിഞ്ഞ പറമ്പുകളുമാണ് താവളമാക്കുന്നത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ പകൽ പോലും ആക്രമണമുണ്ടാകുന്നത് നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വിദ്യാർഥികൾ ഭീതിയോടെയാണ് സ്കൂളിലേക്കും മദ്റസയിലേക്കുമെല്ലാം പോകുന്നത്. പടം- മാളിയേക്കലില്‍ കാട്ടുപന്നി ആക്രമണം നടന്ന സ്ഥലം നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ സി. സണ്‍ സന്ദര്‍ശിക്കുന്നു side story കാട്ടുപന്നികൾ പെരുകാൻ കാരണം കുറുക്കന്മാരുടെ വംശനാശമെന്ന് കാളികാവ്: വനത്തില്‍ കുറുക്കന്മാർ ഇല്ലാതായതാണ് കാട്ടുപന്നികൾ പെരുകാന്‍ കാരണമെന്ന് നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ എസ്. സണ്‍. കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ മാളിയേക്കലിലെ അണ്ടിക്കാടന്‍ അയ്യൂബി​െൻറ വീട് സന്ദർശിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. കാട്ടുപന്നി ശല്യം ഉടൻ പരിഹരിക്കാൻ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു പ്രതികരണം. മുമ്പ് പെറ്റുവീഴുന്ന പന്നിക്കുഞ്ഞുങ്ങളെ കുറുക്കന്മാര്‍ ഭക്ഷിച്ചിരുന്നെന്നും കുറുക്കന്മാരുടെ വംശനാശമാണ് പന്നികള്‍ പെരുകാന്‍ ഇടയായതെന്നും അദ്ദേഹം പറഞ്ഞു. നാട്ടിലിറങ്ങിയ കാട്ടുപന്നികളെ കൈകാര്യം ചെയ്യാമോയെന്ന് നാട്ടുകാർ അേന്വഷിച്ചപ്പോൾ ആക്രമിക്കുമ്പോള്‍ പോലും വന്യമൃഗങ്ങളെ വെടിവെക്കാനോ കൊലപ്പെടുത്താേനാ നിയമത്തില്‍ പരിമിതികള്‍ ഉണ്ടെന്നായിരുന്നു മറുപടി. ഇതോടെ രോഷാകുലരായ ജനക്കൂട്ടത്തിന്, ജനവാസ മേഖലയിൽ തമ്പടിച്ച പന്നികളെ വനത്തിലേക്ക് കടത്തിവിടാൻ നടപടി സ്വീകരിക്കാമെന്ന് ഡി.എഫ്.ഒ ഉറപ്പു നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.