വിവരാവകാശ അപേക്ഷക്ക് പൊലീസിന്‍െറ പ്രതികാര മറുപടിയെന്ന് പരാതി

മലപ്പുറം: വിവരാവകാശ അപേക്ഷ നല്‍കിയതിന് വഴിയോര മത്സ്യക്കച്ചവടക്കാരനെ പൊലീസ് മര്‍ദിക്കുകയും കഞ്ചാവ് കേസില്‍ കുടുക്കുകയും ചെയ്തതായി പരാതി. എ.ഐ.ടി.യു.സി പ്രവര്‍ത്തകന്‍ താനൂര്‍ ചീരാന്‍കടപ്പുറത്തെ ഇ.പി. ഷിഹാബിനാണ് (34) മര്‍ദനമേറ്റത്. നവംബര്‍ 23ന് താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശിഹാബിനെ കഞ്ചാവ് കേസില്‍ പ്രതിയാക്കുകയും ചെയ്തതായി സംഘടന ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. സുഹൃത്തിന് കടം നല്‍കിയ പണം തിരിച്ചുവാങ്ങാന്‍ പോകുമ്പോഴാണ് 23ന് രാത്രി പൊലീസ് ഷിഹാബിനെ പിടികൂടിയത്. വിവരാവകാശമൊക്കെ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് സ്റ്റേഷനില്‍ കൊണ്ടുപോവുകയായിരുന്നുവെന്ന് ഷിഹാബ് പറയുന്നു. കണ്ണില്‍ മുളകുപൊടി തേച്ച് മര്‍ദിച്ചവശനാക്കി. സംഭവമറിഞ്ഞത്തെിയ കുടുംബത്തോടും പൊലീസുകാര്‍ മോശമായി പെരുമാറി. ജീവിതത്തിലൊരിക്കലും കഞ്ചാവ് ഉപയോഗിക്കുകയോ കൈവശം വെക്കുകയോ ചെയ്യാത്ത തനിക്കെതിരെ കേസും കെട്ടിച്ചമച്ചു. അരലക്ഷത്തിലധികം രൂപയും എ.ടി.എം കാര്‍ഡും മൊബൈല്‍ ഫോണും പൊലീസ് കൈക്കലാക്കിയതായും ഷിഹാബ് പറഞ്ഞു. വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കരുതെന്ന സുപ്രീംകോടതിയുടെ ഉത്തരവ് സംബന്ധിച്ച രേഖ തേടിയാണ് ഷിഹാബ് വിവരാവകാശം നല്‍കിയത്. സ്ഥിതിഗതികള്‍ സ്ഥലം എം.എല്‍.എയോട് സൂചിപ്പിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ളെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം കെ.പി. ബാലകൃഷ്ണന്‍, സി.പി.ഐ താനൂര്‍ മണ്ഡലം സെക്രട്ടറി എ.പി. സുബ്രഹ്മണ്യന്‍, സി.കെ. സലീം, കെ. അഷ്റഫ് എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.