ഫെയര്‍ ഫാക്സില്‍നിന്ന് 1000 കോടി മൂലധന നിക്ഷേപം സ്വീകരിക്കാന്‍ സന്നദ്ധത അറിയിച്ചതായി കാത്തലിക് സിറിയന്‍ ബാങ്ക്

കൊച്ചി: കനേഡിയന്‍ സാമ്പത്തിക സ്ഥാപനമായ ഫെയര്‍ ഫാക്സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്ങില്‍നിന്ന് 1000 കോടി രൂപ മൂലധന നിക്ഷേപം സ്വീകരിക്കാനുള്ള സന്നദ്ധത റിസര്‍വ് ബാങ്കിനെ അറിയിച്ചതായി കാത്തലിക് സിറിയന്‍ ബാങ്ക് ചെയര്‍മാന്‍ എസ്. സന്താനകൃഷ്ണനും നിയുക്ത ചെയര്‍മാന്‍ ടി.എസ്. അനന്തരാമനും അറിയിച്ചു. എന്നാല്‍, ഈ നിക്ഷേപത്തിന് പകരമായി എത്ര ശതമാനം ഓഹരികള്‍ നല്‍കുമെന്ന കാര്യത്തില്‍ ധാരണയായിട്ടില്ളെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബാങ്കിന്‍െറ പേരോ തൃശൂരില്‍നിന്ന് ആസ്ഥാനമോ മാറ്റില്ല. നിക്ഷേപം സ്വീകരിക്കല്‍ നീക്കത്തെ ഓഹരിയുടമയായ എം.എ. യൂസഫലി എതിര്‍ത്തുവെന്ന വാര്‍ത്ത ശരിയല്ല. തൃശൂര്‍ ബിഷപ്പും ഇതിനെ എതിര്‍ത്തിട്ടില്ല. മൂലധന നിക്ഷേപം ആവശ്യമുള്ള ദുര്‍ബല ബാങ്കുകളില്‍ വിദേശസ്ഥാപനങ്ങള്‍ക്ക് നിക്ഷേപ അനുമതി നല്‍കുന്നതിന് മുന്‍ ആര്‍.ബി.ഐ ചെയര്‍മാന്‍ രഘുറാം രാജനാണ് പദ്ധതി തയാറാക്കിയത്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ഫെയര്‍ ഫാക്സ് ഇന്ത്യന്‍ ബാങ്കുകളില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യം അറിയിച്ചത്. നിക്ഷേപം ആവശ്യമുള്ള ബാങ്കുകളുടെ പട്ടിക കൈമാറിയത് റിസര്‍വ് ബാങ്കാണ്. അതില്‍നിന്നാണ് അവര്‍ കാത്തലിക് സിറിയന്‍ ബാങ്കിനെ തെരഞ്ഞെടുത്തത്. 1000 കോടി രൂപ നിക്ഷേപിക്കാനുള്ള അവരുടെ പദ്ധതിയെപ്പറ്റി റിസര്‍വ് ബാങ്ക് തങ്ങളെ അറിയിച്ചു. ബംഗളൂരുവില്‍ പ്രത്യേക യോഗം ചേര്‍ന്ന് ഡയറക്ടര്‍ ബോര്‍ഡ് ഇതിന് അനുമതി നല്‍കുകയും ചെയ്തു. മൂലധന നിക്ഷേപം സംബന്ധിച്ച് പൂര്‍ണ ധാരണയായിക്കഴിഞ്ഞാല്‍ ഫെയര്‍ ഫാക്സും കാത്തലിക് സിറിയന്‍ ബാങ്കും പ്രത്യേകം പ്രത്യേകം ആസ്തിവിലയിരുത്തല്‍ സംഘത്തെ നിയോഗിക്കും. അവരുടെ റിപ്പോര്‍ട്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ച ശേഷം ഓഹരി ഉടമകള്‍ക്കും അയക്കും. അതിനുശേഷമേ എത്ര ശതമാനം ഓഹരി അനുവദിക്കണമെന്ന് തീരുമാനിക്കൂ. എത്ര ഓഹരിയുണ്ടെങ്കിലും 15 ശതമാനം വോട്ടവകാശമേ ഒരു നിക്ഷേപകന് ഉണ്ടാകൂ. അതിനാല്‍, ബാങ്കിന്‍െറ ഉടമസ്ഥാവകാശം കൈമാറുന്ന സ്ഥിതി ഉണ്ടാകില്ല. ഇങ്ങനെ ലഭിക്കുന്ന നിക്ഷേപം ബാങ്കിന്‍െറ വളര്‍ച്ചക്കാണ് ഉപയോഗിക്കുക. ബാങ്കിനെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്. വാര്‍ത്താസമ്മേളനത്തില്‍ ബാങ്കിന്‍െറ പുതിയ എം.ഡി സി.വി.ആര്‍. രാജേന്ദ്രനും സംബന്ധിച്ചു. നിലവിലെ ചെയര്‍മാന്‍ എസ്. സന്താനകൃഷ്ണന്‍െറ കാലാവധി ബുധനാഴ്ച അവസാനിച്ചു. അദ്ദേഹം ഡയറക്ടര്‍ ബോര്‍ഡ് അംഗമായി തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.