വൃക്കരോഗ പ്രതിരോധം: തദ്ദേശസ്​ഥാപന തലങ്ങളിൽ സൗകര്യങ്ങൾ വേണം

മലപ്പുറം: വ്യാപകമാവുന്ന വൃക്കരോഗം പ്രതിരോധിക്കാൻ തദ്ദേശസ്ഥാപനതലങ്ങളിൽ സൗകര്യമേർപ്പെടുത്തണമെന്നാവശ്യം. ജില്ലയിൽ ഒാരോ പഞ്ചായത്തിലും വൃക്ക മാറ്റിവെച്ചവരായി അഞ്ചിൽ കുറയാത്തവരും ഡയാലിസിസിന് വിധേയരാകുന്ന 15ഓളം രോഗികളുമുണ്ടെന്നാണ് കണക്ക്. വൃക്ക മാറ്റിവെച്ചവർ ബന്ധുക്കൾ നൽകിയ വൃക്ക സ്വീകരിച്ചവരോ സാമൂഹിക പങ്കാളിത്തത്തോടെ പിരിവെടുത്ത് മാറ്റിവെച്ചവരോ ആണ്. ഇവർ മാസം 5000 മുതൽ 20,000 രൂപ വരെ വിലയുള്ള മരുന്നുകൾ കഴിക്കുന്നുണ്ട്. ഡയാലിസിസ് ചെയ്യുന്നവർ ആഴ്ചയിൽ മൂന്നുവീതം 12 മുതൽ 15 വരെ ഡയാലിസിസ് മാസംതോറും ചെയ്യുന്നവരാണ്. ഒരു ഡയാലിസിസിന് യാത്രചെലവ് ഉൾപ്പെടെ 2000 രൂപയിൽ കൂടുതലും പ്രതിമാസം 25,000 രൂപയോളവും ചെലവ് വരും. വ്യാപകമാകുന്ന വൃക്കരോഗങ്ങളെ പ്രതിരോധിക്കാൻ ഫലപ്രദമായ മാർഗം തദ്ദേശസ്ഥാപന തലങ്ങളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തൽ മാത്രമാണ്. തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറിക്കിട്ടിയ ആരോഗ്യ കേന്ദ്രങ്ങൾ വഴി ഡയാലിസിസ് അടക്കമുള്ള സേവനങ്ങൾ ലഭ്യമാക്കാം. തദ്ദേശസ്ഥാപന ഫണ്ടോ പൊതുജനങ്ങളിൽനിന്ന് പിരിച്ചെടുത്ത ഫണ്ടോ ഉപയോഗിച്ച് പ്രവർത്തനങ്ങൾ നടത്താം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അനിവാര്യമായി നീക്കിവെക്കുന്ന ഫണ്ട് ഉപയോഗിച്ച് വൃക്കരോഗികൾക്ക് ആവശ്യമായ മരുന്നുകളും ഡയാലിസിസ് അനുബന്ധ വസ്തുക്കളും പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കാം. ഇൗ കാര്യങ്ങൾ വിശദമാക്കുന്ന മാതൃക മലപ്പുറം ഇനീഷ്യേറ്റിവ് ഇൻ പാലിയേറ്റിവ് കെയർ തദ്ദേശ സ്വയംഭരണ മന്ത്രിക്ക് നൽകിയിട്ടുണ്ട്. പഞ്ചായത്ത്, മുനിസിപ്പൽ തലങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ കിഡ്നി പേഷ്യൻറ്സ് വെൽഫെയർ സൊസൈറ്റി രണ്ടുവർഷം മുമ്പ് തീരുമാനമെടുത്തിരുന്നു. പഞ്ചായത്ത് പ്രസിഡൻറുമാരുടെ യോഗം വിളിക്കുകയും സൊസൈറ്റി രൂപവത്കരണത്തിന് ബൈലോയുടെ മാതൃക തയാറാക്കി നൽകുകയും ചെയ്തു. എന്നാൽ, ചുരുക്കം പഞ്ചായത്തുകൾ മാത്രമാണ് മുന്നോട്ടുവന്നത്. അത് പൂർണമായതുമില്ല. ജില്ലതലത്തിൽ കോടികൾ പിരിച്ചെടുത്ത് സഹായ സംവിധാനങ്ങളൊരുക്കുന്നത് ശ്രമകരമാണ്. ത്രിതല പഞ്ചായത്തുകൾക്ക് കിഡ്നി സൊസൈറ്റിക്ക് സംഭാവന നൽകാൻ അനുമതി ഉണ്ടെങ്കിലും ചുരുക്കം സ്ഥാപനങ്ങളേ സഹകരിക്കുന്നുള്ളൂ. ............................................ ജില്ലയിൽ വൃക്കരോഗികളുടെ എണ്ണം കൂടുന്നത് ആശങ്കജനകമാണ്. ശക്തമായ ബോധവത്കരണവും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കലും അനിവാര്യമാണ്. പഞ്ചായത്തുതലങ്ങളിൽ ഇവ ആരംഭിക്കണം. രോഗം വരാതിരിക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഇതോടൊപ്പം സ്ക്രീനിങ്ങും നടത്തണം. രോഗസാധ്യതയുള്ളവരെ നേരത്തെ കണ്ടെത്തിയാൽ ചികിത്സയിലൂടെ മാറ്റിയെടുക്കാനാകും. ഡോ. കെ. സക്കീന ജില്ല മെഡിക്കൽ ഒാഫിസർ ......................... പ്രാദേശിക തലത്തിൽ ഡയാലിസിസ് നടത്താൻ സഹായിക്കുന്ന പ്രവർത്തനങ്ങളും ജില്ലതലത്തിൽ വൃക്ക മാറ്റിവെച്ചവർക്ക് മരുന്ന് നൽകലും ഗവ. ആശുപത്രികളോടനുബന്ധിച്ച് ഡയാലിസിസ് യൂനിറ്റുകൾ സ്ഥാപിക്കലും എന്ന രീതിയിൽ വികേന്ദ്രീകരിച്ചാൽ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാം. പഞ്ചായത്ത്, മുനിസിപ്പാലിറ്റി തലങ്ങളിൽ വൃക്കരോഗികളെ സഹായിക്കുന്ന സൊസൈറ്റികൾ രൂപവത്കരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ മുന്നോട്ടുവരണം. പാലിയേറ്റിവ് സൊസൈറ്റികളും സന്നദ്ധ സംഘടനകളും ഇതിന് മുന്നിട്ടിറങ്ങണം. ഉമ്മർ അറക്കൽ ജനറൽ കൺവീനർ, കിഡ്നി പേഷ്യൻറ്സ് വെൽഫെയർ സൊസൈറ്റി ......................... വൃക്കരോഗികളുടെ എണ്ണം ഭയാനകമാംവിധം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കരുതലും ശ്രദ്ധയും ആവശ്യപ്പെടുന്നുണ്ട്‌ നമ്മുടെ പരിസരം. വളാഞ്ചേരിയിൽ ശിഹാബ്‌ തങ്ങൾ സ​െൻറർ ചാരിറ്റബ്‌ൾ ട്രസ്റ്റ് സംഘടിപ്പിച്ച വൃക്കരോഗ നിർണയ ക്യാമ്പിൽ പെങ്കടുത്ത 90 േപരിൽ‌ 21 പേർക്ക്‌ രോഗ ലക്ഷണങ്ങൾ കണ്ടെത്തി. 100ൽ രണ്ടിലധികം പേർക്ക്‌ എന്ന തോതിൽ വൃക്ക രോഗമുണ്ടെന്നതാണ്‌ ഈ കണക്ക് നൽകുന്ന അപായസൂചന. കൃത്യമായ പരിശോധനയും അതിനനുസരിച്ചുള്ള ജീവിതരീതിയും സ്വീകരിക്കുക മാത്രമാണ്‌ പോംവഴി. രോഗിയായതിന്‌ ശേഷമുള്ള ചികിത്സയേക്കാൾ പ്രധാനവും ഫലപ്രദവുമാണ്‌ രോഗിയാവാതിരിക്കാനുള്ള മുൻകരുതൽ. 'വൃക്കരോഗികളില്ലാത്ത നാട്'‌ എന്നതാവണം നമ്മുടെ ലക്ഷ്യം. സലാം വളാഞ്ചേരി കോ-ഓഡിനേറ്റർ ശിഹാബ്‌ തങ്ങൾ ഡയാലിസിസ്‌ സ​െൻറർ, വളാഞ്ചേരി ................................... ഫാസ്റ്റ്ഫുഡ് പോലെയുള്ള ഭക്ഷണ രീതികളാണ് യുവാക്കളെ വൃക്കരോഗത്തിലെത്തിക്കുന്നത്. ലഹരി പദാർഥങ്ങളിലൂടെ അർബുദത്തി​െൻറ വ്യാപനവും ജില്ലയെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. ജീവിതത്തിൽ ആവശ്യമായ മാറ്റങ്ങൾക്ക് തുടക്കമിടാനും രോഗത്തിലെത്തിപ്പെടുന്ന വഴികളിൽനിന്ന് അകലം പാലിക്കാനും നാം തയാറാവണം. കെ.വി.എം. മൻസൂർ പെരിമ്പലം ........................... രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ വരാതെ നോക്കുന്ന രീതിയിലേക്ക് പൊതുസമൂഹത്തെ ബോധവത്കരിക്കൽ അനിവാര്യമാണ്. അയൽക്കൂട്ടം, കുടുംബശ്രീ, ഗ്രാമസഭകൾ എന്നിവയെ ഇതിന് പ്രയോജനപ്പെടുത്തണം. വാർഡുകൾ തോറും വൃക്കരോഗ നിർണയ ക്യാമ്പുകൾ സംഘടിപ്പിക്കുക. ഇതിനായി സന്നദ്ധ സംഘടനകളെ ഉപയോഗപ്പെടുത്തുക. ജില്ല കിഡ്നി സൊസൈറ്റി മാതൃകയിൽ പഞ്ചായത്തുകളിൽ സൊസൈറ്റികൾ രൂപവത്കരിക്കുക. പ്രാദേശികമായി വിഭവ സമാഹരണത്തിന് ഊന്നൽ നൽകുക. സർക്കാർ ആശുപത്രികളിൽ ഡയാലിസിസ് കിറ്റ് വിതരണം നടത്തുക എന്നീ നിർദേശങ്ങൾ മുന്നോട്ടുവക്കുന്നു. വി.പി.എം. സ്വാലിഹ് ചെഗുവേര കൾച്ചറൽ ഫോറം .................................... ഡയാലിസിസ് യൂനിറ്റുകൾക്കും ചികിത്സക്കും വേണ്ടി ഒട്ടേറെ ധനസഹായങ്ങൾ ജില്ലയിലുണ്ടാവുന്നുണ്ട്. അതേസമയം, രോഗം പിടികൂടും മുമ്പ് പ്രതിരോധിക്കുന്നതിൽ പിന്നാക്കാവസ്ഥയുണ്ട്. രക്തപരിശോധന ക്യാമ്പുകളും മെഡിക്കൽ ക്യാമ്പുകളും ബോധവത്കരണ ശ്രമങ്ങളുമാണ് ഇതിനുള്ള മറുമരുന്ന്. ഭക്ഷണ സാക്ഷരതയും വ്യായാമ ബോധനവും നൽകുന്നതിൽ ജനകീയ പ്രസ്ഥാനങ്ങളും സന്നദ്ധ സംഘടനകളും മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു. ജമാൽ മുഹമ്മദ് സൽവ കെയർ ഹോം, പാണ്ടിക്കാട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.