താനൂരി‍െൻറ ദാഹം തീരുന്നു; സമഗ്ര കുടിവെള്ള പദ്ധതി നിർമാണോദ്ഘാടനം നാളെ

തിരൂർ: താനൂർ നിയോജക മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ തയാറാക്കിയ 100 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമാണോദ്ഘാടനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് താനൂർ എം.എൽ.എ വി. അബ്ദുറഹ്മാൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11ന് ചെറിയമുണ്ടം പഞ്ചായത്ത് ഓഫിസ് പരിസരത്താണ് പരിപാടി. താനൂർ നഗരസഭ, ചെറിയമുണ്ടം, പൊൻമുണ്ടം, താനാളൂർ, നിറമരുതൂർ പഞ്ചായത്തുകളിലേയും കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നതാണ് പദ്ധതി. തൃപ്രങ്ങോട് പഞ്ചായത്തിലെ കോളനിക്കടവിൽ ഭാരതപ്പുഴയിലാണ് കിണർ നിർമിക്കുന്നത്. ഇവിടെ നിന്ന് ചെറിയമുണ്ടത്തെ നരിയറക്കുന്നിലെ സംഭരണിയിലേക്ക് വെള്ളമെത്തിക്കും. 45 ദശലക്ഷം ലിറ്ററാണ് സംഭരണ ശേഷി. ഇത്രയും ജലം ഒരേ സമയം ശുദ്ധീകരിച്ച് വിതരണവും നടത്തും. സംഭരണി നിർമിക്കാൻ ഒന്നരയേക്കർ സ്ഥലം പഞ്ചായത്ത് വിട്ടുനൽകി. ഒന്നര വർഷത്തിനകം ആദ്യഘട്ടം പൂർത്തിയാകും. വിവിധ േകന്ദ്രങ്ങളിലായി മൂന്ന് സംഭരണികൾ നിർമിച്ചാകും വിതരണം. താനൂർ നഗരസഭയിലെ കുന്നുംപുറത്തും നിറമരുതൂരിലെ ഉണ്യാലിലും ഇതിന് സ്ഥലം കണ്ടെത്തി. താനൂരിൽ സ്ഥലമെടുപ്പ് അവശേഷിക്കുന്നുണ്ട്. 24 മണിക്കൂറും വെള്ളം ലഭ്യമാകും. 23 മണിക്കൂർ വെള്ളം പമ്പ് ചെയ്യാനുള്ള സംവിധാനം പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്. എക്കാലത്തും ജലലഭ്യത ഉറപ്പാക്കാനാണ് ഭാരതപ്പുഴയിൽ ചമ്രവട്ടം െറഗുലേറ്ററി‍​െൻറ സമീപത്ത് കിണർ നിർമിക്കുന്നത്. ഇതിന് തൃപ്രങ്ങോട് പഞ്ചായത്തും റവന്യൂ വകുപ്പും അനുമതി നൽകി. കിണറിൽ നിന്ന് പുറത്തൂർ, മംഗലം, വെട്ടം, തൃപ്രങ്ങോട് പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികളിലേക്ക് കൂടി വെള്ളം പമ്പ് ചെയ്യും. തലക്കാട്, തൃപ്രങ്ങോട് പഞ്ചായത്തുകളിലൂടെയാണ് പമ്പിങ് ലൈൻ ചെറിയമുണ്ടത്തെത്തുക. വാട്ടർ അതോറിറ്റിയാണ് നിർമാണത്തിന് നേതൃത്വം നൽകുക. ഒന്നര വർഷത്തിനകം ചെറിയമുണ്ടം, പൊൻമുണ്ടം, താനാളൂർ പഞ്ചായത്തുകളിൽ ജലവിതരണം ആരംഭിക്കും. കിഫ്ബിയിലുൾപ്പെടുത്തിയാണ് പദ്ധതിക്ക് തുക അനുവദിച്ചത്. പദ്ധതിക്ക് തുടക്കമിട്ടത് അബ്ദുറഹ്മാൻ രണ്ടത്താണിയെന്ന് യു.ഡി.എഫ് തിരൂർ: താനൂർ സമഗ്ര കുടിവെള്ള പദ്ധതിക്ക് തുടക്കമിട്ടത് മുൻ എം.എൽ.എ അബ്ദുറഹ്മാൻ രണ്ടത്താണിയാണെന്ന് താനൂർ നിയോജക മണ്ഡലം യു.ഡി.എഫ് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബജറ്റിൽ തുക വകയിരുത്തിയ പദ്ധതിയാണിതെന്നും മുസ്ലിം ലീഗ് നേതൃത്വത്തിൽ നടന്ന സമരങ്ങളെ തുടർന്നാണ് ഇടത് സർക്കാർ പദ്ധതിക്ക് തുക അനുവദിച്ചതെന്നും നേതാക്കൾ അവകാശപ്പെട്ടു. ഭാരതപ്പുഴയിൽ നിന്ന് വെള്ളമെടുക്കുന്നതിനെ എതിർക്കുന്ന നിലപാടാണ് സി.പി.എം കൈകൊണ്ടിരുന്നത്. പൂരപ്പുഴയിൽ കിണർ സ്ഥാപിക്കണമെന്നായിരുന്നു അന്നത്തെ ആവശ്യം. പദ്ധതിക്ക് വിശദ റിപ്പോർട്ട് തയാറാക്കിയതും നരിയറക്കുന്നിൽ ഭൂമി വിട്ടുനൽകാൻ ചെറിയമുണ്ടം പഞ്ചായത്ത് തീരുമാനിച്ചതും ജലസംഭരണികൾക്ക് സ്ഥലം അനുവദിച്ചതും യു.ഡി.എഫ് സർക്കാർ കാലയളവിലാണ്. മുൻകാലങ്ങളിൽ നടന്ന പ്രവർത്തനങ്ങളെ അംഗീകരിക്കുക എന്നത് രാഷ്ട്രീയ മാന്യതയാണ്. അത് പാലിക്കാതെ 60 വർഷമായുള്ള സ്വപ്നം തങ്ങളുടെ ശ്രമഫലമായി നടക്കുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങൾ പ്രസവം എടുക്കുന്ന ഡോക്ടർ കുട്ടിയുടെ പിതൃത്വം ഏറ്റെടുക്കുന്നത് പോലെയാണെന്നും നേതാക്കൾ ആരോപിച്ചു. വാർത്തസമ്മേളനത്തിൽ ഒ. രാജൻ, കെ.എൻ. മുത്തുകോയ തങ്ങൾ, പി. വാസുദേവൻ, എം.പി. അഷ്റഫ്, വൈ.പി. ലത്തീഫ്, നൂഹ് കരിങ്കപ്പാറ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.