ശുചിത്വ പദ്ധതിയുമായി പെരിന്തൽമണ്ണ നഗരസഭ

പെരിന്തൽമണ്ണ: നഗരസഭയിൽ ശുചിത്വ പദ്ധതി തയാറാക്കി നടപ്പാക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. ഇതിനായി ചെയർമാൻ അധ്യക്ഷനായി വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി സിറ്റി സാനിറ്റേഷൻ ടാസ്ക് ഫോഴ്സ്, കോർ കമ്മിറ്റി എന്നിവ രൂപവത്കരിച്ച് എത്രയും വേഗം പദ്ധതി തയാറാക്കി സമർപ്പിക്കും. നഗരവാസികളും നഗരത്തിലെത്തുന്ന എല്ലാ വിഭാഗങ്ങൾക്കും ശുചിത്വ സൗകര്യങ്ങൾ ഏർപ്പെടുത്തൽ, ശുദ്ധമായ കുടിവെള്ളം എത്തിക്കൽ, ശാസ്ത്രീയമായ ഖരമാലിന്യ സംസ്കരണ സംവിധാനം ഒരുക്കൽ എന്നിവ ആവിഷ്കരിച്ച് നടപ്പാക്കാനാണ് തീരുമാനം. ചെയർമാൻ എം. മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി കെ. പ്രമോദ് പദ്ധതി വിശദീകരിച്ചു. റിസോഴ്സ് പേഴ്സൻ എം. ശങ്കരൻ കുട്ടി നടപടിക്രമങ്ങൾ വിശദീകരിച്ചു. കിഴിശ്ശേരി മുസ്തഫ, ഉസ്മാൻ താമരത്ത്്, അൻവർ എന്നിവർ സംസാരിച്ചു. 'ലൈഫ്മിഷൻ പദ്ധതി: മാനദണ്ഡങ്ങൾ പുനഃപരിശോധിക്കണം' പെരിന്തൽമണ്ണ: ലൈഫ്മിഷൻ ഭവനപദ്ധതിയിലെ സർക്കാർ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കണമെന്ന് പെരിന്തൽമണ്ണ നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭൂ-ഭവന രഹിതരായ നിരവധി പേരെ ഗുണഭോക്തൃ പട്ടികയിൽനിന്ന് ഒഴിവാക്കാൻ സർക്കാർ പുറത്തിറക്കുന്ന ഉത്തരവുകൾ കാരണമായിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങൾ തയാറാക്കിയ അർഹത ലിസ്റ്റിലെ എല്ലാവർക്കും പദ്ധതി ആനുകൂല്യം ലഭ്യമാക്കണമെന്നും ഭവന, ഭൂരഹിതരുടെ കരട് ലിസ്റ്റിലെ ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കുന്നതിനുള്ള അന്തിമസമയം ദീർഘിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് ഉസ്മാൻ താമരത്ത് അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. ഒരു റേഷൻ കാർഡിന് ഒരു വീടെന്ന സർക്കാർ നയം അർഹരായ നിരവധി കുടുംബങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണ്. കുടുംബസ്വത്തായി ഒരു തുണ്ട് ഭൂമി പോലും ലഭ്യമല്ലാത്ത പലരും റേഷൻ കാർഡ് മാനദണ്ഡമാക്കിയതോടെ ലൈഫ്മിഷൻ ഭവനപദ്ധതിയിൽനിന്ന് പുറത്തായിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.