otp pkdlive3

ബജറ്റുകൾ ഫിലിം സിറ്റിയെ മറക്കുന്നു ഫിലിം സിറ്റിയെന്ന സ്വപ്നത്തിന് വിത്തിടുകയും തുടർന്ന് ബജറ്റിൽ അരക്കോടി രൂപ വകയിരുത്തുകയും ചെയ്ത ഇടതുപക്ഷ സർക്കാർ ഇടവേളക്കുശേഷം അധികാരത്തിലെത്തിയപ്പോൾ ഫിലിം സിറ്റിയെ സംബന്ധിച്ച പ്രതീക്ഷകൾക്ക് തിളക്കമേറി. എന്നാൽ, അധികാരത്തിലെത്തിയ ശേഷം ഫിലിം സിറ്റിയെ അവഗണിച്ചെന്ന ആക്ഷേപം ഉയർന്നുതുടങ്ങിയത് സർക്കാറി‍​െൻറ ആദ്യ ബജറ്റ് പ്രഖ്യാപനത്തോടെയാണ്. കന്നിബജറ്റിൽ ഫിലിം സിറ്റിക്ക് ഒരുരൂപപോലും നീക്കിവെച്ചില്ലെന്നതാണ് ഇതിനു കാരണം. വടക്കൻ കേരളത്തിലെ സിനിമ നിർമാണത്തി‍​െൻറ സാങ്കേതിക കേന്ദ്രമാക്കി മാറ്റുന്നതിനുപുറമെ ഇതര ഭാഷ ചിത്രങ്ങളുടെ ചിത്രീകരണത്തിന് സൗകര്യമൊരുക്കുകയെന്നതും ഒറ്റപ്പാലം ഫിലിം സിറ്റി ലക്ഷ്യമിട്ടിരുന്നു. ഇടതുപക്ഷ സർക്കാറി‍​െൻറ രണ്ടാമത്തെ ബജറ്റും ഒറ്റപ്പാലം ഫിലിം സിറ്റിയെ മറന്നതോടെ സ്വപ്നപദ്ധതിയുടെ ഭാവിയെക്കുറിച്ച് ആശങ്ക വർധിച്ചു. ബജറ്റിൽ ഫിലിം സിറ്റിയെക്കുറിച്ച് പരാമർശനമില്ലാതിരുന്നത് നിർഭാഗ്യകരമെന്നാണ് സിനിമ മേഖലയുടെതന്നെ വിലയിരുത്തൽ. 2011ലെ സംസ്ഥാന ബജറ്റിൽ ധനമന്ത്രി തോമസ് ഐസക്കാണ് അരക്കോടി രൂപ പദ്ധതിക്ക് വകയിരുത്തിയത്. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ വേളയിൽ ധനമന്ത്രിയായിരുന്ന കെ.എം. മാണി തുക വർധിപ്പിച്ച് ഒരുകോടിയാക്കി. രണ്ടുവർഷംമുമ്പ് ഇതിനായി 17.5 കോടി രൂപ ചെലവ് വരുന്ന രൂപരേഖ തയാറാക്കി സർക്കാറിലേക്ക് സമർപ്പിച്ചിരുന്നു. ഫിലിം സിറ്റിയിൽ സാംസ്കാരിക -കലാകേന്ദ്രം കൂടി ഉൾപ്പെടുത്തുന്നതി‍​െൻറ ഭാഗമായി പുതിയ രൂപരേഖ തയാറാക്കുമെന്നാണ് ഏതാനും മാസം മുമ്പ് ഒറ്റപ്പാലത്തെത്തിയ ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ലെനിൻ രാജേന്ദ്രൻ പറഞ്ഞത്. ഇതനുസരിച്ച് തയാറാക്കിയ രൂപരേഖയും സർക്കാറിലേക്ക് സമർപ്പിച്ചതായാണ് ബന്ധപ്പെട്ടവർ അറിയിച്ചിരുന്നത്. നിർമാണ പ്രവൃത്തികൾക്ക് ഫണ്ടില്ലാത്തതാണ് പ്രതികൂലാവസ്ഥ സൃഷ്ടിക്കുന്നതെന്നും ഇത് പരിഹരിഹരിക്കാൻ കേരള ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മ​െൻറ് ബാങ്കിൽ (കിഫ്‌ബി)നിന്ന് വായ്പയെടുക്കാനാണ് ഉദ്ദേശ്യമെന്നും ലെനിൻ രാജേന്ദ്രൻ അന്ന് പറഞ്ഞിരുന്നു. ശീതീകരിച്ച ഷൂട്ടിങ് ഫ്ലോർ, ഡബ്ബിങ്, റെക്കോർഡിങ്, എഡിറ്റിങ് സ്റ്റുഡിയോകൾ, രണ്ട് തിയറ്റർ തുടങ്ങിയ സംവിധാനങ്ങളാണ് ആദ്യ രൂപരേഖയിൽ ഉൾപ്പെട്ടിരുന്നത്. പുതുക്കിയ രൂപരേഖയിൽ നാടകപരിശീലനത്തിനും കഥ, കവിത രചനക്കും അവതരണത്തിനും ചിത്രകല രചന, പ്രദർശനം എന്നിവക്കുംകൂടി സൗകര്യപ്പെടും വിധമുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കുമെന്നും ലെനിൻ രാജേന്ദ്രൻ അറിയിച്ചിരുന്നു. പുതിയ രൂപരേഖ തയാറാക്കി 'കിഫ്‌ബി'യിൽ സമർപ്പിച്ച് വായ്പയെടുക്കാനാണ് ധാരണയായിരുന്നത്. ........ പി. ഉണ്ണി എം.എൽ.എ പദ്ധതിയുടെ പ്രഖ്യാപനകാലത്തുണ്ടായിരുന്ന രീതിയിലും എണ്ണത്തിലും സിനിമ ചിത്രീകരണം ഒറ്റപ്പാലത്ത് ഇന്നില്ല. മനകളും ഇല്ലങ്ങളും തേടിയാണ് സിനിമക്കാർ ഇന്ന് ഒറ്റപ്പാലത്തെത്തുന്നത്. മൂന്നേക്കറിൽ ഒരു ഫിലിം സിറ്റി പ്രാവർത്തികമാക്കുക പ്രയാസമാണ്. പദ്ധതിയുടെ പൂർത്തീകരണത്തിന് മുൻ എം.എൽ.എ എം. ഹംസയുടെ ആസ്തിവികസന ഫണ്ട് വിനിയോഗിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, ഇതിനു ഫണ്ട് അനുവദിക്കാനാവില്ലെന്ന് താൻ നേരത്തെ അറിയിച്ചിട്ടുണ്ട്. ബജറ്റിൽ തുക വകയിരുത്തിയ പ്രഖ്യാപനങ്ങൾ മാറ്റിനിർത്തിയാൽ പദ്ധതിക്കായി ഒന്നും നടന്നിട്ടില്ല. ഒറ്റപ്പാലത്ത് ഒരു റിലീസിങ് തിയറ്റർ പോലുമില്ലാത്ത സാഹചര്യത്തിൽ ഫിലിം സിറ്റിയുടെ പ്രസക്തി എന്താണ്? ഫിലിം സിറ്റി ഒറ്റപ്പാലത്ത് കൊണ്ടുവരുമെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ല. വകുപ്പ് മന്ത്രിയുമായും സിനിമയുമായി ബന്ധപ്പെട്ട വിദഗ്ധരുമായും കൂടിയാലോചിച്ച് ഇതുസംബന്ധിച്ച് ഒരു തീരുമാനത്തിലെത്തും. അങ്ങനെ യാഥാർഥ്യമാക്കുന്ന പദ്ധതിക്ക് ഫിലിം സിറ്റിയെന്ന പേരുണ്ടാവണമെന്ന നിർബന്ധമില്ലെന്നും ഉണ്ണി പറഞ്ഞു. ........ എഴുത്ത് -- എ.പി. ഉമ്മർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.