സരസ് മേളയിലെ ഫുഡ്കോർട്ട് ഗുജറാത്തിലേക്ക്

എടപ്പാൾ: കുടുംബശ്രീയുടെ ഫുഡ്കോർട്ടിന് ഗുജറാത്തിൽനിന്ന് ആരാധകർ. ശുകപുരം സഫാരി ഗ്രൗണ്ടിൽ കുടുംബശ്രീ ഒരുക്കിയ 'സരസ് -2017' മേളയിലെ ഫുഡ്കോർട്ട്, സെപ്റ്റംബറിൽ ഗുജറാത്തിൽ നടക്കുന്ന സരസ് മേളയിൽ പുനർജനിക്കും. ഗുജറാത്തില്‍ നിന്നെത്തിയ സംഘത്തെ കുടുംബശ്രീ ഒരുക്കിയ ഫുഡ്‌കോര്‍ട്ട് ഏറെ ആകർഷിച്ചതോടെയാണ് സെപ്റ്റംബറിൽ നടക്കുന്ന മേളയിൽ ഇവിടത്തെ ഫുഡ്കോർട്ടിന് സ്ഥാനം ലഭിച്ചത്. ഇതിനായി സംസ്ഥാനത്തെ കുടുംബശ്രീ അധികൃതരുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി ഗുജറാത്ത് സംഘത്തെ നയിക്കുന്ന മലയാളിയായ കെന്നഡി ഗബ്രിയേല്‍ പറഞ്ഞു. ഗുജറാത്തിൽനിന്നുള്ള 12 അംഗ സംഘത്തെ നയിക്കുന്ന കെന്നഡി ഗബ്രിയൽ തിരുവനന്തപുരം സ്വദേശിയാണ്. ഇദ്ദേഹം 16 വര്‍ഷമായി ഗുജറാത്ത് സര്‍ക്കാറിനു കീഴില്‍ നടപ്പാക്കുന്ന വിവിധ പ്രാദേശിക വികസന പദ്ധതികളുടെ ഉദ്യോഗസ്ഥനായി പ്രവർത്തിച്ചുവരികയാണ്. ഇപ്പോള്‍ സര്‍ക്കാറിനു കീഴിലുള്ള ഗുജറാത്ത് ലൈവ്‌ലിഹുഡ് പ്രൊമോഷന്‍ കമ്പനിയിലാണ് ജോലി. 2010ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ പദ്ധതിക്ക് കീഴില്‍ ആരംഭിച്ച മിഷന്‍ മംഗള കുടുംബശ്രീയുടെ മാതൃകയിലുള്ള പദ്ധതിയാണെന്ന് ഇദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ജാം നഗര്‍, ജുനാഗഡ്, ഖേഡ എന്നീ ജില്ലകളില്‍ നിന്നുമുള്ള യൂനിറ്റുകളില്‍ നിന്നുമുള്ളവരാണ് മേളക്കെത്തിയിട്ടുള്ളത്. സഖിമണ്ഡല്‍ എന്നാണ് ഇവിടെ യൂനിറ്റുകള്‍ അറിയപ്പെടുന്നത്. ഗുജറാത്തിലെ പ്രശസ്തമായ ബാന്ധ്ണി തുണിത്തരങ്ങളുമായാണ് ജാംനഗറില്‍ നിന്നുള്ള സംഘം എത്തിയിട്ടുള്ളത്. കോട്ടണ്‍തുണികളില്‍ കെട്ടുകളിട്ട് പ്രകൃതിദത്തമായ നിറങ്ങളില്‍ മുക്കിയെടുത്ത് വിവിധ ഡിസൈനുകളില്‍ ഉണ്ടാക്കുന്നതാണ് ബാന്ധ്ണി തുണിത്തരങ്ങള്‍. ജുനാഗഡില്‍ നിന്നുള്ള സംഘം എത്തിയിരിക്കുന്നത് വലിപ്പമുള്ള നിലക്കടലയുമായാണ്. കൊഴുപ്പ് കുറഞ്ഞ ഈ കടല ഖാരിസിങ് എന്ന പേരിലാണറിയപ്പെടുന്നത്. കൈത്തറി സാരികളാണ് ഖേഡ ജില്ലയില്‍ നിന്നുള്ള സംഘം മേളക്കായി തയാറാക്കിയിരിക്കുന്നത്. കൈകൊണ്ട് നിർമിക്കുന്ന ബോര്‍ഡറുകളാണ് ഇവയുടെ പ്രത്യേകത. കാഴ്ചകൾ കാണാൻ എം.പിയെത്തി എടപ്പാൾ: സരസ് മേളയിലെ കേട്ടറിഞ്ഞ കാഴ്ചകൾ നേരിട്ടറിയാൻ പി.വി. അബ്ദുല്‍ വഹാബ് എം.പിയും. രാജ്യത്തെ പ്രത്യേക രാഷ്ട്രീയ സാമൂഹിക സാഹചര്യത്തില്‍ സംസ്കാരങ്ങളുടെ സമന്വയങ്ങൾ നിറയുന്ന ഇത്തരം മേളകളുടെ പ്രാധാന്യം വളരെ വലുതാണെന്ന് എം.പി അഭിപ്രായപ്പെട്ടു. രാജ്യത്തെ 25ല്‍പരം സംസ്ഥാനങ്ങളുടെ വിവിധയിനം ഉൽപന്നങ്ങള്‍ നിറഞ്ഞ മേളയിലെ പവലിയനുകള്‍ മന്ത്രി കെ.ടി. ജലീലുമൊത്ത് അദ്ദേഹം സന്ദര്‍ശിച്ചു. മഹാരാഷ്ട്രയിലെ സഞ്ജയികപ്പെട്ടി മന്ത്രി എം.പിക്ക് സമ്മാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.