റോഡിലെ കോൺക്രീറ്റ് കമ്പികൾ പുറത്ത്; സംസ്​ഥാന പാതയിൽ ഗതാഗതം ദുഷ്ക്കരം

പുലാമന്തോൾ: റോഡ് തകർന്ന് കോൺക്രീറ്റ് കമ്പികൾ പുറത്തായതോടെ നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാന പാതയിൽ ഗതാഗതം ദുഷ്‌ക്കരം. കട്ടുപ്പാറ വളവിലാണ് കോൺക്രീറ്റ് തകർന്ന് കമ്പികൾ പുറത്തായത്. നവീകരണത്തിന് ശേഷം റോഡ് തകർച്ച നിത്യസംഭവമായതോടെയാണ് ഈ ഭാഗത്ത് കോൺക്രീറ്റ് ചെയ്തത്. എന്നാൽ ഇത് റോഡ് തകർച്ചക്ക് പരിഹാരമായില്ല. താഴ്ന്ന ഭാഗമായതിനാൽ വെള്ളം ഒഴുകിപ്പോവാനാവാതെ കെട്ടി നിൽക്കുന്നതാണ് പ്രശ്ന കാരണമായി പറയുന്നത്. റോഡ് നവീകരണ സമയത്ത് താഴ്ന്ന ഭാഗം ഉയർത്തുകയും വെള്ളം ഒഴുകിപ്പോവാൻ ഓവുചാല് നിർമിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും അവഗണിക്കപ്പെടുകയായിരുന്നു. ഇതിനകം രണ്ടു തവണ കോൺക്രീറ്റ് തകർന്ന ഭാഗത്ത് അറ്റകുറ്റപ്പണി നടത്തിയിരുന്നു. ദിവസങ്ങൾക്ക് മുമ്പ് പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിലെയും പെരിന്തൽമണ്ണ-പുലാമന്തോൾ റോഡിലെയും തകർന്ന റോഡുകൾ അറ്റകുറ്റപ്പണി നടത്തണമെന്ന് മണ്ഡലം യൂത്ത് കോൺഗ്രസി​െൻറ നേതൃത്വത്തിൽ പെരിന്തൽമണ്ണ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എക്സിക്യുട്ടീവ് എൻജിനീയർക്ക് പരാതി നൽകിയതി​െൻറ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിലെ തകർന്ന റോഡുകൾ നവീകരിച്ചു. എന്നാൽ നൂറുകണക്കിന് വാഹനങ്ങൾ രാപ്പകൽ ഭേദമില്ലാതെ സഞ്ചരിക്കുന്ന സംസ്ഥാന പാതയിലെ കട്ടുപ്പാറ വളവിൽ അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയാറായിട്ടില്ല. ഇവിടെ ഒരേ ഭാഗത്ത് തകർന്ന നാലു കുഴികളിലാണ് കോൺക്രീറ്റ് കമ്പികൾ പുറത്തായി നിൽക്കുന്നത്. കമ്പികൾ ചക്രങ്ങളിൽ തട്ടി അപകടമുണ്ടാവുന്നതായും വാഹനങ്ങൾ തകരാറിലാവുന്നതായും പരാതിയുണ്ട്. സംസ്ഥാന പാതയിൽ കോൺക്രീറ്റ് തകർന്ന കമ്പികൾ പുറത്തായിക്കിടക്കുന്ന കട്ടുപ്പാറ വളവ് ഭാഗം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.