സ്‌കൂൾ മുറ്റത്ത് കാട്ടുപന്നിയുടെ പരാക്രമം; വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്‌

വണ്ടൂർ/എടവണ്ണ: തിരുവാലി ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനിക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ആഴത്തില്‍ മുറിവേറ്റ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോട്ടുങ്ങല്‍ രവീന്ദ്ര​െൻറ മകള്‍ വിസ്മയക്കാണ് (14) പരിക്കേറ്റത്. രാവിലെ പരീക്ഷ എഴുതാന്‍ സ്‌കൂള്‍ വളപ്പിനുള്ളില്‍ കടന്നതിന് പിന്നാലെയായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. പിന്നില്‍നിന്ന് ഓടിയെത്തിയ കാട്ടുപന്നി തേറ്റകൊണ്ട് വിസ്മയയെ കുത്തിവീഴ്ത്തുകയായിരുന്നു. പരിക്കേറ്റ വിസ്മയയെ എടവണ്ണ ചെമ്പക്കുത്ത് ഗവ. അശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശരീരത്തി​െൻറ പിന്‍ഭാഗത്ത് ആഴത്തില്‍ മുറിവേറ്റ കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. സ്‌കൂളിന് സമീപത്തെ റോഡില്‍വെച്ചാണ് സംഭവം. മൂന്ന്് പന്നികളില്‍ ഒന്ന്് വിദ്യാര്‍ഥികള്‍ക്ക് നേരെ തിരിയുകയായിരുന്നു. സംഭവസമയത്ത് സ്‌കൂള്‍ മുറ്റത്തുണ്ടായിരുന്ന മറ്റു കുട്ടികള്‍ ഓടിരക്ഷപ്പെട്ടു. ഓട്ടത്തിനിടെ വീണ് മറ്റൊരു വിദ്യാര്‍ഥിനിക്കും പരിക്കേറ്റിട്ടുണ്ട്. തിരുവാലി പഞ്ചായത്തി​െൻറ പല ഭാഗങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്. താഴെ കോഴിപ്പറമ്പ് ഒലിപ്പുറത്ത് രണ്ടാഴ്ച മുമ്പ് ഒരാള്‍ കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായിരുന്നു. കാളികാവ് റേഞ്ച് ഓഫിസര്‍ വി. സതീശൻ, ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ എം. മോഹനന്‍ എന്നിവരുടെ നേതൃത്വത്തില്‍ വനപാലകര്‍ സ്‌കൂളിലെത്തി തെളിവെടുത്തു. നിലമ്പൂര്‍ വനം ഡിവിഷന്‍ ഓഫിസര്‍ക്ക് റിപ്പോര്‍ട്ട്് സമര്‍പ്പിച്ചതി​െൻറ അടിസ്ഥാനത്തില്‍ അടിയന്തര ധനസഹായമായി 10,000 രൂപ അനുവദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.