നാലു ദിനമായിട്ടും ഭീതിയൊഴിഞ്ഞില്ല; കാട്ടാനകളെ തുരത്താനാവാതെ അധികൃതർ

പാലക്കാട്: നാല് ദിവസമായി ജനവാസ മേഖലയിൽനിന്ന് മൂന്ന് കാട്ടാനകളെ കാടുകയറ്റാൻ കഴിയാത്തതോടെ എന്തു ചെയ്യണമെന്നറിയാതെ വനംവകുപ്പും ജില്ല ഭരണകൂടവും പ്രതിസന്ധിയിൽ. മലമ്പുഴ വനമേഖലയിൽനിന്ന് പാലക്കാട്-ഷൊർണൂർ സംസ്ഥാന പാതയിൽ വെള്ളിയാഴ്ച രാവിലെ എത്തിയ മൂന്ന് കൊമ്പനാനകളെ നാല് ദിവസമായിട്ടും കാടുകയറ്റാൻ കഴിയാതിരുന്നതോടെയാണ് വ്യക്തമായ തീരുമാനമെടുക്കാനാകാതെ അധികൃതർ വലഞ്ഞത്. ഡി.എഫ്.ഒ, എ.ഡി.എം, ഡിവിഷനൽ ഓഫിസർമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻപട തന്നെ പ്രദേശത്ത് തമ്പടിക്കുന്നുണ്ട്. വെള്ളിയാഴ്ച മാങ്കുറുശ്ശി ജങ്ഷന് സമീപത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിൽ ഒരു ദിവസം നാട്ടുകാരെ വിറപ്പിച്ച കാട്ടാനകളെ അയ്യർമലയിലേക്ക് കയറ്റിവിട്ടെങ്കിലും മുണ്ടൂർ വഴി ആനകളെ മലമ്പുഴ വനമേഖലയിലേക്ക് എത്തിക്കാനാകാത്തതോടെയാണ് അധികൃതർ വലഞ്ഞത്. കാടുകയറ്റൽ പരാജയപ്പെട്ടാൽ മയക്കുവെടി വെക്കുക, കുങ്കിയാനകളെ കൊണ്ടുവരിക തുടങ്ങിയ പ്രതിവിധികളാണ് വനംവകുപ്പിനും ജില്ല ഭരണകൂടത്തിനും മുന്നിലുള്ളത്. ഈ രണ്ട് തീരുമാനങ്ങളും നടപ്പാക്കാൻ അധികൃതർക്ക് വെല്ലുവിളികളുണ്ട്. മൂന്നെണ്ണത്തിൽ ഒന്നിനെ മയക്കുവെടിവെച്ചാൽ മറ്റ് ആനകൾ എങ്ങനെ പ്രതികരിക്കുമെന്നത് പ്രവചനാതീതമാണ്. മൂന്ന് ആനകളെയും മയക്കുവെടിവെക്കുകയാണ് മറ്റൊരു മാർഗം. എന്നാൽ ഇതിന് പ്രായോഗിക ബുദ്ധിമുട്ടുകൾ ഏറെയാണെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. വിദഗ്ധർക്കു പുറമെ പ്രത്യേക ക്രെയിനും ലോറിയും എല്ലാം എത്തിക്കേണ്ടി വരും. ആനകൾ ജനവാസ മേഖലയിലായതിനാൽ ഇതെല്ലാം പെട്ടെന്ന് നടപ്പാക്കാൻ പ്രയാസമാണ്. മയക്കുവെടി വെക്കാൻ എത്ര ഡോസ് മരുന്ന് വേണമെന്ന കാര്യത്തിലും ആശങ്കയുണ്ട്. ഡോസ് കൂടിയാൽ ആനകൾ ചരിയാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ നിയമനടപടി നേരിടേണ്ടി വരും. ഡോസ് കുറഞ്ഞാൽ ആനകൾ മയങ്ങിയതിന് ശേഷം പെട്ടെന്ന് ഉണരാനും സാധ്യതയേറെയാണ്. കൂട്ടത്തിൽ അക്രമ സ്വഭാവമുള്ള ആനയുണ്ടോ എന്ന പരിശോധനയും നടക്കുന്നുണ്ട്. ജനവാസ മേഖലയായതിനാൽ കുങ്കിയാനകളെ കൊണ്ടുവന്ന് ആനകളെ തളക്കാനും പ്രയാസമാണ്. ഒരാനയെ തളക്കാൻ രണ്ട് കുങ്കിയാനകളെയാണ് ഉപയോഗിക്കാറ്. അട്ടപ്പാടിയിൽനിന്ന് കുങ്കിയാനകളെ ഉപയോഗിച്ച് ആനയെ തളച്ച് കോടനാട് കേന്ദ്രത്തിലേക്ക് മാറ്റിയതിനെതിരെ പരിസ്ഥിതി പ്രവർത്തകർ നിയമനടപടികളുമായി മുന്നോട്ടുപോയിരുന്നു. ഇതെല്ലാം അധികൃതരെ പിന്നോട്ട് വലിക്കുന്ന ഘടകങ്ങളാണ്. മൂന്ന് ആനകൾ ജനവാസ മേഖലയിൽ നിലയുറപ്പിച്ചതിനാൽ എത്ര കുങ്കിയാനകളെ കൊണ്ടുവരണമെന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ട്. കാട്ടാനകളെ എന്തു ചെയ്യണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ചീഫ് വൈൽഡ് ലൈഫ് വാർഡനാണ്. കാട്ടിലേക്ക് തുരത്തുക എന്നതിനാണ് അധികൃതർ മുൻഗണന നൽകുന്നത്. കോയമ്പത്തൂരിൽനിന്ന് കുങ്കിയാനകളെ കൊണ്ടു വരാൻ നീക്കം പാലക്കാട്: ജനവാസ മേഖലയായ കോട്ടായി ഭാഗത്ത് ആനകൾ ഇറങ്ങിയതോടെ കാടുകയറ്റാനുള്ള വനംവകുപ്പി​െൻറ ശ്രമം ഊർജിതമാക്കി. വയനാട്നിന്നും കോയമ്പത്തൂരിൽനിന്നും കുങ്കിയാനകളെ എത്തിച്ച് കാട്ടാനകളെ തളക്കുന്നതടക്കമുള്ള മാർഗങ്ങൾ തേടാൻ വനംവകുപ്പും ജില്ല ഭരണകൂടവും ആലോചിക്കുന്നുണ്ട്. കോയമ്പത്തൂരിൽനിന്ന് കുങ്കിയാനകളെ എത്തിക്കാൻ ചൊവ്വാഴ്ച തമിഴ്നാട് സർക്കാറുമായി ബന്ധപ്പെട്ടേക്കും. സംസ്ഥാന വനംമന്ത്രിയുമായി ബന്ധപ്പെട്ടതിന് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. വയനാട്ടിലെ കുങ്കിയാനകളിൽ ഒന്നിന് അസുഖം ബാധിച്ചതിനാൽ അവിടെനിന്ന് എത്തിക്കാൻ പ്രയാസമുണ്ട്. തിങ്കളാഴ്ച രാത്രി ഏഴോടെ ആനകളെ തുരത്താനുള്ള നടപടികൾ നിർത്തിവെക്കാൻ ജില്ല ഭരണകൂടം വനംവകുപ്പിന് നിർദേശം നൽകി. ഉദ്യോഗസ്ഥർക്കോ ജനത്തിനോ അപകടം സംഭവിക്കാൻ പാടില്ലെന്നും നിർദേശം നൽകിയിട്ടുണ്ട്. ഈ ഭാഗത്തുള്ളവരോട് പുറത്തിറങ്ങരുതെന്നും നിർദേശിച്ചു. മറ്റൊരു മാർഗവുമില്ലെങ്കിൽ ആനകളെ മയക്കുവെടി വെക്കാനുള്ള അനുവാദം കലക്ടർ നൽകിയേക്കും. എന്നാൽ, ഇതുവരെ മയക്കുവെടി വെക്കാൻ വനംവകുപ്പ് അനുമതി തേടിയിട്ടില്ല. ആനകൾ വന്ന വഴി തിരിച്ചു പോകുന്ന സ്വഭാവക്കാരായതിനാൽ ഒരു ദിവസം കൂടി കാത്തിരിക്കാനാണ് തീരുമാനം. ആനകൾ തിരിച്ചു പോകാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്ക് ജാഗ്രതനിർദേശം നൽകിയിട്ടുണ്ട്. മുണ്ടൂർ ഭാഗത്തേക്ക് ആനകൾ എത്തുകയാണെങ്കിൽ പടക്കം പൊട്ടിച്ച് തിരിച്ചയക്കരുതെന്ന് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. മുണ്ടൂർ വഴി മലമ്പുഴ കാട്ടിലേക്ക് കയറ്റിവിടുകയാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.