ആനക്കര വടക്കത്ത് തറവാട്ടിൽ ആത്മസംതൃപ്തിയോടെ സുശീലാമ്മ

സ്വാതന്ത്ര്യത്തി‍​െൻറ 70ാം ആണ്ടുദിനം പിറക്കുമ്പോൾ ആനക്കര വടക്കത്ത് തറവാട്ടിൽ സ്വാതന്ത്ര്യസമര സേനാനി ജി. സുശീലാമ്മ ആത്മ നിർവൃതിയിലാണ്. വന്ദേമാതരം പാടിയും ചർക്കയിൽ നൂൽനൂറ്റും അടിമുടി ഭാരതീയ വനിതയായി ജീവിച്ച ഇവർക്ക് സ്വാതന്ത്ര്യസമരം ഇപ്പോഴും മനസ്സിലെ പച്ചപ്പാണ്. നവതി പിന്നിട്ട സുശീലക്ക് കർമംതന്നെയാണ് ജീവിതം. സുകൃതം ചെയ്ത ആനക്കര വടക്കത്ത് തറവാട്ടുമുറ്റത്തെ ഓരോ മണൽതരിക്കുമുണ്ട് കുറേ കഥ പറയാൻ. അടിമത്തത്തി‍​െൻറ കടലിൽനിന്ന് സ്വാതന്ത്ര്യത്തി‍​െൻറ ഉപ്പ് കുറുക്കിയെടുത്ത ദേശീയ സ്വാതന്ത്ര്യസമര സേനാനികളുടെ പരമ്പരയിലേക്ക് ഈ തറവാട് സംഭാവന ചെയ്തത് അഞ്ചുപേരെയാണ്. എ.വി. കുട്ടിമാളു അമ്മ, അമ്മു സ്വാമിനാഥൻ, ക്യാപ്റ്റൻ ലക്ഷ്മി, ജി. സുശീലാമ്മ, ബാലകൃഷ്ണൻ എന്നിവരാണവർ. ഈ തറവാട്ടിൽ ഇപ്പോൾ ആനക്കരയുടെ അമ്മയായി ജി. സുശീലാമ്മ മാത്രം. എന്തിനും ഐശ്വര്യപൂർണമായ തുടക്കം വരാൻ ഈ അമ്മയുടെ സാന്നിധ്യം വേണമെന്ന് ശഠിക്കുന്ന നാട്ടുകാരോട് ഒന്നിനും വരില്ലെന്ന് അവർ പറയില്ല. കാരണം നാടിനുവേണ്ടി ജീവത്യാഗം ചെയ്ത ത‍​െൻറ തലമുറയെപ്പോലെ തന്നെയും ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങൾ കാണുന്നതെന്ന് അവർക്കറിയാം. തനിക്ക് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാതിരിക്കാൻ കഴിയില്ലായിരുന്നുവെന്നാണ് സുശീലാമ്മ പറയുന്നത്. അച്ഛൻ എ.വി. ഗോപാലമേനോൻ പ്രമുഖ ഗാന്ധിയനായിരുന്നു. കുട്ടിമാളു അമ്മയും അമ്മു സ്വാമിനാഥനും മനസ്സിൽ വീഴ്ത്തിയ സ്വാതന്ത്ര്യത്തി‍​െൻറ തീപ്പൊരി ചെറുപ്പം മുതലേ അണയാതെ കിടന്നു. ക്വിറ്റിന്ത്യ സമരം ആരംഭിച്ചതോടെയാണ് അവർ സമരത്തിലേക്കിറങ്ങുന്നത്. സമരം ആരംഭിക്കുമ്പോൾ സുശീലാമ്മ മദ്രാസ് ലേഡി വെല്ലിങ്ടൺ െട്രയിനിങ് കോളജിൽ ബി.ടിക്ക് (ഇന്നത്തെ ബി.എഡ്) പഠിക്കുകയായിരുന്നു. ആയിടൊണ് ഗാന്ധിജി അഹമ്മദ് നഗർ ജയിലിൽ നിരാഹാര വ്രതം ആരംഭിച്ചത്. ഭാരതത്തി‍​െൻറ ഒറ്റപ്പെട്ട എതിർപ്പുകൾക്ക് സംഘടിത രൂപം വരികയും ഭിന്നതയുടെ വർണങ്ങൾ ദേശീയപതാകയിൽ രഞ്ജിക്കുകയും ചെയ്തതോടെ ജന മുന്നേറ്റം ഏകോന്മുഖമായി. അന്തിമ ലക്ഷ്യം സ്വാതന്ത്ര്യവും. ഗാന്ധിജിയുടെ നിരാഹാര വ്രതം അതുവരെ കലാലയം വിട്ടിറങ്ങാതിരുന്ന വിദ്യാർഥികളെ പോലും സമരത്തിലേക്ക് നയിക്കാൻ പോന്നതായിരുന്നു. കാറ്റിൽ പാറുന്ന ത്രിവർണ പതാക മാറോടുചേർത്ത് നെഞ്ചിൽ സമരത്തി‍​െൻറ അഗ്നിജ്വാലകളും ചുണ്ടിൽ ദേശഭക്തിഗീതങ്ങളുമായി വിദ്യാർഥികൾ കലാലയം വിട്ടിറങ്ങി. സുശീലാമ്മയും കൂട്ടരും മജിസ്േട്രറ്റ് കോടതിയാണ് പിക്കറ്റ് ചെയ്തത്. വിദ്യാർഥികൾക്കിടയിൽനിന്ന് സമരക്കാരെ അറസ്റ്റ് ചെയ്യാൻ പൊലീസ് ഭയന്നു. പിന്നീട് പിടികൂടിയെങ്കിലും കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞില്ല. വലിയ പ്രശ്നമാണ് ഇതേചൊല്ലി ഉണ്ടായത്. പിറ്റേന്നാണ് സുശീലാമ്മയെയും സംഘത്തേയും കോടതിയിൽ ഹാജരാക്കിയത്. മൂന്ന് മാസത്തെ തടവായിരുന്നു ശിക്ഷ. ജയിൽ മോചിതയായി പുറത്തിറങ്ങിയതിന് ശേഷവും സുശീലാമ്മ സമരമുഖത്ത് ഉറച്ചുനിന്നു. സ്വാതന്ത്ര്യം ലഭിച്ച ദിവസം അവർ ആനക്കരയിലെ തറവാട്ടിലായിരുന്നു. ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെ ജനങ്ങൾ സ്നേഹംകൊണ്ട് പരസ്പരം വീർപ്പുമുട്ടിച്ച ആ ദിനം ഇന്നും സുശീലാമ്മയുടെ ഓർമയിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.