പെരിന്തൽമണ്ണ സബ്​ രജിസ്​ട്രാർ ഒാഫിസ്​; പോരാളികളുടെ തീച്ചൂ​ടറിഞ്ഞ കെട്ടിടം

വള്ളുവനാടിനെ കുറിച്ചും അതി​െൻറ ആസ്ഥാനമായ പെരിന്തൽമണ്ണയെക്കുറിച്ചും പറയാതെ മലബാർ സ്വാതന്ത്ര്യസമര ചരിത്രം പൂർണമാവില്ല. പഴയ ഏറനാടി​െൻറയും ഒറ്റപ്പാലം, പട്ടാമ്പി, ഷൊർണൂർ തുടങ്ങിയ പ്രദേശങ്ങളുടെയും ഭാഗങ്ങൾ ഉൾപ്പെടുന്ന വള്ളുവനാടി​െൻറയും സാംസ്കാരിക ചേരുവകൾ ഇഴുകിച്ചേർന്ന പെരിന്തൽമണ്ണയും പരിസരങ്ങളും വീറുറ്റ സ്വാതന്ത്ര്യസമര പോരാട്ട സ്മരണകൾ ഉറങ്ങിക്കിടക്കുന്ന ഭൂമികയാണെന്നത് പുതുതലമുറക്ക് അജ്ഞാതം. ഭാരിച്ച ഭൂസ്വത്തിന് ഉടമകളായ ജന്മിമാരുടെയും സവർണ വിഭാഗങ്ങളുടെയും മേൽക്കോയ്മയിൽ പൊറുതിമുട്ടിയ പിന്നാക്ക-കീഴാള ജനതയുടെ പോരാട്ടകഥകളാണ് വള്ളുവനാടി​െൻറ സ്വാതന്ത്ര്യസമര ചരിത്രത്തിലേറെയും. കമ്യൂണിസ്റ്റ് ചിന്താധാരകൾക്ക് ഇവിടെ ആഴത്തിൽ വേരോട്ടം പിടിച്ചതിന് മുഖ്യകാരണങ്ങളിലൊന്ന് ജന്മി-കുടിയാൻ ബന്ധങ്ങളിലുടലെടുത്ത കടുത്ത ചൂഷണമാണെന്ന് ചരിത്രം. ഇത് പലപ്പോഴും അടിയാനും ഉടയോനും തമ്മിലുള്ള സംഘർഷങ്ങൾക്കും ഏറ്റുമുട്ടലുകൾക്കും വഴിമരുന്നിട്ടു. അക്കാലത്ത് ഇടക്കിടെ ആവർത്തിച്ച ജന്മി-കുടിയാൻ ഏറ്റുമുട്ടലുകൾ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് വളക്കൂറായിട്ടുണ്ട്. ബ്രിട്ടീഷ് അനുകൂലികളായ ജന്മിമാരും അധികാരികളും ഭൂമിയുടെ സർവാധികാരാവകാശങ്ങൾ മുഴുവനായും കൈയടക്കിയ നാളുകളായിരുന്നു അത്. ബ്രിട്ടീഷ് ഭരണത്തോടും ജന്മി കുടുംബങ്ങളോടുമുള്ള ഒടുങ്ങാത്ത പക സ്വാതന്ത്ര്യ സമര പോരാളികൾ തീർത്തത് ഭൂമിയുടെ അവകാശങ്ങൾ രേഖപ്പെടുത്തിവെക്കുന്ന സബ് രജിസ്ട്രാർ ഒാഫിസ് ചുെട്ടരിച്ചുകൊണ്ടാണ്. സംസ്ഥാനത്ത് രജിസ്ട്രേഷൻ വകുപ്പി​െൻറ പ്രവർത്തനം ആരംഭിച്ചിട്ട് 152 വർഷം പിന്നിടുന്നു. പെത്താമ്പതാം നൂറ്റാണ്ടി​െൻറ രണ്ടാം പകുതിയിൽ 1864 ഡിസംബർ 23ലെ സ​െൻറ് ജോർജ് ഗസറ്റ് വിജ്ഞാപന പ്രകാരമാണ് വള്ളുവനാടി​െൻറ കേന്ദ്രമായ പെരിന്തൽമണ്ണയിൽ 'വളളുവനാട് സബ് രജിസ്ട്രാർ ഒാഫിസ്' പ്രവർത്തനം ആരംഭിക്കുന്നതായി അറിയിപ്പുണ്ടായത്. 1865 ജനുവരി ഒന്നിന് ഓഫിസ് പ്രവർത്തിച്ചു തുടങ്ങി. ഭൂപ്രഭുക്കൾ കൈയടക്കിയ ഭൂസ്വത്തുക്കൾ അവരുടെ ജന്മം തീറധികാരത്തിലേക്ക് മാറ്റിക്കൊണ്ടിരുന്ന കാലത്താണ് മലബാർ കലാപം ആളിക്കത്തിയത്. വള്ളുവനാട് സബ് രജിസ്ട്രാർ ഒാഫിസും സമരക്കാർ അഗ്നിക്കിരയാക്കി. ഭൂമിയിൽ അധ്വാനിക്കുന്നവനെ ചൂഷണം ചെയ്ത് വെട്ടിപ്പിടിച്ച ഭൂമിയുടെ രേഖകളുടെ സൂക്ഷിപ്പ് കേന്ദ്രം അഗ്നിക്കിരയാക്കിയാലേ അവയുടെ മേലുള്ള അവകാശവും ഇല്ലാതാക്കാനാവൂ എന്ന ചില സമര പോരാളികളുടെ ചിന്തയാണ് ഒാഫിസിനെ പകയുടെ തീച്ചൂടിലെരിയിച്ചത്. ഭൂരേഖകൾ അപ്പാടെ ചുട്ടുചാമ്പലാക്കിയതി​െൻറ ഫലമായി 1921 ആഗസ്റ്റ് 21 മുതൽ ഫെബ്രുവരി 28 വരെ ഒാഫിസ് അടച്ചിടേണ്ടി വന്നു. 56 വർഷത്തെ വിലപ്പെട്ട ഭൂരേഖകളാണ് അന്ന് വെണ്ണീറായത്. കേരള ചരിത്രത്തിൽ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ഏതാണ്ട് അഞ്ചരമാസക്കാലം ഒരു സർക്കാർ സ്ഥാപനം പൂർണമായും അടച്ചിട്ടുവെന്ന പേര് വള്ളുവനാട് സബ് രജിസ്ട്രാർ ഒാഫിസിന് മാത്രമുള്ളതാണ്. 1922 മാർച്ച് മുതൽ വള്ളുവനാട് സബ് രജിസ്ട്രാർ ഒാഫിസ് എന്ന പേരിൽ വീണ്ടും തുറന്നു പ്രവർത്തനം തുടങ്ങി. 1966 മുതലാണ് പെരിന്തൽമണ്ണ സബ് രജിസ്ട്രാർ ഓഫിസ് എന്ന പേര് സ്വീകരിച്ചത്. 1922 മുതൽ നീണ്ട 95 വർഷം പഴയ കെട്ടിടത്തിൽ പ്രവർത്തിച്ച ഒാഫിസ് അടുത്തകാലത്ത് 50 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക സംവിധാനങ്ങളോടെ പുതുക്കി പണിതിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.