മലയാളം അധ്യാപക നിയമനം ഇഴയുന്നു; ഉദ്യോഗാർഥികൾ പ്രക്ഷോഭത്തിന്​

മലപ്പുറം: തസ്തിക നിർണയം പൂർത്തിയായിട്ടും ജില്ലയിൽ ഹൈസ്കൂൾ മലയാള അധ്യാപക നിയമനം ആരംഭിച്ചില്ല. ഒരേസമയം അപേക്ഷ ക്ഷണിച്ച മറ്റു ജില്ലകളിൽ ഈ തസ്തികയിൽ നിരവധി നിയമനങ്ങൾ നടന്നെങ്കിലും ജില്ലയിൽ ഇതുവരെ നിയമന നടപടി ആരംഭിച്ചിട്ടില്ല. നാൽപ്പതിലധികം ഒഴിവുകളുണ്ടായിട്ടും അത് പി.എസ്.സിയിലേക്ക് റിപ്പോർട്ട് ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് അധികൃതർ തയാറാവാത്തതാണ് പ്രശ്നം. ഉദ്യോഗാർഥികളുടെ നിരന്തര ഇടപെടലുകളുടെ ഭാഗമായാണ് അഞ്ചുവർഷത്തിനുശേഷം കഴിഞ്ഞമാസം ഈ തസ്തികയിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. റാങ്ക് ലിസ്റ്റ് വന്നിട്ടും നിയമന നടപടികൾ ആരംഭിക്കാത്തതിൽ ഉദ്യോഗാർഥികൾ ആശങ്കയിലാണ്. എയ്ഡഡ് സ്കൂളുകളിൽനിന്ന് സംരക്ഷിത അധ്യാപകരെ പുനർവിന്യസിക്കുന്നതിനു വേണ്ടിയാണ് നിയമന നടപടികൾ ആരംഭിക്കാത്തതെന്ന് ഉദ്യോഗാർഥികൾ ആരോപിച്ചു. ഇതിനെതിരെ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകുമെന്ന് റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥികളുടെ യോഗം മുന്നറിയിപ്പ് നൽകി. പി.കെ. ശോഭിത്ത്, എം.വി. രഞ്ജിത്ത്, സാറ, രഞ്ജിനി, സൈനബ, വി. ദിവ്യ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.