സുരക്ഷ ഉറപ്പാക്കിയാൽ മാത്രമേ എം.ഇ.എസ് കോളജ്​ തുറക്കൂവെന്ന് കൗൺസിൽ

പൊന്നാനി: പൊന്നാനി എം.ഇ.എസ് കോളജില്‍ ആഗസ്റ്റ് മൂന്നിന് എസ്.എഫ്.ഐ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് കോളജ് പ്രിന്‍സിപ്പൽ സമര്‍പ്പിച്ച പരാതിയില്‍ പൊലീസ് പ്രാഥമിക തെളിവെടുപ്പ് നടത്തി. കോളജ് മാനേജ്മ​െൻറ് വൈസ് ചെയര്‍മാന്‍ കുഞ്ഞിമുഹമ്മദ്‌ ഹാജി, പ്രിന്‍സിപ്പൽ ഡോ. ടി.പി. അബ്ബാസ്, ജീവനക്കാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് തെളിവെടുപ്പ് നടത്തിയത്. ജീവനക്കാരില്‍നിന്നുള്ള വിശദമായ തെളിവടുപ്പ് വരും ദിവസങ്ങളില്‍ ഉണ്ടാകും. അക്രമത്തിലുണ്ടായ നാശനഷ്ടങ്ങള്‍ സംഘം വിലയിരുത്തി. സ്വത്തിനും ജീവനക്കാര്‍ക്കും ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കോളജ് തുറന്ന് പ്രവര്‍ത്തിക്കാനാകില്ലെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന കോളജ് കൗണ്‍സില്‍ യോഗം വിലയിരുത്തി. ആക്രമണത്തില്‍ പ്രിന്‍സിപ്പല്‍ ഓഫിസിലെ ഗ്ലാസുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, കോളജ് വരാന്തയിലെ ജനല്‍ ചില്ലുകൾ, വാതിലുകള്‍, നോട്ടീസ് ബോര്‍ഡ്, സി.സി.ടി.വി കാമറകള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ തകർന്നിട്ടുണ്ട്. മൂന്ന് ലക്ഷം രൂപയുടെ നഷ്ടങ്ങള്‍ക്ക് ബന്ധെപ്പട്ട കക്ഷികളില്‍നിന്ന് പരിഹാരം ആവശ്യപ്പെടണമെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു. സുരക്ഷ ഉറപ്പാകുന്ന സാഹചര്യത്തില്‍ മാത്രമേ കോളജ് പ്രവര്‍ത്തിക്കൂവെന്നാണ് അധികൃതരുടെ നിലപാട്. കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടതിനാലും സ്വത്തിനും ജീവനും ഭീഷണി നിലനില്‍ക്കുന്നതിനാലും യൂനിയന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന കൗണ്‍സില്‍ യോഗ തീരുമാനം സര്‍വകലാശാല സ്റ്റുഡൻറ്സ് ഡീനിനെ പ്രിന്‍സിപ്പൽ രേഖാമൂലം അറിയിച്ചു. വ്യാഴാഴ്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയില്‍ ന്യൂനതകള്‍ കാരണം തള്ളിപ്പോയ അഞ്ച് നാമനിർദേശ പത്രികകളില്‍ രണ്ടെണ്ണം എസ്.എഫ്.ഐയുെടതായിരുന്നു. ഇതിനെ തുടർന്നാണ് ആക്രമണമുണ്ടായത്. ശാന്തമായ അന്തരീക്ഷത്തില്‍ കോളജ് പ്രവര്‍ത്തിക്കാനുള്ള അവസരമുണ്ടായാല്‍ യൂനിയന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ സന്നദ്ധമാണെന്നും ഡീനിനെ പ്രിന്‍സിപ്പൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.