അരി തിരിമറി; സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥരെ തിരിച്ചെടുത്തതിൽ താലൂക്ക് സഭയിൽ പ്രതിഷേധം

പൊന്നാനി: അണ്ടത്തോട് സർവിസ് സഹകരണ ബാങ്ക് വഴിയുള്ള അരി തിരിമറി വിഷയത്തിൽ പുകഞ്ഞ് താലൂക്ക് സമിതി. സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത നടപടിയിൽ താലൂക്ക് സഭ പ്രതിഷേധിച്ചു. ലക്ഷങ്ങളുടെ അരി തിരിമറി നടത്തിയ സംഭവത്തിൽ പ്രാഥമികാന്വേഷണത്തിൽ സസ്പെൻഡ് ചെയ്ത രണ്ട് റേഷൻ ഇൻസ്പെക്ടർമാരെ അന്വേഷണം പൂർത്തിയാകും മുമ്പുതന്നെ തിരിച്ചെടുത്ത നടപടിയിൽ താലൂക്ക് സഭ കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. വകുപ്പ് തലത്തിൽ നടത്തിയ അന്വേഷണത്തിൽ ഉദ്യോഗസ്ഥർ കുറ്റക്കാരല്ലെന്ന് പറഞ്ഞാണ് ഇവരെ തിരിച്ചെടുത്തത്. എന്നാൽ ഈ സംഭവത്തിൽ അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ ഇവരെ തിരിച്ചെടുത്തത് ശരിയായ കീഴ്വഴക്കമല്ലെന്ന് സി.പി.ഐ. പ്രതിനിധി എ. സൈനുദ്ദീൻ പറഞ്ഞു. എന്നാൽ ഉദ്യോഗസ്ഥർ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയതായി ടി.എസ്.ഒ. പറഞ്ഞു. സംഭവത്തിൽ താലൂക്ക് സഭയിലെ മറ്റു പ്രതിനിധികളും പ്രതിഷേധം രേഖപ്പെടുത്തി. ദേശീയപാതയിൽ നാല് മരങ്ങൾ കടപുഴകി വീണു പൊന്നാനി: പൊന്നാനി- കുറ്റിപ്പുറം ദേശീയ പാതയിൽ ഉറൂബ് നഗറിൽ തണൽമരങ്ങൾ കടപുഴകി റോഡിലേക്ക് വീണു. മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. രാവിലെ ഒമ്പതോടെ പെയ്ത കനത്ത മഴയിലാണ് തണൽമരങ്ങൾ കടപുഴകി ദേശീയ പാതയിലേക്ക് വീണത്. നാലു മരങ്ങളാണ് ഒരേ സമയം നിലംപൊത്തിയത്. ആൽമരങ്ങളും പനയുമാണ് കടപുഴകിയത്. മരം വീണ സമയത്ത് ഇതുവഴി വാഹനങ്ങൾ കടന്ന് പോയിരുന്നുവെങ്കിലും ഭാഗ്യംകൊണ്ട് രക്ഷപ്പെടുകയായിരുന്നു. ഫയർഫോഴ്സ് എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ മരം മുറിച്ചു മാറ്റി. പൊലീസും നാട്ടുകാരും ചേർന്നാണ് മരങ്ങൾ മാറ്റാൻ ശ്രമിച്ചത്. ഇതു വഴി വന്ന വാഹനങ്ങളെല്ലാം മണിക്കൂറുകളോളം ചന്തപ്പടി വഴി തിരിച്ചുവിട്ടു. ഉച്ചക്ക് രണ്ടോടെ മരങ്ങൾ പൂർണമായും റോഡിൽനിന്ന് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു. വേരുകൾക്ക് ചുറ്റും വെള്ളം കെട്ടി നിന്ന് ദ്രവിച്ചതാണ് മരങ്ങൾ കടപുഴകി വീഴാൻ കാരണമായത്. ഈ ഭാഗത്ത് നിരവധി തണൽ മരങ്ങളാണ് അപകട ഭീഷണി ഉയർത്തി നിൽക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.