നഗരസഭയിൽ പ്ലാസ്റ്റിക് നിരോധനം: വ്യാപാരികളുടെ പിന്തുണ

പാലക്കാട്: നഗരസഭയിൽ സെപ്റ്റംബർ ഒന്നു മുതൽ നടപ്പാക്കുന്ന സമ്പൂർണ ഉറവിട മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് കാരി ബാഗുകൾ നിരോധിക്കാനുള്ള കൗൺസിൽ തീരുമാനത്തിന് വ്യാപാരികൾ പൂർണ പിന്തുണ നൽകിയതായി അധികൃതർ. കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത യോഗത്തിൽ വ്യാപാരി വ്യവസായി സംഘടനകൾ, ഹോട്ടൽ റസ്റ്ററൻറ് അസോസിയേഷൻ, കാറ്ററിങ് അസോസിയേഷൻ, വെജിറ്റബിൾ മർച്ചൻറ് അസോസിയേഷൻ തുടങ്ങിയ സംഘടന പ്രതിനിധികൾ പങ്കെടുക്കുകയും നഗരസഭ പദ്ധതികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. പാലക്കാട് നഗരസഭ പരിധിയിൽ സെപ്റ്റംബർ ഒന്ന് മുതൽ എല്ലാതരത്തിലുമുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗം നിരോധിക്കും. തുണി സഞ്ചികൾ എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന പ്ലാസ്റ്റിക്/േപ്രാപ്ലീൻ അംശമുള്ള നോൺവോവൺ ക്യാരിബാഗുകളുടെ ഉപയോഗവും നിർത്തലാക്കും. പൂർണമായും തുണികൊണ്ട് നിർമിച്ച സഞ്ചികൾ മാത്രമേ നഗരത്തിൽ ഉപയോഗിക്കാൻ പാടുള്ളൂ. ഇത് സംബന്ധിച്ച് നഗരസഭ സെക്രട്ടറിയുടെ ഉത്തരവ് എല്ലാ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കും. ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പരമാവധി പിഴ ചുമത്തുകയും കച്ചവട ലൈസൻസ് റദ്ദാക്കുകയും ചെയ്യും. തട്ടുകടകൾ, തെരുവോര കച്ചവടക്കാർ എന്നിവർക്കും ഈ നിയമം ബാധകമാണ്. ഡിസ്പോസിബിൾ പേപർ ഗ്ലാസ്സുകൾ, പ്ലേറ്റുകൾ, ആഹാരം പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന അലുമിനിയം ഫോയിലുകൾ എന്നിവയുടെ ഉപയോഗവും അടുത്തമാസം ഒന്നാം തീയതി മുതൽ നിർത്തലാക്കണമെന്ന നഗരസഭയുടെ നിർദേശം വ്യാപാരികൾ അംഗീകരിച്ചു. ഇതോടെ ഇനി മുതൽ ഹോട്ടലുകളിലും കല്യാണ സദ്യകളിലും പേപർ ഗ്ലാസുകൾക്ക് പകരം സ്റ്റീൽ ഗ്ലാസ്സുകളാവും ഉപയോഗിക്കുക. തുണിസഞ്ചിയുടെ ഉപയോഗത്തി‍​െൻറ പ്രാധാന്യം ജനങ്ങൾക്ക് എത്തിക്കുന്നതി​െൻറ ഭാഗമായി എല്ലാ വീടുകളിലും നഗരസഭ സ്വന്തമായി സന്ദേശത്തോടുകൂടിയ ഒരു തുണിസഞ്ചി സൗജന്യമായി എത്തിക്കും. പരിശോധനക്കായി പ്രത്യേക സ്ക്വാഡുകളെ നിയോഗിക്കും. വീടുകളിൽ സൗജന്യമായി വിതരണം ചെയ്യുന്ന തുണിസഞ്ചികൾ കുടുംബശ്രീ വനിതകളാണ് നിർമിക്കുക. സഞ്ചിക്ക് രണ്ട് രൂപ നിരക്കിൽ ഇവർക്ക് വേതനം നൽകും. യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി രഘുരാമൻ, നഗരസഭ ഹെൽത്ത് സൂപർ വൈസർ സി.കെ. ബുധ്രാജ്, ഹെത്ത് ഇൻസ്പെക്ടർമാരായ പി. മോഹനൻ, എം. ഷമീർ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.