ഡോക്ടര്‍മാരില്ല; കാളികാവ് സി.എച്ച്.സിയില്‍ കിടത്തി ചികിത്സ പ്രതിസന്ധിയില്‍

കാളികാവ്: സ്ഥലം മാറിപ്പോയ ഡോക്ടര്‍മാര്‍ക്ക് പകരം ഡോക്ടര്‍മാരെത്താത്തതിനാൽ കാളികാവ് സി.എച്ച്.സിയില്‍ കിടത്തി ചികിത്സ പ്രതിസന്ധിയിലായി. ഡോക്ടര്‍മാരുടെ സ്ഥലംമാറ്റം രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് വരുത്തിയിരിക്കുന്നത്. ഐ.പി വാര്‍ഡുകളില്‍നിന്ന് ആളുകള്‍ ഒഴിഞ്ഞുപോകാന്‍ തുടങ്ങി. കാലെടുത്തുവെക്കാന്‍ സ്ഥലമില്ലാത്ത ആശുപത്രിയായിരുന്നു കാളികാവ് സി.എച്ച്.സി. ആറ് ഡോക്ടര്‍മാരുണ്ടായിരുന്ന ആശുപത്രിയില്‍ ഇപ്പോള്‍ ഒരാള്‍ മാത്രമാണുള്ളത്. വണ്ടൂര്‍ ആശുപത്രിയിലേക്ക് സ്ഥലം മാറിപ്പോയ ഡോ. ജൗഹര്‍ താൽക്കാലികമായി കാളികാവ് ആശുപത്രിയില്‍തന്നെ തുടരുകയാണ്. മെഡിക്കല്‍ ഒാഫിസർ ഡോ. ഫാത്തിമ മാത്രമാണ് സ്ഥിരമായി ഉള്ളത്. രണ്ട് ഡോക്ടര്‍മാര്‍ വണ്ടൂരിലേക്കും ഒരാള്‍ തുവ്വൂര്‍ പി.എച്ച്.സിയിലേക്കുമാണ് മാറിപ്പോയത്. രണ്ട് ഡോക്ടര്‍മാര്‍ പ്രസവാവധിയിലും പോയതോടെയാണ് കാളികാവില്‍ ഒരാള്‍ മാത്രമായത്. കഴിഞ്ഞ ദിവസം മെഡിക്കല്‍ ഓഫിസര്‍ കൂടിയായ ഡോക്ടര്‍ കോണ്‍ഫറന്‍സിന് പോയതോടെ വണ്ടൂരില്‍ നിന്നുള്ള മറ്റൊരു ഡോക്ടര്‍ക്ക് താൽക്കാലിക ചുമതല നല്‍കുകയായിരുന്നു. എണ്ണൂറോളം രോഗികള്‍ ആശ്രയിച്ചിരുന്ന കാളികാവ് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സ്ഥലം മാറിപ്പോക്ക് കാരണം വെള്ളിയാഴ്ച ഉച്ചവരെ മുന്നൂറോളം പേര്‍ മാത്രമാണ് എത്തിയത്. ഡോക്ടര്‍മാര്‍ സ്ഥലം മാറിപ്പോയതോടെ കാളികാവ് ആശുപത്രി വീണ്ടും പഴയതുപോലെ ആയിരിക്കുകയാണ്. ഓരോ ദിവസവും ഡോക്ടര്‍മാര്‍ മാറി മാറി വരുന്നതിനാൽ രോഗികള്‍ക്ക് തുടര്‍ചികിത്സ മുടങ്ങുകയുമാണ്. ആരും ആശ്രയിക്കാനില്ലാതിരുന്ന ആശുപത്രിയെ ഉയര്‍ച്ചയിലേക്ക് എത്തിച്ചത് ആശുപത്രിയില്‍ ഒന്നര പതിറ്റാണ്ടോളം മെഡിക്കല്‍ ഓഫിസറായി ജോലി ചെയ്തിരുന്ന ഡോ. നജീബ് ആയിരുന്നു. മെഡിക്കല്‍ ഓഫിസറോടൊപ്പം മറ്റ് ഡോക്ടര്‍മാരും ജീവനക്കാരും ചേര്‍ന്നാണ് ആശുപത്രിയെ ഉന്നത നിലവാരത്തിലേക്കെത്തിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.