പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ 85 അധിക തസ്തികകള്‍

പൊന്നാനി: പൊന്നാനിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് 85 തസ്തികകൾ അനുവദിക്കാൻ മന്ത്രിസഭയോഗം തീരുമാനിച്ചു. പൊന്നാനിയുടെ ചികിത്സരംഗത്ത് ഇത് ഗുണകരമാവും. സ്ഥലം എം.എൽ.എ കൂടിയായ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇതിനുവേണ്ടി പ്രത്യേകം താൽപര്യമെടുത്തിരുന്നു. കുട്ടികളുടെയും സ്ത്രീകളുടെയും വിഭാഗത്തിൽ പ്രത്യേക ഡോക്ടർമാർ അടക്കം 26 പേരെയാണ് നിയമിക്കുക. 20 സ്റ്റാഫ്‌ നഴ്‌സുമാരുടെയും അനുബന്ധ ജീവനക്കാരുടെയും തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്. നിലവിൽ താലൂക്ക്‌ ആശുപത്രിയിൽ ഒ.പിയിൽ ദിവസവും രണ്ടായിരത്തോളം പേരാണ് വരുന്നത്. ഇരുന്നൂറിലധികം പ്രസവങ്ങളാണ് ഒരു മാസത്തിൽ നടക്കുന്നത്. ഗൈനക്കോളജി, പീഡിയാട്രിക് വിഭാഗങ്ങൾ പുതിയ ആശുപത്രിയിലേക്ക് മാറ്റുന്നതോടെ ഇവിടെയുള്ള മറ്റു പ്രത്യേക വിഭാഗങ്ങൾ കൂടുതൽ കാര്യക്ഷമമാകും. മാതൃ-ശിശു ആശുപത്രിയുടെ നിർമാണപ്രവൃത്തികൾ ദ്രുതഗതിയിൽ നടക്കുന്നുണ്ട്. ആശുപത്രിയുടെ ഇലക്ട്രിക്, പ്ലബിങ്, ഓപറേഷൻ തിയറ്റർ സ്റ്റീൽ റൂഫിങ്, സെൻട്രലൈസ്ഡ് ഗ്ലാസ് സിസ്റ്റം എന്നിവയുടെ നിർമാണപ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇത് പൂർത്തിയായ ഉടനെ ആശുപത്രിയുടെ പ്രവർത്തനം തുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.