അഭ്യാസികളല്ലെങ്കിലും വെട്ടത്ത്കടവുകാർ ഈ പാലം കടക്കുന്നു, പതിറ്റാണ്ടുകളായി

ഊർങ്ങാട്ടിരി: വെറ്റിലപ്പാറ വെട്ടത്ത്കടവുകാർ മഴക്കാലത്ത് ചെറുപുഴ കടന്ന് വെറ്റിലപ്പാറയിലെത്തുന്നത് ട്രപ്പീസ് കളിക്കുന്ന സർക്കസുകാര‍​െൻറ മെയ് വഴക്കത്തോടെ. ചെറുപുഴക്കപ്പുറം താമസിക്കുന്ന 15 കുടുംബങ്ങൾക്കും കൃഷി ചെയ്യുന്നവർക്കും മലയിൽ താമസിക്കുന്ന ആദിവാസികൾക്കും പറയാനുള്ളത് പതിറ്റാണ്ടുകളുടെ യാത്രാ ദുരിതത്തി​െൻറ കഥ. ഉരുളൻ പാറക്കല്ലുകൾ നിറഞ്ഞ ചെറുപുഴ മഴക്കാലത്ത് രൗദ്രഭാവം പൂണ്ട് കുത്തൊലിച്ച് നിറഞ്ഞൊഴുകുമ്പോൾ ഇവിടത്തുകാർ ആശ്രയിക്കുന്നത് കമുകിൻ ചീളുകളും മരപ്പലകയും കമ്പികൊണ്ട് കെട്ടിയുണ്ടാക്കിയ നടപ്പാലം. പുഴയിലൂടെ ഒഴുകി വരുന്ന മരക്കഷ്ണങ്ങളും മറ്റും നിരന്തരം തട്ടി ഏത് നിമിഷവും പൊളിഞ്ഞുവീഴാവുന്ന നിലയിലാണ് ഈ നടപ്പാലം. അംഗൻവാടിയിലെ പിഞ്ചു കുഞ്ഞുങ്ങൾ മുതൽ വെറ്റിലപ്പാറ ഹൈസ്കൂൾ വിദ്യാർഥികൾ വരെ ചവിട്ടുമ്പോൾ ചാഞ്ചാടുന്ന ഈ പാലത്തിലെ യാത്രികരാണ്. പാലത്തെ പേടിച്ച് വയോധികർ മഴക്കാലത്ത് വീട്ടിൽ ഒതുങ്ങിക്കൂടാറാണ് പതിവ്. രോഗികളെ ചുമലിലേറ്റി പുഴ മുറിച്ച് കടന്നാണ് ആശുപത്രിയിൽ കൊണ്ടുപോവുന്നത്. എട്ട് മീറ്റർ വിസ്തൃതിയുള്ള റോഡാണ് ചെറുപുഴയിലേക്കിറങ്ങുന്ന സ്ഥലത്തുള്ളത്. ഇത് കോൺക്രീറ്റ് ചെയ്ത് കടവിൽ പാലം നിർമിക്കണമെന്നത് നാട്ടുകാരുടെ വർഷങ്ങൾ പഴക്കമുള്ള ആവശ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.