ഓണം–പെരുന്നാള്‍: മാറ്റമില്ലാതെ ആകാശക്കൊള്ള

കൊണ്ടോട്ടി: ഓണം-ബലിപെരുന്നാള്‍ തിരക്ക് വര്‍ധിച്ചതോടെ ടിക്കറ്റ് നിരക്ക് ഇരട്ടിയിലും അധിലധികവും വര്‍ധിപ്പിച്ച് വിമാനക്കമ്പനികള്‍. ഗള്‍ഫ് മേഖലയിലേക്ക് സര്‍വിസ് നടത്തുന്ന കമ്പനികളാണ് ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയത്. ഒരേ റൂട്ടില്‍ തന്നെ നിരക്കില്‍ വന്‍ വ്യത്യാസമാണ്. ജിദ്ദ, റിയാദ്, ദുബൈ, മസ്കത്ത്, ഷാര്‍ജ, അബൂദബി, ദമ്മാം, ദോഹ, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിലാണ് വര്‍ധന. ഇതില്‍ കരിപ്പൂരിലേക്കാണ് ഏറ്റവും ഉയര്‍ന്ന നിരക്ക് നല്‍കേണ്ടത്. നെടുമ്പാശേരിയിലേക്ക് രണ്ടായിരം രൂപയോളം കുറവാണ്. വിദേശകമ്പനികളും എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസുമെല്ലാം പ്രവാസികളെ ചൂഷണം ചെയ്യുന്നതില്‍ മത്സരമാണ്. സീസണല്ലാത്ത സമയങ്ങളിലെ നഷ്ടം നികത്താനായാണ് നിരക്കുയര്‍ത്തുന്നതെന്നാണ് കമ്പനികളുടെ വാദം. ഉയര്‍ന്ന ടിക്കറ്റ് നിരക്ക് നല്‍കി നാട്ടിലേക്ക് വരുന്നവര്‍ക്ക് കുറച്ച് ദിവസങ്ങളായി ബാഗേജ് ലഭിക്കാത്ത സാഹചര്യമാണ്. കരിപ്പൂരില്‍ വിമാനമിറങ്ങുന്നവരാണ് ബാഗേജ് ലഭിക്കാതെ വട്ടം കറങ്ങുന്നവരിലധികവും. കൂടുതലും എയര്‍ ഇന്ത്യയിലും എയര്‍ ഇന്ത്യ എക്സ്പ്രസിലും എത്തിയവരാണ് ബാഗേജ് കൃത്യസമയത്ത് ലഭിക്കാതെ പ്രയാസത്തിലാകുന്നത്. തിരക്കേറിയതിനാല്‍ പരമാവധി യാത്രക്കാരുമായാണ് വിമാനങ്ങള്‍ സര്‍വിസ് നടത്തുന്നത്. കൂടാതെ, മഴയുള്ളതിനാല്‍ വിമാനം ഇറങ്ങാന്‍ സാധിച്ചില്ളെങ്കില്‍ വഴി തിരിച്ചുവിടേണ്ടി വരുമെന്നതിനാല്‍ ആവശ്യത്തിലധികം ഇന്ധനവും നിറക്കേണ്ടി വരും. ചെറിയ വിമാനങ്ങള്‍ കൂടിയായതിനാല്‍ ഭാരം കുറക്കാനാണ് ബാഗേജ് പിന്നീടത്തെിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.