കോട്ടപ്പടിയില്‍ റോഡ് വീതികൂട്ടാനാകാതെ നഗരസഭ

മലപ്പുറം: കോട്ടപ്പടി പൊലീസ് സ്റ്റേഷന് മുന്നിലെ കയറ്റം കുറക്കാനും റോഡ് വീതികൂട്ടാനുമായുള്ള നഗരസഭയുടെ നടപടിക്ക് ഒടുവില്‍ പൊലീസുതന്നെ പാരയായി. സ്റ്റേഷന് മുന്നില്‍ തൊണ്ടി വാഹനങ്ങള്‍ ഇട്ടിരുന്ന പത്ത് സെന്‍റിലധികം വരുന്ന സ്ഥലം ജില്ല പൊലീസ് മേധാവിയടക്കമുള്ളവര്‍ പ്രവൃത്തിക്കായി നഗരസഭക്ക് വിട്ടുനല്‍കിയിരുന്നു. തുടര്‍ന്ന് നഗരസഭതന്നെ ഇവിടെയുള്ള തൊണ്ടിവാഹനങ്ങള്‍ മുഴുവനായും മാറ്റി സ്ഥലം ഉയര്‍ത്താന്‍ മണ്ണും ഇറക്കി. ഇതെല്ലാം കഴിഞ്ഞപ്പോഴാണ് സ്ഥലം വിട്ടുനല്‍കാന്‍ തങ്ങള്‍ക്ക് അധികാരമില്ളെന്ന് ജില്ല പൊലീസ് നഗരസഭയെ അറിയിച്ചത്. സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ സ്ഥലം നല്‍കാനാവൂ എന്നാണ് ഒടുവില്‍ പൊലീസ് അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തേക്ക് പോയ ചെയര്‍പേഴ്സന്‍ സി.എച്ച്. ജമീല ഡി.ജി.പിയെ കണ്ട് ഇതുസംബന്ധിച്ച കത്ത് കൈമാറി.അതേസമയം, നഗരസഭ പ്രവൃത്തി ആരംഭിച്ചശേഷം പൊലീസ് എതിര്‍പ്പുമായി രംഗത്തത്തെിയത് വിചിത്രമാണ്. സ്റ്റേഷന് മുന്നിലെ റോഡ് വീതി കൂട്ടാത്തതിനാല്‍ ഇവിടെ അപകടം പതിവായത് നിരവധി തവണ ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് നഗരസഭ സ്ഥലം ഏറ്റെടുക്കാനും മറ്റും മുന്നിട്ടിറങ്ങിയത്. എന്നാല്‍, ആദ്യം ഒപ്പംനിന്ന പൊലീസ് തന്നെയാണ് ഇപ്പോള്‍ ഉടക്ക് വെച്ചിരിക്കുന്നത്. അതിനിടെ സ്ഥലം വിട്ടുകിട്ടുന്ന മുറക്ക് പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്സന്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.