സ്കൂളുകളില്‍ ഫീസ് വാങ്ങി സ്വകാര്യ ഏജന്‍സിയുടെ ടാലന്‍റ് ടെസ്റ്റ്

മലപ്പുറം: സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ഫീസ് വാങ്ങി സ്വകാര്യ ഏജന്‍സിയുടെ ടാലന്‍റ് ടെസ്റ്റ്. കഴിഞ്ഞ ദിവസം കൊണ്ടോട്ടി ഉപജില്ലയിലെ സ്കൂളുകളിലാണ് ഒരു വിദ്യാര്‍ഥിയില്‍നിന്ന് 140 രൂപ ഫീസ് ഈടാക്കി കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സി ടാലന്‍റ് ടെസ്റ്റ് സംഘടിപ്പിച്ചത്. യു.കെ.ജി മുതല്‍ നാലാം ക്ളാസ് വരെയുള്ള വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. അതേസമയം, ഇത്തരം ഫീസ് ഈടാക്കിയുള്ള പരീക്ഷക്ക് അനുമതി നല്‍കിയിട്ടില്ളെന്ന് ജില്ല വിദ്യാഭ്യാസ ഓഫിസര്‍ അറിയിച്ചു. സംഭവം ചൊവ്വാഴ്ച അന്വേഷിക്കുമെന്നും ഓഫിസര്‍ പറഞ്ഞു. അതിനിടെ ചില അധ്യാപകരും രക്ഷിതാക്കളുമടക്കം എതിരായിട്ടും പല സ്കൂളുകളിലും പരീക്ഷ നടത്തിയതായാണ് അറിവ്. കുട്ടികളെ മത്സര പരീക്ഷകളില്‍ പങ്കെടുപ്പിക്കാനുള്ള രക്ഷിതാക്കളുടെ താല്‍പര്യത്തെ ഇത്തരം ഏജന്‍സികള്‍ ചൂഷണം ചെയ്യുന്നതായി അധ്യാപകര്‍തന്നെ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണം അടക്കമുള്ള സൗകര്യങ്ങള്‍ നല്‍കി ഫീസ് ഈടാക്കാതെ ചില സന്നദ്ധ സംഘടനകളും മറ്റും അഭിരുചി പരീക്ഷകള്‍ സംഘടിപ്പിക്കാറുണ്ട്. എന്നാല്‍, ഈ ഏജന്‍സി സാമ്പത്തിക നേട്ടം ലക്ഷ്യമാക്കിയാണ് പരീക്ഷ നടത്തുന്നതെന്നാണ് ആരോപണം. ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്ക് പുറമെ പങ്കെടുത്ത കുട്ടികള്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റുകളും സമ്മാനവും നല്‍കുന്നുണ്ടെങ്കിലും ഈ സര്‍ട്ടിഫിക്കറ്റ് പിന്നീട് എവിടെയും ഉപയോഗപ്പെടുത്താന്‍ കഴിയാത്തതാണത്രേ. അഞ്ച് രൂപ ഒരു കുട്ടിയില്‍നിന്ന് ലാഭമായി കിട്ടിയാലും വന്‍തുകയാണ് ഏജന്‍സിക്ക് പരീക്ഷയുടെ മറവില്‍ ലഭിക്കുന്നതെന്ന് ചില പൊതുപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.