മഞ്ചേരി നഗരസഭാ ഓഫിസ്: വായ്പക്ക് അനുമതിയായി

മഞ്ചേരി: നഗരസഭാ ആസ്ഥാനത്തിന് പുതുതായി നിര്‍മിക്കുന്ന ഓഫിസ് കം ഷോപ്പിങ് കോംപ്ളക്സ് ടെന്‍ഡര്‍ ഉറപ്പിച്ച് 15 മാസം പിന്നിടുമ്പോഴും യാഥാര്‍ഥ്യമായില്ല. വായ്പയെടുക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. 9.5 കോടിരൂപയാണ് പദ്ധതി തുക കണക്കാക്കിയിരുന്നത്. 22 ശതമാനം അധികതുകക്ക് സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് ഏറ്റെടുത്തത്. ഇതിന്‍െറ അനുമതിക്ക് അപേക്ഷിച്ചപ്പോള്‍ അധികതുക 22 ശതമാനമെന്നത് സര്‍ക്കാര്‍ 13.59 ശതമാനമായി കുറക്കുകയായിരുന്നു. സ്വന്തമായി ഓഫിസോ നഗരസഭാ കൗണ്‍സില്‍ യോഗം ചേരാനുള്ള സ്ഥലമോ ഇല്ലാതെ 13 വര്‍ഷമായി നഗരസഭ ബുദ്ധിമുട്ടുകയാണ്. മാറിമാറിവന്ന ഓരോ ഭരണസമിതിയും ഇതില്‍ അമാന്തം തുടര്‍ന്നു. 2015 ഏപ്രില്‍ മധ്യത്തോടെയാണ് ടെന്‍ഡര്‍ ഉറപ്പിച്ചത്. കെട്ടിട സമുച്ചയത്തിന്‍െറ ശിലാസ്ഥാപനം മേയ് 24ന് മുന്‍മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കുകയും ചെയ്തു. ഒരുവര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് നഗരസഭ പ്രഖ്യാപിച്ചിരുന്നത്. 2003ല്‍ പഴയ കെട്ടിടം പുതുക്കി നിര്‍മിക്കാനായി പൊളിച്ചതാണ്. ഇത് നിര്‍മിക്കാന്‍ തുടര്‍ന്ന് വന്ന രണ്ട് യു.ഡി.എഫ് ഭരണസമിതികള്‍ക്കുമായില്ല. മൂന്നാമത്തെ ഭരണസമിതിയാണ് ഇപ്പോഴത്തേത്. സാംസ്കാരിക നിലയമായി പണിത മാധവന്‍നായര്‍ സ്മാരക കെട്ടിടം ഓഫിസ് ആവശ്യങ്ങള്‍ക്കായി നഗരസഭ കൈയടക്കിയിരിക്കുകയാണ്. നഗരസഭാ ഹാളില്‍ കൗണ്‍സില്‍ യോഗം ചേരുമ്പോള്‍ അംഗങ്ങളും അധ്യക്ഷനും സംസാരിക്കുന്നത് എല്ലാവര്‍ക്കും കേള്‍ക്കാനാകില്ല. വനിതാ അംഗങ്ങളടക്കം കൗണ്‍സില്‍ യോഗം കഴിഞ്ഞാല്‍ തീരുമാനങ്ങള്‍ മുന്നില്‍ ഇരുന്നിരുന്നവരോട് ചോദിച്ച് മനസ്സിലാക്കുന്ന ഗതികേടുമുണ്ട്. 2004ല്‍ പഴയ കെട്ടിടം നില്‍ക്കുന്ന ഭാഗത്ത് കാര്യമായ മുന്നൊരുക്കങ്ങളില്ലാതെ ഓഫിസ് നിര്‍മാണം തുടങ്ങിയതിന്‍െറ ശേഷിപ്പായി ഏതാനും തൂണുകള്‍ ഇവിടെയുണ്ട്. ഇതിന്‍െറ മുന്‍ഭാഗത്ത് ഷോപ്പിങ് കോംപ്ളക്സും പിന്നില്‍ ഓഫിസുമാണ് വരിക. ഷോപ്പിങ് കോംപ്ളക്സ് നിര്‍മാണം തുടങ്ങാനുള്ള തടസ്സം വായ്പയെടുക്കാനുള്ള അനുമതി നീണ്ടുപോയതായിരുന്നുവെന്നും അത് ലഭിച്ചതിനാല്‍ കാലതാമസമില്ലാതെ നിര്‍മാണം ആരംഭിക്കുമെന്നും നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍ വല്ലാഞ്ചിറ മുഹമ്മദലി അറിയിച്ചു. പ്രവൃത്തി ഏറ്റെടുത്ത നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയും ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.