വള്ളിക്കുന്ന് റെയില്‍വേ പ്ളാറ്റ്ഫോം കാടുമൂടിയ നിലയില്‍

വള്ളിക്കുന്ന്: റെയില്‍വേ സ്റ്റേഷനിലെ പ്ളാറ്റ്ഫോമുകള്‍ കാടുമൂടി കിടക്കുന്നത് യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു. റെയിലിനു വടക്കുഭാഗത്തായി ഇരു പ്ളാറ്റ്ഫോമുകളിലുമായി വിവിധ ഭാഗങ്ങളിലാണ് പുല്ലുകളും മറ്റും തഴച്ചുവളര്‍ന്നുകൊണ്ടിരിക്കുന്നത്. പ്ളാറ്റ്ഫോമുകളിലെ വെയിറ്റിങ് ഷെല്‍ട്ടറിനുള്ളിലേക്ക് വരെ വള്ളിപടര്‍പ്പുകള്‍ നിറഞ്ഞുകിടക്കുകയാണ്. ഇതുകാരണം ഇഴജന്തുക്കളുടെ ശല്യം വര്‍ധിച്ചതായും യാത്രക്കാര്‍ക്ക് പരാതിയുണ്ട്. പ്ളാറ്റ്ഫോമിന്‍െറ പടിഞ്ഞാറുഭാഗത്തുകൂടി സമാന്തരമായി കടന്നുപോകുന്ന റോഡിനും പ്ളാറ്റ്ഫോമിനും ഇടയില്‍ മീറ്ററുകളോളം പുല്ലുകളും കാടുകളും വളര്‍ന്നുനില്‍ക്കുകയാണ്. കൊലപാതകത്തിനും കൊലപാതകശ്രമത്തിനും വേദിയായ സ്ഥലംകൂടിയാണ് വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍. മദ്യവില്‍പനക്കാരുടെ താവളവും റെയില്‍വേ സ്റ്റേഷനിലെ കാടുകള്‍ കേന്ദ്രീകരിച്ചാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പകല്‍ പോലും ഒറ്റക്ക് ട്രെയിന്‍ കാത്തുനില്‍ക്കാന്‍ ആളുകള്‍ ഭയപ്പെടുകയാണ്. വള്ളിക്കുന്ന് കേന്ദ്രീകരിച്ച് നിരവധി ക്ളബുകളും യുവജന സംഘടനകളും ഉണ്ടെങ്കിലും റെയില്‍വേ സ്റ്റേഷനിലെ ശുചീകരണത്തിന് ആരും തയാറാവുന്നില്ല. രാത്രി കാലങ്ങളില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്‍റുകളില്‍ യാത്രചെയ്യാനത്തെുന്നവര്‍ക്കും ട്രെയിന്‍ ഇറങ്ങുന്നവര്‍ക്കും ഭീഷണി ഉയര്‍ത്തി വളര്‍ന്നുനില്‍ക്കുന്ന കാടുകള്‍ വെട്ടിമാറ്റാന്‍ റെയില്‍വേ അധികൃതര്‍ തയാറാവണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.