കെ.എസ്​.ആർ.ടി.സി​ ഡ്രൈവറുടെ റൂട്ട്​മാപ് സങ്കീർണം

കണ്ണൂർ: ശനിയാഴ്ച സമ്പർക്കം വഴി കോവിഡ് സ്ഥിരീകരിച്ച മുഴക്കുന്ന് സ്വദേശിയായ കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ റൂട്ട്മാപ് സങ്കീർണം. കണ്ണൂർ ഡിപ്പോയിലെ ഉദ്യോഗസ്ഥരുമായും ഡ്രൈവർമാരുമായും ഇയാൾ അടുത്തിടപഴകിയതായാണ് വിവരം. മേയ് 27ന് പുലർച്ച തജികിസ്താനിൽനിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തിയ കൊല്ലം സ്വദേശികളായ മെഡിക്കൽ വിദ്യാർഥികളെ കെ.എസ്.ആർ.ടി.സി ബസിൽ ഇയാളാണ് നാട്ടിലെത്തിച്ചത്. ബസിലുണ്ടായിരുന്ന ഭൂരിഭാഗം പേരും കോവിഡ് പോസിറ്റിവായിരുന്നു. വിദ്യാർഥികളുടെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടതിനാലാണ് ബസ് ഡ്രൈവറുടെ സാമ്പിൾ പരിശോധിച്ചത്. കൊല്ലത്ത് പോയി വന്നശേഷം ഡിപ്പോയിൽ കിടന്നുറങ്ങിയാണ് ഇയാൾ നിരീക്ഷണത്തിൽ പോയതെന്നാണ് വിവരം. രണ്ടുദിവസം മുമ്പ് ഇയാൾ കണ്ണൂർ ഡിപ്പോയിലെത്തി സഹപ്രവർത്തകരുമായി അടുത്തിടപഴകിയതായാണ് അറിയുന്നത്. ഇയാളുമായി അടുത്തിടപഴകിയവരുടെ വിവരങ്ങൾ ശേഖരിച്ചുവരുകയാണെന്നും സംഭവത്തിൽ അന്വേഷിക്കുമെന്നും ഡി.എം.ഒ ഡോ. നാരായണ നായ്ക് 'മാധ്യമ'ത്തോട് പറഞ്ഞു. ഡ്രൈവർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തതോടെ കെ.എസ്.ആർ.ടി.സി ജീവനക്കാർ ആശങ്കയിലാണ്. ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർ വിമാനത്താവളങ്ങളിൽനിന്ന് യാത്രക്കാരുമായി മണിക്കൂറുകൾ ബസ് ഓടിക്കേണ്ടിവരുന്നതെന്ന് പരാതിയുണ്ട്. മഴയായതിനാൽ ബസിൻെറ ഷട്ടറുകൾ അടക്കം മിക്കപ്പോഴും അടഞ്ഞ നിലയിലുമാകും. ഇതും രോഗവ്യാപനത്തിന് കാരണമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.