സമ്പര്‍ക്കം വഴി രോഗബാധ: തില്ലങ്കേരി-മുഴക്കുന്ന് മേഖല ആശങ്കയില്‍

ഇരിട്ടി: സമ്പര്‍ക്കം മൂലം രണ്ടാഴ്ചക്കിടയില്‍ അഞ്ചുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ തില്ലങ്കേരി -മുഴക്കുന്ന്്് മേഖലയില്‍ കടുത്ത ആശങ്ക. ശനിയാഴ്ച മാത്രം നാലുപേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയുന്നതില്‍ ആരോഗ്യ വകുപ്പിനുണ്ടായ വീഴ്ചയും മേഖലയില്‍ ചര്‍ച്ചയാവുകയാണ്. എടക്കാനത്ത് രോഗം സ്ഥിരീകരിച്ച യുവതിക്ക് ഗള്‍ഫില്‍ നിന്നും രോഗബാധയുണ്ടായിരുന്നു. ഇവരുടെ ആദ്യ പരിശോധന ഫലം പോസിറ്റിവ് ആവുകയും തുടര്‍ന്നുള്ള പരിശോധനയില്‍ നെഗറ്റിവാകുകയും ചെയ്തു. ഇവരുടെ മെഡിക്കല്‍ രേഖകളെല്ലാം ബന്ധപ്പെട്ടവരെ അറിയിക്കുകയും 14 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയും ചെയ്തു. നിരീക്ഷണ കാലയളവില്‍ ഇവരുടെ സ്രവം പരിശോധനക്ക് അയക്കണമെന്ന് വീട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടിട്ടും നീട്ടിക്കൊണ്ടുപോവുകയായിരുന്നു. നിരീക്ഷണ കാലാവധി കഴിയുന്ന ദിവസമാണ് സ്രവം പരിശോധനക്കെടുത്തത്. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലാഞ്ഞതിനാല്‍ പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകരോട് ചോദിച്ച് പുറത്തിറങ്ങി. ഇവരുടെ കുടുംബക്കാരും പുറത്തിറങ്ങി പലരുമായി സമ്പര്‍ക്കം പുലര്‍ത്തി. വൈകീട്ടോടെയാണ് ഇവര്‍ക്ക് പോസിറ്റിവാണെന്ന സ്ഥിരീകരണം ഉണ്ടായത്. രോഗ ബാധയുണ്ടായ യുവതിയും അവരുടെ ബന്ധുക്കളും പലരുമായി ബന്ധം പുലര്‍ത്തിയതോടെ ഇരിട്ടി നഗരസഭയിൽ എടക്കാനത്തെ രണ്ട് വാര്‍ഡുകള്‍ ഹോട്സ്പോട്ടാക്കി കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പയഞ്ചേരിയില്‍ നാലംഗ പ്രവാസി കുടുംബത്തിലെ യുവാവിന് രോഗലക്ഷണം ഉണ്ടായിട്ടും ഇയാൾക്കൊപ്പം യാത്രചെയ്തെത്തിയ പ്രായമായ രണ്ടുപേരെ നിരീക്ഷിക്കുന്നതിലും അവരുടെ സ്രവം പരിശോധനക്ക് അയക്കുന്നതിലും വന്‍ വീഴ്ചയുണ്ടായി. ഇവര്‍ കൂത്തുപറമ്പിലെ തറവാട് വീട്ടിലേക്ക് താമസം മാറ്റിയതുപോലും വളരെ വൈകിയാണ് ബന്ധപ്പെട്ടവര്‍ അറിയുന്നത്. 70കാരന്‍ രോഗം സ്ഥിരീകരിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ മരിച്ചു. ഇയാളുടെ പ്രായമായ ഭാര്യക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ട്. ഇവര്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.