ചിറക്കൽ ചിറ നവീകരണം: അശാസ്ത്രീയവും അഴിമതിയുമെന്ന് ആരോപണം

പുതിയതെരു: ചിറക്കൽ ചിറ നവീകരണ പ്രവൃത്തി നടത്തുന്നതിൽ അശാസ്ത്രീയതയും അഴിമതിയെന്നും ആരോപണം. പ്രവൃത്തി നടത്തുന്നതിൽ അപാകതയുണ്ടെന്ന് ചൂണ്ടി ക്കാട്ടി കോൺഗ്രസും ബി.ജെ.പിയും രംഗത്തെത്തി. നിർമാണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നുവെന്ന ബി.ജെ.പി അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ പരാതിയെത്തുടർന്ന് സംസ്ഥാന ഉപാധ്യക്ഷൻ എ.പി. അബ്ദുല്ല ക്കുട്ടി കഴിഞ്ഞ ദിവസം ചിറക്കൽ ചിറ സന്ദർശിക്കുകയും പ്രവൃത്തി ഏറ്റെടുത്ത കരാറുകാരനുമായി സംസാരിക്കുകയും ചെയ്തു. ഇതിൻെറ അടിസ്ഥാനത്തിൽ ജൂൺ നാലിനുള്ളിൽ ചിറയിലെ ചളി പൂർണമായും നീക്കം ചെയ്യുമെന്ന് കരാറുകാരൻ ഉറപ്പും നൽകിയിട്ടുണ്ട്. ചിറ നവീകരണത്തിൽ വൻ അഴിമതിയെന്ന് ആരോപിച്ച് ചിറക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കണ്ണൂരിലെ മൈനർ ഇറിഗേഷൻ ഓഫിസിന് മുന്നിൽ ചൊവ്വാഴ്ച ധർണ സമരം നടത്തും. ചിറക്കൽ ചിറയുടെ നവീകരണ പ്രവൃത്തി ആരംഭിച്ചത് മുതൽ പരിമിതമായ യന്ത്ര സാമഗ്രികൾ ഉപയോഗിച്ച് പ്രവൃത്തി നടത്തുന്നതിൽ പ്രദേശവാസികൾക്ക് കടുത്ത അമർഷമുണ്ട്. രണ്ട് മണ്ണുമാന്തി യന്ത്രവും നാല് ലോറികളും ഉപയോഗിച്ചാണ്, ചിറയിൽ അടിഞ്ഞുകൂടിയ ചളിയും മാലിന്യവും നീക്കം ചെയ്യുന്നത്. 2.30കോടി രൂപയുടെ പദ്ധതി അടങ്കലുള്ള ചിറക്കൽ ചിറയുടെ നവീകരണ പ്രവൃത്തി, ആലപ്പുഴ സ്വദേശി ബിനോയ് ആണ് 1,97,97,414 രൂപക്ക് പ്രവൃത്തി പൂർത്തീകരിക്കാൻ കരാർ ഏറ്റെടുത്തത്. 2019 നവംബർ 14ന് മൈനർ ഇറിഗേഷൻ വകുപ്പിൻെറ മുമ്പാകെ ഒപ്പുവെച്ച കരാർ പ്രകാരം 2019 നവംബർ മുതൽ 2020 നവംബർ വരെയുള്ള ഒരു വർഷ കാലാവധിക്കുള്ളിൽ ചിറയുടെ നവീകരണ പ്രവൃത്തി പൂർത്തീകരിക്കണം. എന്നാൽ, 2020 ജനുവരി 31നാണ് നവീകരണ പ്രവൃത്തി ആരംഭിച്ചതു തന്നെ. ഇതിനിടയിൽ ലോക് ഡൗൺ ആയതിനാൽ ചിറയിലെ ചളി നീക്കം ചെയ്യൽ പ്രവൃത്തിയും പടവുകളുടെ സംരക്ഷണ പ്രവൃത്തിയും രണ്ടാഴ്ചക്കാലം നിലച്ചു. വർഷകാലം ആരംഭിച്ചുകഴിഞ്ഞാൽ ചിറയിൽ മഴവെള്ളം നിറഞ്ഞ് വീണ്ടും പഴയ സ്ഥിതിയിലായാൽ ചളി നീക്കം ചെയ്യൽ പാതി വഴിയിലാകും എന്നതിനാൽ ചിറക്കൽ പഞ്ചായത്ത് പ്രസിഡൻറ് എ.സോമൻ ജില്ല കലക്ടർക്ക്, പ്രവൃത്തി തുടരുന്നതിന് അപേക്ഷ നൽകിയതിനെത്തുടർന്ന് ലോക് ഡൗൺ കാലത്തും നിർമാണ പ്രവൃത്തി തുടരുന്നതിന് കലക്ടർ അനുവാദം നൽകിയെങ്കിലും പ്രവൃത്തി ഇഴയുകയാണുണ്ടായത്. പടം:1)ചിറക്കൽ ചിറ നവീകരണ പ്രവൃത്തിയിൽ അഴിമതി ആരോപണത്തെ തുടർന്ന് കരാറുകാരനുമായി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി സംസാരിക്കുന്നു.2)എ.പി. അബ്ദുല്ലക്കുട്ടി സന്ദർശിക്കുന്നു 3) നവീകരണ പ്രവൃത്തി ഇഴയുന്ന ചിറക്കൽ ചിറ. പ്രദേശത്ത് അനധികൃതമായി കടക്കുന്നതും തൊഴിൽ തടസ്സപ്പെടുത്തുന്നതും നിയമപരമായി ശിക്ഷാർഹമാണെന്ന ഹൈകോടതി ഉത്തരവ് ബാനറായി സ്ഥാപിച്ചതും കാണാം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.