രാമനാട്ടുകര നഗരസഭക്കെതിരെ അഴിമതി ആരോപണവുമായി വൈസ് ചെയർപേഴ്‌സൺ

രാമനാട്ടുകര: നഗരസഭ ഭരണമുന്നണിക്കെതിരെ നിരവധി അഴിമതി ആരോപണങ്ങളുമായി വൈസ് ചെയർപേഴ്സൺ രംഗത്ത്. കഴിഞ്ഞ ദിവസം വൈസ് ചെയർപേഴ്സൺ പി.കെ. സജ്നക്കെതിരെ ഭരണമുന്നണിയായ എൽ.ഡി.എഫ് അവിശ്വാസത്തിന് നോട്ടീസ് നൽകുകയും ചൊവ്വാഴ്ച അവിശ്വാസത്തിൻ മേൽ ചർച്ച നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് ഭൂമി കൈമാറിയതിൽ വൻ അഴിമതിയാണ് നടന്നതെന്നും ഇക്കാര്യം എൽ.ഡി.എഫിലും പ്രീ കൗൺസിലിലും ശക്തമായി ഉന്നയിച്ചതാണ് തനിക്കെതിരെയുള്ള എൽ.ഡി.എഫ് നീക്കത്തിന് പിന്നിലെന്നും പി.കെ. സജ്ന പത്ര ക്കുറിപ്പിൽ അറിയിച്ചു. പഞ്ചായത്തായ സമയത്തുതന്നെ ചീക്കോട് കുടിവെള്ളം രാമനാട്ടുകര വൈദ്യരങ്ങാടി വരെ അന്നത്തെ യു.ഡി.എഫ് ഭരണ സമിതി എത്തിച്ചിട്ടുണ്ടെന്നും എന്നാൽ, എൽ.ഡി.എഫ് അധികാരത്തിലേറി അഞ്ചു വർഷമാകാറായിട്ടും വെള്ളം ജനങ്ങൾക്കെത്തിക്കാൻ ഭരണമുന്നണിക്കായിട്ടില്ല. 2015ൽ അന്നത്തെ യു.ഡി.എഫ് സർക്കാർ ഉദ്ഘാടനം ചെയ്ത നഗര സൗന്ദര്യവത്കരണം എങ്ങുമെത്തിയിട്ടില്ല. ആശ വർക്കർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് അഴിമതിയും സ്വജനപക്ഷപാതവുമാണ് നടന്നത്. സർക്കാർ നിർദേശ പ്രകാരമുള്ള കമ്മിറ്റി അംഗങ്ങളെയല്ല നിയമിച്ചതെന്നും ഇതിലുള്ള പ്രതിഷേധം ഞാൻ അപ്പോൾതന്നെ അറിയിച്ചതാണെന്നും അവർ പറയുന്നു. സുരഭിമാളിലെ തിയറ്ററിൻെറ ലൈസൻസ് നിയമ പ്രകാരമല്ല അനുവദിച്ചത്. ചെയർമാൻെറ പ്രത്യേക നിർദേശ പ്രകാരം എല്ലാ നിയമങ്ങളും ലംഘിച്ചാണ് അനുവദിച്ചത്. ധനകാര്യ കമ്മിറ്റിയുടെ അനുമതിയോടെയല്ല ലൈസൻസ് അനുവദിച്ചത്. ഇതിലും വൻ അഴിമതിയാണ് നടന്നിട്ടുള്ളത്. ഇക്കാരണത്താൽ നഗരസഭക്ക് ഓരോ വർഷവും 60 ലക്ഷം രൂപയാണ് നഷ്ടമാകുന്നതെന്നും ഇവർ പറഞ്ഞു. യുവജനങ്ങളോട് പുറം തിരിഞ്ഞിരിക്കുന്ന സമീപനമാണ് നഗരസഭക്കെന്നും സ്വന്തമായി കളിസ്ഥലം ഇതുവരെ നിർമിക്കാൻ കഴിഞ്ഞില്ലെന്നും നേരത്തേ ഏറ്റെടുത്ത ഭൂമിയിൽ ഇക്കാലയളവിൽ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഭരണ പക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നും എതിർപ്പുകൾ വകവെക്കാതെ മാലിന്യ സംസ്കരണ ഭാഗമായി റാം ബയോളജിക്കൽ ഏജൻസിയുമായി കരാറിൽ ഏർപ്പെടുകയും എന്നാൽ, ഏജൻസിയുടെ ഭാഗത്തുനിന്നും നഗരസഭക്ക് ഒരു സേവനവും ലഭിച്ചില്ല. ഇതിലും അഴിമതി നടന്നിട്ടുണ്ടെന്നും പി.കെ. സജ്ന ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.