ടോമിയുടെ ഗ്രോബാഗിൽ വിളഞ്ഞത് 'നീളൻ' വെണ്ടക്ക

തിരുവമ്പാടി: കൂടരഞ്ഞി മരഞ്ചാട്ടി കണ്ടംപ്ലാക്കല്‍ ടോമിയുടെ വീട്ടുമുറ്റത്തെ ഗ്രോബാഗിൽ വിളഞ്ഞ വെണ്ട ലിംഗ ബുക് ഓഫ് റെക്കോഡിൽ സ്ഥാനം നേടുമോ? നാട്ടുകാരുടെ ഈ ചോദ്യം തമാശയല്ല. വെണ്ടക്കയുടെ നീളംകണ്ട് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായ ടോമിയുടെ മകള്‍ ഗോള്‍ഡക്ക് കൗതുകം തോന്നി. നിലവിൽ നീളംകൂടിയ വെണ്ടക്കയുടെ റെക്കോഡ് ആർക്കാണെന്നായിരുന്നു അന്വേഷണം. ഗൂഗിളില്‍ പരതി. നിലവിലെ ലിംക ബുക് ഓഫ് റെക്കോഡ് ഷാര്‍ജയിലെ മലയാളിയായ സുധീഷ് ഗുരുവായൂര്‍ എന്ന യുവകര്‍ഷകന്‍ വിളയിച്ചെടുത്ത വെണ്ടക്കക്കാണെന്ന് അറിഞ്ഞു. ഷാര്‍ജ വൈദ്യുതി, ജല അതോറിറ്റി ജീവനക്കാരനാണ് സുധീഷ്. 16.5 ഇഞ്ച് നീളമാണ് അവിടെ ഉൽപാദിപ്പിച്ച എറ്റവും വലിയ വെണ്ടക്കക്കുള്ളത്. വെണ്ടയുടെ നീളം തണ്ടുമുതല്‍ 20.5 ഇഞ്ചും ഫലം തുടങ്ങുന്ന ഭാഗത്തുനിന്ന് അളന്നപ്പോള്‍ 17 ഇഞ്ചുമുണ്ട്. നീളമേറിയ വെണ്ടക്കയുടെ റെക്കോഡ് ബുക്കിലെത്തേണ്ടത് ഈ വെണ്ടയല്ലേയെന്ന സംശയത്തിലാണ് നാട്ടുകാർ. കൂടരഞ്ഞിയിലെ ഒരു കര്‍ഷകനിൽ നിന്ന് വാങ്ങിയ വിത്തുകള്‍ തൻെറ കൃഷിരീതികളിലൂടെ വിളയിച്ചെടുക്കുകയായിരുന്നു ടോമി. ഓട്ടോ ഡ്രൈവറാണ് ഇദ്ദേഹം. ശീമക്കൊന്നയിലയും മൂന്നു ദിവസം പുളിപ്പിച്ച കഞ്ഞി വെള്ളവും ചേര്‍ത്ത് തയാറാക്കുന്ന വളക്കൂട്ടാണ് വെണ്ടയുടെ വളര്‍ച്ചയുടെയും നീളത്തിൻെറയും രഹസ്യം. മകൾ ഗോള്‍ഡയുടെ യുട്യൂബ് ചാനലില്‍ ഇവിടെ ഉൽപാദിപ്പിച്ച വെണ്ടക്കകള്‍ കാണാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.