തടവുകാർക്ക് ക്വാറൻറീൻ സൗകര്യം ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

കണ്ണൂർ: പരോൾ കാലാവധി കഴിഞ്ഞ് ജയിലുകളിൽ തിരിച്ചെത്തുന്ന തടവുകാരെ ക്വാറൻറീൻ ചെയ്യിക്കാനുള്ള സൗകര്യം ജയിലുകളിലുണ്ടെന്ന് അധികൃതർ ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഇൗ വിഷയത്തിൽ അതത് ജയിൽ സൂപ്രണ്ടുമാർ സൗകര്യങ്ങൾ പരിശോധിച്ച് പരാതികൾ പരിഹരിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിൽ ആവശ്യപ്പെട്ടു. കണ്ണൂരിൽ രണ്ട് റിമാൻഡ് തടവുകാർക്ക് കഴിഞ്ഞ ദിവസം കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. കണ്ണൂർ സബ് ജയിലിലായിരുന്ന തടവുകാർക്കായിരുന്നു വൈറസ് ബാധ. തുടർന്ന് 30 പൊലീസുകാരും രണ്ട് മജിസ്ട്രേറ്റ് അടക്കം നിരവധി കോടതി ജീവനക്കാരും നിരീക്ഷണത്തിൽ പോയിരുന്നു. ഇൗ പശ്ചാത്തലത്തിലാണ് കമീഷൻെറ ഉത്തരവ്. കോവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ സുപ്രീംകോടതി നിർദേശാനുസരണമാണ് സംസ്ഥാനത്തെ സെൻട്രൽ ജയിലുകളിലെയടക്കം തടവുകാരെ 60 ദിവസത്തെ പരോളിൽ വിട്ടയച്ചത്. ഇവർ പരോൾ കാലാവധി കഴിഞ്ഞ് ജയിലുകളിലേക്ക് മടങ്ങിയെത്താൻ തുടങ്ങിയിട്ടുണ്ട്. ഇവരെ സർക്കാർ നിർദേശ പ്രകാരം ക്വാറൻറീൻ ചെയ്യിക്കേണ്ട ബാധ്യത ജയിൽ ഉദ്യോഗസ്ഥർക്കുണ്ട്. തടവുകാരെ ക്വാറൻറീനിൽ പാർപ്പിക്കണമെങ്കിൽ നിലവിൽ അവർക്ക് ആവശ്യമായ ശുചിമുറി സൗകര്യംപോലും പല ജയിലുകളിലുമില്ല. രാജ്യത്തെ ചില ഹൈകോടതികൾ തടവുകാരുടെ പരോൾ കാലാവധി നീട്ടി നൽകിയിട്ടുണ്ടെങ്കിലും കേരളത്തിൽ അത്തരമൊരു ഉത്തരവ് നിലവിലില്ല. ജയിലിൽ മടങ്ങിയെത്തുന്ന തടവുകാരെ ക്വാറൻറീനിൽ പാർപ്പിച്ചില്ലെങ്കിൽ സഹതടവുകാർക്ക് വൈറസ് ബാധക്ക് സാധ്യതയുണ്ട്. അതിനാൽ ഇത്തരം കാര്യങ്ങളിൽ ആവശ്യമായ നടപടി സ്വീകരിച്ച ശേഷം ജയിൽ ഡറയക്ടർ ജനറൽ 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.