കോടതിയും ജയിലും പൊലീസും കോവിഡ്​ ഭീതിയിൽ

കണ്ണൂർ: സബ് ജയിലിലെ റിമാൻഡ് തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മജിസ്ട്രേറ്റും പൊലീസ്, ജയിൽ ഉദ്യോഗസ്ഥരുമടക്കം നിരവധി പേർ നിരീക്ഷണത്തിൽ. പ്രതികളെ ഹാജരാക്കിയ കണ്ണൂർ ജെ.എഫ്.സി.എം, പയ്യന്നൂർ കോടതികളിലെ മജിസ്ട്രേറ്റുമാർ അടക്കം ജീവനക്കാർ നിരീക്ഷണത്തിലാണ്. ചെറുകുന്ന് സ്വദേശിയായ 33കാരനും ചെറുപുഴ സ്വദേശിയായ 49കാരനുമാണ് കണ്ണൂർ സബ് ജയിലിൽ കഴിയവേ സമ്പർക്കം വഴി തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇവർക്ക് എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. തടവുകാർക്ക് വൈറസ് ബാധയുണ്ടായതോടെ മറ്റ് തടവുകാരും ജയിൽ അധികൃതരും ആശങ്കയിലാണ്. 20ൽ താഴെ തടവുകാർ മാത്രമാണ് ഇവിടെയുള്ളത്. സാമൂഹിക അകലം പാലിച്ചാണ് ജയിലിൽ തടവുകാരെ പാർപ്പിച്ചതെന്നാണ് വിവരം. കോവിഡ് ബാധിതരുടെ സമ്പർക്ക പട്ടിക തയാറാക്കുേമ്പാൾ ആവശ്യമാണെങ്കിൽ തടവുകാരെ ഉൾപ്പെടുത്തണമോ എന്ന കാര്യം പരിഗണിക്കുമെന്ന് ഡി.എം.ഒ നാരായണ നായ്ക് പറഞ്ഞു. വളപട്ടണം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥയെ അപകീർത്തിപ്പെടുത്തിയതിനെ തുടർന്നാണ് ചെറുകുന്ന് സ്വദേശിയെ കണ്ണപുരം പൊലീസ് മേയ് 23ന് അറസ്റ്റ് ചെയ്തത്. പ്രതിക്ക് കോവിഡ് റിപ്പോർട്ട് ചെയ്തതോടെ കണ്ണപുരം പൊലീസ് സ്റ്റേഷനിലെ സി.ഐ ശിവൻ ചോടോത്ത്, എസ്.ഐ ബിജു പ്രകാശ് എന്നിവരടക്കം 26 പൊലീസുകാർ നിരീക്ഷണത്തിലാണ്. നിർമാണ തൊഴിലാളിയായ ഇയാൾ നേരത്തെ പലരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം. ഒരുമാസം മുമ്പ് നടന്ന നായാട്ടുകേസിനെ തുടർന്നാണ് ചെറുപുഴ സ്വദേശി റിമാൻഡിലായത്. കോടതിയിൽ കീഴടങ്ങിയ ഇയാളെ ജയിലിലേക്ക് കൊണ്ടുപോയ ചെറുപുഴ സ്റ്റേഷനിലെ നാലു പൊലീസുകാർ നിരീക്ഷണത്തിലായി. നേരത്തെ പൊലീസ് തിരയുന്നതിനിടെ ഇയാൾ കാസർകോട് ഭാഗത്ത് ഒളിവിലായിരുന്നെന്ന് അറിയുന്നു. അങ്ങനെയാവാം കോവിഡ്് ബാധിച്ചതെന്ന് സംശയിക്കുന്നു. ഒളിവില്‍ കഴിയവേ ഇയാള്‍ പെരിങ്ങോത്തെ ഭാര്യവീട്ടിലും എത്തിയതായി സംശയിക്കുന്നുണ്ട്. ഇതോടെ ചെറുപുഴ, പെരിങ്ങോം ഭാഗങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മജിസ്ട്രേറ്റുമാരും പൊലീസുകാരും ജയിൽ അധികൃതരും തടവുകാരും കോവിഡ് ഭീതിയിലായത് ആശങ്കയോടെയാണ് ആരോഗ്യ വകുപ്പും ജില്ല ഭരണകൂടവും കാണുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.