ലോക്​ഡൗണിൽ നഗരസഭക്ക്​ 4.05 കോടി രൂപ വരുമാനനഷ്​ടം

കോഴിക്കോട്: കോവിഡ് പ്രതിരോധിക്കുന്നതിൻെറ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നഗരസഭക്ക് വൻ സാമ്പത്തിക ആഘാതം ഉണ്ടാക്കിയതായി പഠന റിപ്പോർട്ട്. സ്ഥായിയായി 4.05 കോടി രൂപ വരുമാന നഷ്ടം ഉണ്ടായതായാണ് നിഗമനം. നിയന്ത്രണത്തിൻെറ ആഘാതം കാരണം ഭാവിയിൽ 22.73 കോടി രൂപ നഷ്ടമുണ്ടാകും. ലോക്ഡൗണിൻെറ ആഘാതം പഠിക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥതല സമിതി വെള്ളിയാഴ്ച മേയർ തോട്ടത്തിൽ രവീന്ദ്രന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ. സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഇത്തരമൊരു റിപ്പോർട്ട്. റിപ്പോർട്ട് ഫിനാൻസ് കമ്മിറ്റി പരിശോധിച്ച് കൗൺസിൽ അംഗീകാരത്തിന് വിധേയമായി തുടർ നടപടികൾ സ്വീകരിക്കും. സാമ്പത്തിക ആഘാതത്തിൻെറ അളവും പരിഹാര മാർഗങ്ങളും അടങ്ങിയതാണ് റിപ്പോർട്ട്. നഗരസഭയിലെ വിവിധ വിഭാഗത്തിലെ മുതിർന്ന ആറ് ഉദ്യേഗസ്ഥർ അടങ്ങിയ സമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്. മറ്റ് പ്രധാന കണ്ടെത്തലുകൾ: - 2019-20 സാമ്പത്തിക വർഷത്തിൽ തനതു വരുമാനത്തിൽ 21ശതമാനം സാമ്പത്തിക വളർച്ചയുണ്ടായി. എന്നാൽ, റവന്യൂ ചെലവിൽ മൂന്ന് ശതമാനം വർധന മാത്രമേ ഉണ്ടായിട്ടുള്ളു. '18-19ൽ തനതു വരുമാനത്തിൽ 10 ശതമാനം വർധനവും 17 -18ൽ നാല് ശതമാനവും കുറവുമാണ്. -2019 മാർച്ച് 15 മുതൽ 31 വരെ കിട്ടിയ വരുമാനവും 2020 ലെ സമാന കാലയളവിലെ വരുമാനവും പരിശോധിക്കുമ്പോൾ 47800000 രൂപയുടെ കുറവ് സംഭവിച്ചിട്ടുണ്ട്. -2019 ഏപ്രിലിലും 2020 ഏപ്രിലിലും വരുമാനം പരിശോധിക്കുമ്പോൾ 18600000 രൂപയുടെ കുറവ് സംഭവിച്ചു. -2019 മാർച്ച് 31ലെ നീക്കിയിരിപ്പ് 17 കോടി രൂപ ആയിരുന്നു. എന്നാൽ, 2020 മാർച്ച് മാസത്തിലെ നീക്കിയിരിപ്പ് 14.6 കോടി രൂപയാണ്. -19 കോടി രൂപ ഇപ്പോൾ കിട്ടേണ്ടത് മറ്റൊരു കാലഘട്ടത്തിൽ മാറ്റിവെച്ചു. -സ്വകാര്യ നിക്ഷേപത്തിൽ 120 കോടി രൂപയുടെ കുറവുണ്ടാകാൻ സാധ്യതയുണ്ട്. -ബജറ്റിലെ പ്രഖ്യാപനങ്ങളിൽ ചിലത് നടപ്പിലാക്കാൻ കഴിയില്ല. -ചെലവു ചുരുക്കലിൻെറ ഭാഗമായി 306 ലക്ഷം രൂപ ലാഭിക്കാൻ വഴിയുണ്ട്. വരുമാനം പുതിയതായി കണ്ടെത്തുന്നതിന് 20 ശിപാർശകൾ, അതു വഴി 31.79 കോടി രൂപ കണ്ടെത്താം. നടപ്പ് വർഷം 21.68 കോടി രൂപയെങ്കിലും കണ്ടെത്താനാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.