ട്രഞ്ചിങ്​ ഗ്രൗണ്ടിൽ കക്കൂസ് മാലിന്യം തളളി; പ്രതിഷേധം

മട്ടന്നൂര്‍: നഗരസഭയുടെ കരിത്തൂര്‍ പറമ്പിലെ ട്രഞ്ചിങ് ഗ്രൗണ്ടില്‍ കക്കൂസ് മാലിന്യവും മലിനജലവും ടാങ്കര്‍ലോറിയില്‍ നിക്ഷേപിച്ചതിനെതിരെ വ്യാപക പ്രതിഷേധം. ശനിയാഴ്ച രാത്രി ഒമ്പതിനാണ് വാഹനമെത്തിയത്. നാട്ടുകാര്‍ തടയുകയായിരുന്നു. നഗരസഭ ചെയര്‍പേഴ്‌സൻ അനിതാവേണുവും മട്ടന്നൂര്‍ പൊലീസും സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച ചെയ്ത് കൊണ്ടുവന്ന മലിനജലം ഒഴുക്കിവിടാനും ഇനി കൊണ്ടുവരില്ലെന്നും ഉറപ്പ് നല്‍കുകയായിരുന്നു. നാട്ടുകാരുടെ നിര്‍ദേശം നഗരസഭക്ക് നല്‍കാമെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ ഇത് ഒരു വിഷയമാക്കേണ്ടെന്നും തദ്ദേശ സ്ഥാപനങ്ങള്‍ ചെയ്യുന്ന രീതി മാത്രമാണ് ഉണ്ടായതെന്നും നഗരസഭ ചെയര്‍പേഴ്‌സൻ അനിതാവേണു പറഞ്ഞു. മലിനജലം നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഏക്കര്‍കണക്കിന് സ്ഥലത്ത് വലിയ കുഴി കുഴിച്ച് ശാസ്ത്രീയമായി നശിപ്പിക്കാൻ നടപടി ക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്നും 400 മീറ്ററിനപ്പുറം മാത്രമാണ് ഈ പ്രദേശത്ത് വീടുകള്‍ ഉള്ളതെന്നും അവര്‍ പറഞ്ഞു. നാല് വര്‍ഷം മുമ്പ് കക്കൂസ് മലിനജലം ഒഴുക്കിയതുമായി ബന്ധപ്പെട്ട് പൊറോറയില്‍ വലിയ പ്രശ്‌നങ്ങളുണ്ടായിരുന്നു. നഗരസഭ ജീവനക്കാരനെ തടഞ്ഞുവെച്ച് മര്‍ദിച്ചതിനെത്തുടര്‍ന്ന് നഗരസഭയും ജീവനക്കാരനും കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് കഴിഞ്ഞ ഫെബ്രുവരിയിൽ ജീവനക്കാരന് ചികിത്സെചലവ് ഇനത്തില്‍ തുക കൈമാറി പിന്‍വലിച്ചത്. ട്രഞ്ചിങ് ഗ്രൗണ്ടില്‍ ഒഴുക്കിയ മലിനജലം മഴക്കാലത്ത് താഴ്വാരത്തില്‍ കിടക്കുന്ന നാലാങ്കേരിയിലെ ജനവാസ പ്രദേശേത്തക്ക് ഒഴുകി എത്തുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ കാലവര്‍ഷാരംഭത്തില്‍ പ്രദേശത്ത് മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും വ്യാപകമായിരുന്നു. ചില കിണറുകളില്‍ മഴക്കാലത്ത് മലിനജലം ഒലിച്ചെത്തുന്നതായും പരാതി ഉണ്ടായിരുന്നു. കിണര്‍ വെള്ളം പരിശോധിച്ചതില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് അധികരിച്ചത് കണ്ടെത്തിയിരുന്നു. കക്കൂസ് മാലിന്യവും മലിനജലവും തുറസ്സായ സ്ഥലത്തു കൊണ്ടുപോയി നിക്ഷേപിച്ചത് ക്രിമിനല്‍ കുറ്റമാണെന്നും ഇതിനെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജില്ല കലക്ടര്‍ക്കും പൊലീസ് അധികാരികള്‍ക്കും മട്ടന്നൂര്‍ നഗരസഭയിലെ കോണ്‍ഗ്രസ് നേതാക്കള്‍ നിവേദനം നല്‍കി. ജനങ്ങളെ ദ്രോഹിക്കുന്ന നടപടികളില്‍ നിന്ന് നഗരസഭ പിന്മാറണമെന്ന് നേതാക്കളായ ടി.വി. രവീന്ദ്രന്‍, എം. ദാമോദരന്‍, വി. കുഞ്ഞിരാമന്‍, എ.കെ. രാജേഷ്, കെ.വി. ജയചന്ദ്രന്‍ എന്നിവര്‍ പ്രസ്തവനയില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.