കരുതലിന് നന്ദിപറഞ്ഞ് അവര്‍ ചുരമിറങ്ങി

* അന്തർ സംസ്ഥാന തൊഴിലാളികളെ യാത്രയാക്കി വയനാടും കൽപറ്റ: കരുതലുകള്‍ക്ക് നന്ദി പറഞ്ഞ് ജില്ലയിലെ അന്തർസംസ്ഥാന തൊഴിലാളികളുടെ ആദ്യസംഘം ചുരമിറങ്ങി. കൽപറ്റയിൽനിന്ന് കേരള ആർ.ടി.സിയുടെ ബസിൽ യാത്രതിരിച്ച സംഘം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് ട്രെയിനിൽ നാട്ടിലേക്ക് മടങ്ങി. ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍ സ്വദേശികളായ 802 പേരാണ് സ്വദേശത്തേക്ക് മടങ്ങിയത്. ഝാര്‍ഖണ്ഡ് സ്വദേശികളായ 492 പേരും രാജസ്ഥാൻ സ്വദേശികളായ 310 പേരുമാണ് സംഘത്തിലുള്ളത്. ബുധനാഴ്ച വൈകീട്ട് നാലിന് രാജസ്ഥാനിലേക്കും രാത്രി എട്ടിന് ഝാര്‍ഖണ്ഡിലേക്കും പോയ പ്രത്യേക ട്രെയിനുകളിലാണ് സംഘം മടങ്ങിയത്. ''ജോലിയില്ലാതെ ഇത്രനാള്‍ കഴിഞ്ഞിട്ടും വിശപ്പ് എന്താണെന്ന് ഞങ്ങള്‍ക്ക് അറിയേണ്ടി വന്നിട്ടില്ല. ഭക്ഷണവും സുരക്ഷയും ഒരുക്കി ഭരണകൂടവും നിങ്ങളും ഞങ്ങള്‍ക്കൊപ്പം നിന്നു. എല്ലാറ്റിനും നന്ദിയുണ്ട്, ഞങ്ങള്‍ തിരിച്ചുവരും'' -രാജസ്ഥാന്‍ സ്വദേശി ദേവിലാല്‍ പറഞ്ഞുനിര്‍ത്തിയപ്പോള്‍ കൈയടികളോടെയാണ് ആ വാക്കുകള്‍ മറ്റു തൊഴിലാളികളും ഏറ്റെടുത്തത്. കല്‍പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍നിന്നു ജില്ല ഭരണകൂടം പ്രത്യേകം ഏര്‍പ്പെടുത്തിയ 33 ബസുകളിലാണ് ഇവരെ റെയില്‍വേ സ്റ്റേഷനിലെത്തിച്ചത്. ഓരോരുത്തകര്‍ക്കും മൂന്നുനേരം കഴിക്കാനുള്ള ചപ്പാത്തിയും കറിയും വാഴപ്പഴവും കുടിവെള്ളവും അടങ്ങിയ ഭക്ഷണക്കിറ്റും കുടുംബശ്രീയുടെ സഹായത്തോടെ സൗജന്യമായി ഏര്‍പ്പാടാക്കിയിരുന്നു. ജില്ലയില്‍നിന്നു സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചവരുടെ പട്ടിക തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ നേരത്തേ തയാറാക്കിയിരുന്നു. നോഡല്‍ ഓഫിസറും ജില്ല പഞ്ചായത്ത് സെക്രട്ടറിയുമായ പി.എം. ഷൈജുവിൻെറയും ലേബര്‍ ഓഫിസര്‍ കെ. സുരേഷിൻെറയും നേതൃത്വത്തിലാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. യാത്രക്കു മുന്നോടിയായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍നിന്നു ആരോഗ്യ പരിശോധന നടത്തി തൊഴിലാളികള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും നല്‍കി. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, കലക്ടര്‍ ഡോ. അദീല അബ്ദുല്ല, ജില്ല പൊലീസ് മേധാവി ആര്‍. ഇളങ്കോ, എ.ഡി.എം തങ്കച്ചന്‍ ആൻറണി തുടങ്ങിയവർ യാത്രയാക്കാനെത്തി. അന്തർസംസ്ഥാന തൊഴിലാളികളുടെ സേവനങ്ങള്‍ സ്മരിച്ച് എഴുതിയ സ്വന്തം കവിത എ.എസ്.പി പദംസിങ് യാത്രയയപ്പ് വേളയില്‍ ആലപിച്ചു. WEDWDL8 ഭായ് ഭായ്...ജില്ലയിൽനിന്ന് രാജസ്ഥാനിലേക്ക് മടങ്ങുന്ന അന്തർസംസ്ഥാന തൊഴിലാളികളുടെ മക്കളായ കനയ്യയും ഖാനയും പരസ്പരം കൈകൊടുക്കുന്നു. ചിത്രം പകർത്തിയത് അനിൽ എം. ബഷീർ WEDWDL9, WEDWDL10, WEDWDL11 നാട്ടിലേക്ക് മടങ്ങുന്ന രാജസ്ഥാൻ, ഝാർഖണ്ഡ് എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികൾ ..................... തദ്ദേശ സ്ഥാപനതല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കൽപറ്റ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷരുടെയും പ്രതിപക്ഷ പ്രതിനിധികളുടെയും യോഗം കലക്ടറേറ്റിൽ ചേര്‍ന്നു. നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ നടന്ന യോഗത്തില്‍ അതത് എം.എല്‍.എമാരുടെ അധ്യക്ഷതയിലാണ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്. അയല്‍ സംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നും എത്തുന്നവര്‍ക്ക് നിരീക്ഷണമൊരുക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രയാസങ്ങള്‍ നേരിടുമ്പോള്‍ തൊട്ടടുത്ത പഞ്ചായത്തുകളിലെ സൗകര്യങ്ങളും ഉപയോഗപ്പെടുത്താമെന്ന് കലക്ടര്‍ ഡോ. അദീല അബ്ദുല്ല വ്യക്തമാക്കി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുകളില്‍ നടത്തുന്ന കാര്‍ഷിക വികസന പദ്ധതികളും യോഗത്തില്‍ വിലയിരുത്തി. ആദിവാസി കോളനികളില്‍ മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും കോളനികളിലെ ചോര്‍ച്ചയുള്ള വീടുകള്‍ക്ക് പ്ലാസ്റ്റിക് ഷീറ്റ് വാങ്ങി നല്‍കുന്നതിന് ട്രൈബല്‍ വകുപ്പിൻെറ കോര്‍പസ് ഫണ്ട് ഉപയോഗിക്കാനും യോഗത്തില്‍ തീരുമാനമായി. എം.എല്‍.എമാരായ സി.കെ. ശശീന്ദ്രന്‍, ഒ.ആര്‍. കേളു, ഐ.സി. ബാലകൃഷ്ണന്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നസീമ, എ.ഡി.എ ബെന്നി ജോസഫ് തുടങ്ങിയവർ ‍‍യോഗത്തിൽ പങ്കെടുത്തു. മാസ്‌ക് നിലവാരമില്ലെങ്കിൽ നടപടി കൽപറ്റ: സുരക്ഷിതമല്ലാത്ത മാസ്‌കുകളുടെ വില്‍പന ജില്ലയില്‍ അനുവദിക്കില്ലെന്ന് കലക്ടര്‍ അറിയിച്ചു. ഗുണനിലവാരമില്ലാത്ത മാസ്‌കുകള്‍ റോഡരികിലും കടകളിലും വില്‍ക്കുന്നതായും മുഖത്ത് െവച്ചുനോക്കി മാറ്റിയെടുക്കുന്നതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇങ്ങനെ വില്‍പന നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കും. ................ ക്വാറൻറീൻ വേണ്ട കൽപറ്റ: മറ്റു സംസ്ഥാനങ്ങളില്‍നിന്ന് തിരിച്ചെത്തുന്നവരെ കൊണ്ടുവരാന്‍ പോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍ക്ക് രോഗ ലക്ഷണമില്ലെങ്കില്‍ ക്വാറൻറീൻ വേണ്ടതില്ല. യാത്രവേളയില്‍ മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഏതെങ്കിലും വിധത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നപക്ഷം തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തില്‍ പരിശോധന നടത്തേണ്ടതാണ്. ................... ഡ്രൈവര്‍ മാത്രമേ പാടുള്ളൂ ഇതരസംസ്ഥാനങ്ങളില്‍നിന്ന് ട്രെയിനില്‍ തിരിച്ചെത്തുന്നവരെ കൊണ്ടുപോകുന്നതിനുള്ള വാഹനത്തില്‍ ഡ്രൈവര്‍ മാത്രമേ പാടുള്ളൂ. റെയില്‍വേ സ്റ്റേഷനുകളില്‍നിന്നും വിവിധ സ്ഥലങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തുന്നതിനും നടപടിയായിട്ടുണ്ട്. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ പാസിന് അപേക്ഷിക്കാതെ വരുന്ന യാത്രക്കാര്‍ 14 ദിവസം നിര്‍ബന്ധിത ക്വാറൻറീനില്‍ കഴിയേണ്ടിവരും. ................... ബാങ്കുകള്‍, ട്രഷറികള്‍, പോസ്റ്റ് ഓഫിസുകള്‍ തുറന്ന് പ്രവര്‍ത്തിക്കാം കൽപറ്റ: കോവിഡ് രോഗവ്യാപനം തടയുന്നതിനായി കണ്ടെയ്ൻമൻെറ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ ബാങ്കുകള്‍, ട്രഷറികള്‍, പോസ്റ്റ് ഓഫിസുകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കാം. ജീവനക്കാരുടെ എണ്ണം, സാമൂഹിക അകലം, മാസ്‌ക്, ശുചീകരണം, സാനിറ്റൈസര്‍ എന്നിവ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിച്ചായിരിക്കണം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതെന്ന് കലക്ടര്‍ അറിയിച്ചു. .............. വൈദ്യുതി മുടങ്ങും കാട്ടിക്കുളം: സെക്ഷനിലെ പനവല്ലി എമ്മടി, കരമാട്, അപ്പപ്പാറ, ദമ്പട്ട, അരണപ്പാറ, പാര്‍സി, നരിക്കല്‍, തോല്‍പെട്ടി, പോത്തുമൂല, തിരുനെല്ലി എന്നിവിടങ്ങളില്‍ വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ 5.30 വരെയും മാനന്തവാടി ടൗണ്‍ പ്രദേശത്ത് രാവിലെ ഒമ്പതുമുതല്‍ വൈകീട്ടു അഞ്ചുവരെയും വൈദ്യുതി മുടങ്ങും. പനമരം: കരിമ്പുമ്മല്‍, പടിക്കംവയല്‍, ചുണ്ടക്കുന്ന്, കൃഷ്ണമൂല, മൂലവയല്‍ എന്നിവിടങ്ങളില്‍ വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ എട്ടുമുതല്‍ വൈകീട്ടു ആറുവരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ: കല്ലങ്കാരി, ചെന്നലോട്, മൊയ്തൂട്ടിപടി, ലൂയിസ് മൗണ്ട്, കാപ്പുവയല്‍, ബി.എസ്.എന്‍.എല്‍, കാവുമന്ദം, കോട്ടക്കുന്ന്, താഴെയിടം, ശാന്തിനഗര്‍ എന്നിവിടങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ടു അഞ്ചുവരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.