അമ്മത്തണലിൽ പഠനം ഓൺലൈനിൽ

പേരാമ്പ്ര: ബി.ആർ.സി പരിധിയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഓൺലൈൻ പഠനപരിപാടി ആരംഭിച്ചു. സ്ഥിരമായി ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം കിട്ടുന്ന 26കുട്ടികളും ശനിയാഴ്ചകളിൽ പരിഹാര ബോധന ക്ലാസുകളിൽ പങ്കെടുക്കുന്ന 150ൽപരം കുട്ടികളുമാണ് പരിപാടിയിൽ സംബന്ധിക്കുന്നത്. കോവിഡ്, ലോക്ഡൗൺ പശ്ചാത്തലത്തിൽ ഇവ രണ്ടും മുടങ്ങിക്കിടക്കുകയായിരുന്നു. എന്നാൽ, ഈ കുട്ടികൾക്കും പഠനസഹായമെത്തിക്കേണ്ടത് അത്യാവശ്യമായതിനാലാണ് അമ്മത്തണലിൽ മധുരപഠനം എന്ന ഓൺലൈൻ പഠനപദ്ധതി തുടങ്ങിയതെന്ന് ഐ.ഇ.ഡി.സി കോഒാഡിനേറ്റർ ജി. രവി അറിയിച്ചു. ചൊവ്വാഴ്ച കാലത്ത് 11 മണിക്ക് പദ്ധതി എസ്.എസ്.കെ സംസ്ഥാന പ്രോഗ്രാം ഓഫിസർ എസ്.വൈ. ഷൂജ ഉദ്ഘാടനം ചെയ്തു. ജില്ല പ്രോജക്ട് കോഓഡിനേറ്റർ ഡോ.എ.കെ. അബ്ദുൽ ഹക്കീം ആശംസ സന്ദേശം നൽകി. ബ്ലോക്ക് പ്രോജക്ട് കോഒാഡിനേറ്റർ വി.പി. നിത സ്വാഗതവും ടി.യു. റാഷിദ നന്ദിയും പറഞ്ഞു. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഓൺലൈനിൽ ഒന്നിച്ചിരുന്നുകൊണ്ടാണ് പരിപാടി നടത്തിയത്. ഒരു ടീച്ചർക്ക് ആറു മുതൽ 10 കുട്ടികളുടെവരെ ചുമതലയാണുള്ളത്. ഇങ്ങനെ 15 അധ്യാപകർ കുട്ടികൾക്കാവശ്യമായ പിന്തുണ ഓൺലൈനായി നൽകും. രാത്രി എട്ടു മുതൽ ഒമ്പതുവരെ പൊതു ഗ്രൂപ്പിൽ മികച്ച രചനകളും അധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭിപ്രായങ്ങളും പങ്കുവെക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.