കളിക്കളത്തിൽ ഇടവേള; കാപ്റ്റൻ റോഡിലുണ്ട്

ശ്രീകണ്ഠപുരം: കേരള പൊലീസ് ബാസ്ക്കറ്റ് ബാൾ വനിത ടീം ക്യാപ്റ്റൻ സൂര്യ രാജു ഇവിടെ റോഡിലുണ്ട്. ലോക്ഡൗണിൽ കണ്ണൂർ ശ്രീകണ്ഠപുരം പൊലീസിനൊപ്പം വാഹന പരിശോധനയിലാണ് താരം. കായിക താരമാണ് പൊലീസായി വന്ന് വാഹന പരിശോധന നടത്തുന്നതെന്ന കാര്യം പലർക്കും അറിയില്ല. ഒരു വർഷമായി പൊലീസ് ടീമിനെ നയിച്ച് തകർപ്പൻ പ്രകടനം കാഴ്ചവച്ച സൂര്യയെ ലോക് ഡൗണിനെത്തുടർന്നാണ് സ്വന്തം നാട്ടിലേക്ക് ജോലിക്ക് നിയോഗിച്ചത്. എട്ടുവർഷമായി സേനയിലെത്തിയിട്ടെങ്കിലും ആദ്യമായാണ് ഇത്തരം ഡ്യൂട്ടി ചെയ്യുന്നതെന്ന് സൂര്യ 'മാധ്യമ'ത്തോട് പറഞ്ഞു. പല തവണ ജൂനിയർ, സീനിയർ ബാസ്ക്കറ്റ് ബാൾ മത്സരങ്ങളിലും ദേശീയ മത്സരങ്ങളിലും സർവകലാശാലാ മത്സരങ്ങളിലുമെല്ലാം മികവുകാട്ടി മെഡൽ കൊയ്ത്ത് നടത്തിയ താരമാണ് സൂര്യ. ചന്ദനക്കാംപാറ ചെറുപുഷ്പം ഹൈസ്കൂളിലും തലശ്ശേരി സായിയിലുമായാണ് സൂര്യ ബാസ്ക്കറ്റ് ബാൾ പരിശീലനം നേടിയത്. ലോക്ഡൗണിനു ശേഷം തിരുവനന്തപുരം പൊലീസ് ക്യാമ്പിലെ സെൻട്രൽ സ്പോട്സ് ടീമിലേക്ക് തിരിച്ചു പോകണം. ശ്രീകണ്ഠപുരം കോട്ടൂരിലെ സൂര്യ ലൈറ്റ് സൗണ്ട് ഉടമ രാജുവിൻെറയും ആദ്യകാല ഷോട്ട്പുട്ട് താരം സുശീലയുടെയും മകളാണ്. വോളി താരം സുരാജും സുജിത്തുമാണ് സഹോദരങ്ങൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.