നഗരസഭ പരിധിയിൽ 12,098 അന്തർ സംസ്​ഥാന തൊഴിലാളികൾ

കോഴിക്കോട്: നഗരസഭ പരിധിയിൽ ലോക്ഡൗൺ കാലത്ത് 12,098 അന്തർ സംസ്ഥാന തൊഴിലാളികൾ 1,225 ക്യാമ്പുകളിലായി താമസിക്കുന്നതായാണ് കണക്ക്. ഇതിൽ ചെറിയ ശതമാനം മാത്രമാണ് ശനിയാഴ്ച തിരിച്ച് പോയത്. ലോക്ഡൗൺ വന്നതു കാരണം അന്തർ സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണധാന്യങ്ങൾ എത്തിക്കുന്നതിനായി നഗരസഭ എടുത്ത കണക്കുപ്രകാരമാണിത്. ലോക്ഡൗണിനു മുമ്പ് നിരവധി പേർ സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോയിട്ടുണ്ടെന്നും അത്തരത്തിൽ കണക്കാക്കുന്നപക്ഷം 16,000ത്തോളം പേർ നഗരസഭ പരിധിയിൽ ഉണ്ടായിരുന്നുവെന്നുമാണ് കണക്കാക്കുന്നത്. നഗരസഭ പരിധിയിലുള്ള അന്തർസംസ്ഥാന തൊഴിലാളികളിൽ 3,790 പേർ ബംഗാളിൽനിന്നും 1,241പേർ ഒഡിഷയിൽനിന്നും 1,021 പേർ ഉത്തർപ്രദേശിൽനിന്നുമുള്ളവരാണ്. മറ്റുള്ളവർ ബിഹാർ, അസം, തമിഴ്നാട്, ഝാർഖണ്ഡ് എന്നിവിടങ്ങളിൽനിന്നുമാണ്. കൂടാതെ മറ്റു 10 സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമുണ്ട്. നേപ്പാളിൽനിന്നുള്ള ഏഴു പേരും ഇതിലുൾപ്പെടുന്നു. ഇതിൽ 404പേർ സ്ത്രീകളും 74 പേർ 60 വയസ്സിനു മുകളിലുള്ളവരും 271പേർ 14 വയസ്സിനു താഴെയുള്ളവരും 53 പേർ അഞ്ചു വയസ്സിനു താഴെയുള്ളവരുമാണ് നഗരസഭയിലെ വലിയങ്ങാടി വാർഡിലാണ് (61) ഏറ്റവും കൂടുതൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. 80 ക്യാമ്പുകളിലായി 1,120 പേർ ഇവിടെ താമസിക്കുന്നു. ഇതുകൂടാതെ പൂളക്കടവ് വാർഡിൽ (11) 679 പേർ താമസിക്കുന്നു. എന്നാൽ, പുഞ്ചപ്പാടം വാർഡിൽ (51), ചക്കോരത്തുകുളം വാർഡ് (68) എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ് അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നത്. വാർഡിൽ 10 അന്തർ സംസ്ഥാന തൊഴിലാളികൾ മാത്രമേ താമസിക്കുന്നുള്ളൂ. നിലവിൽ 64,360 കിലോ അരി, 35,500 കിലോ ആട്ട, 23,414 കിലോ സവാള, 24,000 കിലോ കിഴങ്ങ്, പലവ്യഞ്ജനങ്ങൾ, പച്ചക്കറി എന്നിവ വിതരണം ചെയ്തിട്ടുണ്ട്. ഇതുവരെ 56.53 ലക്ഷം രൂപ ഇതിനായി നഗരസഭ ചെലവഴിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.