സ്ത്രീ ശാക്തീകരണത്തിന് കർമപദ്ധതിയുമായി പെരുവയലില്‍ മഹിളാപഥം

പെരുവയൽ: പുതുവത്സര ദിനത്തില്‍ പെരുവയല്‍ പഞ്ചായത്ത് ഭരണസമിതി സംഘടിപ്പിച്ച മഹിളാപഥം സ്ത്രീ ശാക്തീകരണത്തിനുള്ള വേറിട്ട കൂട്ടായ്മയായി. സ്ത്രീസമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്ത സംഗമം ചൂഷണങ്ങളുടെ നവമുഖങ്ങളെക്കുറിച്ചുള്ള ജാഗ്രത നിർദേശമായി. പഞ്ചായത്തിലെ സ്ത്രീകളുടെ അവസ്ഥ പരിശോധിക്കുന്നതിന് പ്രത്യേക സർ‍വേ നടത്താനും പെൺകുട്ടികള്‍ക്കായി സ്ഥിരം കൗൺസലിങ് സംവിധാനം ഒരുക്കാനും തീരുമാനിച്ചു. നവമാധ്യമങ്ങളുടെ ചതിക്കുഴികളെ കുറിച്ച് സ്ത്രീകള്‍ക്കിടയില്‍ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. 'കരുത്തുറ്റ സ്ത്രീത്വം, മികവുറ്റ സമൂഹം'എന്ന പ്രമേയത്തിൽ നടന്ന സംഗമം മുൻമന്ത്രി എം.ടി. പത്മ ഉദ്ഘാടനം ചെയ്തു. വനിതാമതില്‍ ദിവസം പഞ്ചായത്ത് ഭരണസമിതി വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന പരിപാടിക്കെതിരെ സി.പി.എം രംഗത്തെത്തിയിരുന്നു. വനിതാ മതിലിനെതിരെ ഭരണസമിതി പ്രമേയവും പാസാക്കിയിരുന്നു. പഞ്ചായത്ത് പ്രസിഡൻറ് വൈ.വി. ശാന്ത അധ്യക്ഷത വഹിച്ചു. മുന്‍ വനിത കമീഷന്‍‍ അംഗം നൂര്‍ബിന റഷീദ് വിഷയമവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കുന്നുമ്മല്‍ ജുമൈല, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ സുബിത തോട്ടാഞ്ചേരി, സഫിയ മാക്കിനിയാട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.കെ. റംല, മുന്‍ പഞ്ചായത്ത് പ്രസിഡൻറ് പി. അസ്മാബി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.